- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
റംസിയുടെ മാതാപിതാക്കളുടെ വിവാഹ സർട്ടിഫിക്കറ്റ് തിരുത്തി വ്യാജ നിർമ്മിതി; 2017ൽ കൊടുത്തിരുന്ന സർട്ടിഫിക്കറ്റിന്റെ രൂപവും ഇങ്ങനെയല്ലെന്നത് തട്ടിപ്പ് പുറത്താക്കി; സർട്ടിഫിക്കറ്റിലെ ട്രഷറർ താജുദീൻ 2012 വരെയെ ഉണ്ടായിരുന്നുള്ളൂവെന്നും നിർണ്ണായകമായി; ഹാരിഷിന്റെ മേൽവിലാസമായി കൊടുത്തിരിക്കുന്നത് റംസിയുടെ പിതാവിന്റെ കുടുംബ വീടിന്റേത്; റംസിയുടെ അബോർഷന് പിന്നിലെ വ്യാജ വിവാഹ സർട്ടിഫിക്കറ്റ് മറുനാടന്; ലക്ഷ്മി പ്രമോദിന്റെ തന്ത്രം പൊളിച്ച് കൊല്ലൂർവിള മുസ്ലിം ജമാഅത്തിന്റെ പരാതി
കൊല്ലം: വിവാഹത്തിൽ നിന്നും വരനായ കാമുകൻ പിന്മാറിയതിനെ തുടർന്ന് ആത്മഹത്യ ചെയ്ത കൊട്ടിയം സ്വദേശിനി റംസി(24)യെ ഗർഭച്ഛിദ്രം നടത്താനായി തയ്യാറാക്കിയ വ്യാജ വിവാഹ സർട്ടിഫിക്കറ്റ് റംസിയുടെ മാതാപിതാക്കളുടേതെന്ന് സ്ഥിരീകരണം. കൊല്ലൂർവിള മുസ്ലിം ജമാ അത്ത് ഭാരവാഹികളാണ് വ്യാജ സർട്ടിഫിക്കറ്റാണെന്ന തെളിവുമായി പൊലീസിനെ സമീപിച്ചത്. റംസിയുടെ മാതാപിതാക്കളുടെ വിവാഹ സർട്ടിഫിക്കറ്റിലെ പേരുവിവരങ്ങളും തീയതിയും തിരുത്തിയാണ് സർട്ടിഫിക്കറ്റ് നിർമ്മിച്ചിരിക്കുന്നതെന്നാണ് ജമാഅത്ത് അംഗങ്ങൾ പറയുന്നത്.
2017 ൽ നൽകിയിരിക്കുന്ന വിവാഹ സർട്ടിഫിക്കറ്റിൽ 2016 ഫെബ്രുവരി 14 ന് വിവാഹം നടന്നു എന്നാണ് രേഖപ്പെടുത്തിയരിക്കുന്നത്. എന്നാൽ അങ്ങനെ ഒരു തീയതിയിൽ വിവാഹം നടന്നിട്ടില്ല എന്നാണ് ഭാരവാഹികൾ പൊലീസിന് മുന്നിൽ വ്യക്തമാക്കിയിരിക്കുന്നത്. 1995 ഫെബ്രുവരിയിൽ റംസിയുടെ മാതാപിതാക്കളുടെ വിവാഹം നടന്നിരുന്നു. 2010 ലാണ് ഇവരുടെ വിവാഹ സർട്ടിഫിക്കറ്റ് കൊടുത്തത്. ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് വ്യാജമായി റംസിയും ഹാരിഷും തമ്മിലുള്ള വിവാഹം നടന്നതെന്ന രേഖയുണ്ടാക്കിയിരിക്കുന്നത്.
2017ൽ കൊടുത്തിരുന്ന സർട്ടിഫിക്കറ്റിന്റെ രൂപവും ഇങ്ങനെയല്ല. കൂടാതെ സർട്ടിഫിക്കറ്റിൽ പറയുന്ന ട്രഷറർ താജുദീൻ 2012 വരെയെ ഉണ്ടായിരുന്നുള്ളൂ. 2017 ൽ ഇ.എം അൻസാരിയാണ് ട്രഷറർ. കൂടാതെ ഹാരിഷിന്റെ മേൽവിലാസം കൊടുത്തിരിക്കുന്നത് റംസിയുടെ പിതാവിന്റെ കുടുംബ വീടിന്റേതുമാണ്. ഇത്തരത്തിൽ എല്ലാ വിവരങ്ങളും പൊലീസിന് കൈമാറുകയും വ്യാജ രേഖ ചമച്ചതിന് ഹാരിഷിനെതിരെ പരാതി നൽകുകയും ചെയ്തു. ഈ സർട്ടിഫിക്കറ്റിന്റെ ബുദ്ധിക്ക് പിന്നിൽ സീരിയൽ നടിയായ ലക്ഷ്മി പ്രമോദാണെന്നാണ് സൂചന. ലക്ഷ്മിയുടെ ഭർത്താവിന്റെ സഹോദരനാണ് ഹാരീഷ്.
