- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂനമർദ്ദത്തിന്റെ ശക്തി കുറഞ്ഞുവെന്ന് വിലയിരുത്തൽ; പത്തനംതിട്ടയിലും കോട്ടയത്തും ഇടുക്കിയിലും തീവ്ര മഴയുടെ സാധ്യതാ മുന്നറിയിപ്പ് തുടരുന്നു; ഇനി കരുതേണ്ടത് ഒറ്റപ്പെട്ട മഴയെ; രക്ഷാപ്രവർത്തനത്തിന് സൈന്യവും സജീവം; അതിതീവ്ര മഴ മാറിയെന്ന് പ്രവചനം
കോട്ടയം: തെക്കൻ ജില്ലകളിൽ അതിതീവ്ര മഴയിലും മലവെള്ളപ്പാച്ചിലിലും ഉരുൾപ്പൊട്ടലിലും ദുരിതത്തിൽ പെട്ടവർക്കായുള്ള രക്ഷാ പ്രവർത്തനം തുടരുന്നു. ഇതിനിടെ കേരള തീരത്തുള്ള ന്യൂനമർദത്തിന്റെ ശക്തി കുറഞ്ഞുവരികയാണെന്നത് ആശ്വാസം പകരുന്നുണ്ട്. അതേസമയം അടുത്ത് മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇത് ചെറിയൊരു ആശ്വാസമാണ്.
പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ അതിശക്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. തിരുവനന്തപുരത്തിന്റെ കിഴക്കൻ മേഖലയിൽ മഴ തുടരുന്നു. നഗരത്തിൽ ഇടവിട്ട് മഴയാണ്. വടക്കൻ ജില്ലകളിൽ ആശ്വാസമാണ്. കോഴിക്കോട് മഴയുടെ ശക്തി കുറഞ്ഞു. താമരശ്ശേരി ചുരത്തിലെ ഗതാഗത തടസം പരിഹരിച്ചു. ആലപ്പുഴയിൽ രാത്രിയിലും ഇടവിട്ട് ശക്തമായ മഴയാണ്. ചെങ്ങന്നൂരിലെ മുളക്കുഴ, ഇടനാട് മേഖലകളിൽ വീടുകളിൽ വെള്ളം കയറി. കുട്ടനാട്ടിലെയും അപ്പർ കുട്ടനാട്ടിലെയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുന്നു. തിരുവനന്തപുരത്തിന്റെ കിഴക്കൻ മേഖലയിൽ മഴ തുടരുന്നു. അതിശക്തമായ മഴ പെയ്തില്ലെങ്കിൽ തിരുവനന്തപുരത്ത് വലിയ നാശനഷ്ടം ഉണ്ടാകില്ലെന്നാണ് വിലയിരുത്തൽ.
കാലാവസ്ഥയിൽ വലിയ മാറ്റങ്ങൾ ഉണ്ടായില്ലെങ്കിൽ രക്ഷാ പ്രവർത്തനം ഊർജ്ജിതമാക്കാൻ കഴിയും. ദുരിതം ഏറെ ബാധിച്ച കോട്ടയം ജില്ലയിൽ ഇന്ന് മഴയ്ക്ക് കുറവുണ്ട്. മീനച്ചിൽ, മണിമലയാറുകളിൽ ജലനിരപ്പ് താഴ്ന്ന് വരുന്നുണ്ട് കോട്ടയം കൂട്ടിക്കലിൽ നിന്ന് ഇന്ന് രാവിലെ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഇളംകോട് സ്വദേശിയായ ഷാലറ്റ് (29) എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ ഇവിടെ നിന്ന് മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. എന്നാൽ ഇന്ന് കണ്ടെടുത്ത ഷാലറ്റിന്റെ മൃതദേഹം കൂട്ടിക്കലിൽ കാണാതായതായി റിപ്പോർട്ട് ചെയ്തവരിൽ ഉൾപ്പെട്ടതല്ല.
ഇതിനിടെ മല്ലപ്പള്ളി ടൗണിൽ രാത്രി വെള്ളം ഇരച്ചുകയറി. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലും വെള്ളക്കെട്ട് രൂപപ്പെട്ടു. എക്സൈസ് റേഞ്ച് ഓഫീസിന്റെ മതിലിടിഞ്ഞു. വാഹനങ്ങൾ മുങ്ങുകയും ചെയ്തു. കടകളിലും വീടുകളിലും വെള്ളം കയറി. കോട്ടയം കൂട്ടിക്കലിലും ഇടുക്കി കൊക്കയാറിലും ഉരുൾപൊട്ടി ഇന്നലെ 14 പേരെയാണ് കാണാതായിരുന്നത്. കാണതായവർക്കായി തിരച്ചിൽ തുടരുകയാണ്. കാർ ഒഴുക്കിൽപ്പട്ട് രണ്ടു പേരും ശനിയാഴ്ച മരിച്ചിരുന്നു.
രക്ഷാപ്രവർത്തനത്തിനായി കൂട്ടിക്കലിലേക്ക് നാവികസേനയും എത്തി. ദുരന്തമേഖലയിൽ കുടുങ്ങി കിടക്കുന്നവർക്ക് ഭക്ഷണപൊതികൾ എത്തിക്കുകയും രക്ഷാപ്രവർത്തനത്തിൽ പങ്കാളിത്തം വഹിക്കുകയും ചെയ്യും. കൂട്ടിക്കലിൽ ആറ് പേരേയും കൊക്കയാറിൽ എട്ടുപേരെയുമാണ് ഇനി കണ്ടെത്താനുള്ളത്.
മറുനാടന് മലയാളി ബ്യൂറോ