വ്യാഴാഴ്ച ഉച്ചയോടെയാണ് കൊട്ടിയം കൊട്ടുംപുറം പള്ളിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന ഇരവിപുരം വാളത്തുംഗൽ വാഴക്കൂട്ടത്തിൽ പടിഞ്ഞാറ്റതിൽ റഹീമിന്റെ മകൾ റംസി(24) വീടിനുള്ളിൽ തൂങ്ങി മരിച്ചത്. പള്ളിമുക്ക് സ്വദേശിയും സീരിയൽതാരം ലക്ഷ്മിപ്രമോദിന്റെ ഭർതൃ സഹോദരനുമായ ഹാരിഷ് മുഹമ്മദാണ് വിവാഹത്തിൽ നിന്നും പിന്മാറിയത്. ഇതിന്റെ മനോവിഷമത്തിലാണ് റംസി ആത്മഹത്യ ചെയ്തത്. കഴിഞ്ഞ 10 വർഷമായി റംസിയും ഹാരിഷും പ്രണയത്തിലായിരുന്നു. തുടർന്ന് വീട്ടുകാർ വളയിടീൽ ചടങ്ങും നടത്തിയിരുന്നു. ഇതിന് തൊട്ടു പിന്നാലെയായിരുന്നു ഹാരിഷ് വിവാഹത്തിൽ നിന്നും പിന്മാറിയത്. മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ പോകുന്നു എന്നാണ് ഇയാൾ കാരണം പറഞ്ഞത്.
ഹാരിസുമായുള്ള റംസിയുടെ വിവാഹം ഉറപ്പിച്ചിരുന്നതായി വീട്ടുകാർ പൊലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു. വളയിടീൽ ചടങ്ങുകളും സാമ്പത്തിക ഇടപാടുകളും നടന്നതിനു ശേഷം ഹാരിസ് വിവാഹത്തിൽ നിന്ന് പിന്മാറിയത് റംസിയയെ വല്ലാതെ വിഷമിപ്പിച്ചിരുന്നതായി വീട്ടുകാർ പറയുന്നു. പലപ്പോഴായി റംസിയയുടെ കുടുംബത്തിൽ നിന്ന് ഇയാൾ അഞ്ച് ലക്ഷത്തോളം രൂപ കൈപറ്റിയിരുന്നതായും അടുത്തിടെ മറ്റൊരു വിവാഹത്തിനു തയ്യാറെടുത്തിരുന്നതായും റംസിയുടെ വീട്ടുകാർ ആരോപിക്കുന്നു. പ്രമുഖ സീരിയൽ നടിയുടെ ഭർതൃ സഹോദരനാണ് ഹാരിസ്.
റംസി മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഹാരിസിന്റെ അമ്മയുമായി നടത്തിയ ടെലിഫോൺ സംഭാഷണം സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു. ഹാരിസിനൊപ്പം ജീവിക്കാൻ പറ്റിയില്ലെങ്കിൽ ഞാൻ പോകുമെന്ന് റംസി പറയുന്നത് സംഭാഷണങ്ങളിൽ വ്യക്തമായിരുന്നു. റംസിയുടെ ആത്മഹത്യുമായി ബന്ധപ്പെട്ട് കൊല്ലം സിറ്റി പൊലീസ് കമ്മീഷ്ണറുടെ നിർദ്ദേശപ്രകാരം കൊട്ടിയം കണ്ണനല്ലൂർ സിഐമാർ ഉൾപ്പെട്ട പ്രത്യേക സംഘത്തെ ചാത്തന്നൂർ എസിപി നിയോഗിച്ചു. ഒൻപതംഗ സംഘത്തിൽ രണ്ടു വനിതാ ഉദ്യോഗസ്ഥരും സൈബർ വിദഗ്ധരുമുണ്ട്. കോടതി റിമാൻഡ് ചെയ്ത പ്രതിയെ കസ്റ്റഡിയിൽ വിട്ടു കിട്ടുന്നതിനു പൊലീസ് അപേക്ഷ നൽകിയിരിക്കുകയാണ്.
ഇന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം പ്രതിക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നാണ് വിവരം. കസ്റ്റഡിയിലെടുത്ത ശേഷം പെൺകുട്ടിയുമായി ഹാരിഷ് പോയ സ്ഥലങ്ങളിലെല്ലാം തെളിവെടുപ്പ് നടത്തും.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.