- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്ത് എല്ലുറപ്പുള്ള മാദ്ധ്യമസ്ഥാപനങ്ങളില്ല; പൗരന്മാരെ ഭയപ്പെടുത്തി വരുതിയിലാക്കാൻ മോദി സർക്കാർ മാദ്ധ്യമങ്ങളെ ദുരുപയോഗപ്പെടുത്തുന്നു; ലൈംഗിക പീഡനത്തെ തുടർന്ന് തെഹൽകയിൽ നിന്ന് രാജിവച്ച റാണ അയ്യൂബിന് പറയാനുള്ളത്..
കോഴിക്കോട്: ഇന്ത്യയിലിപ്പോൾ നിശ്ശബ്ദ അടിയന്തരാവസ്ഥയാണെന്ന് രാജ്യത്തെ യുവ മാദ്ധ്യമപ്രവർത്തകയും ഗുജറാത്ത് ഫയൽസ് അനാറ്റമി ഓഫ് എ കവർഅപ് എന്ന ഗ്രന്ഥത്തിന്റെ കർത്താവുമായ റാണ അയ്യൂബ്. രാജ്യത്തിനുമേലുള്ള ഭരണകൂടത്തിന്റെ അമിതാധികാരത്തെ നിയന്ത്രിക്കാനുള്ള ശേഷി മാദ്ധ്യമങ്ങൾക്കുണ്ടെങ്കിലും മാദ്ധ്യമങ്ങളത് ബോധപൂർവ്വം വിസ്മരിക്കുകയാണെന്നു, ലൈംഗിക പീഡനത്തെ തുടർന്ന് തെഹൽകയിൽനിന്ന് രാജിവച്ച റാണ അയ്യൂബ് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് ദേശീയ മാദ്ധ്യമങ്ങൾ പുലർത്തുന്ന മൗനം ആശങ്കയുളവാക്കുന്നതാണ്. പൗരന്മാരെ ഭയപ്പെടുത്തി വരുതിയിലാക്കാൻ ഭരണകൂടം മാദ്ധ്യമങ്ങളെ വരെ ദുരുപയോഗപ്പെടുത്തുന്ന ഭീതിത സാഹചര്യമാണുള്ളത്. ഭരണഘടനാ മൂല്യങ്ങളെ ഒന്നൊന്നായി തകർക്കാനാണ് മോദി സർക്കാറിന്റെ ശ്രമം. ഭരണകൂടത്തിന്റെ തെറ്റായ ഔദ്യോഗിക ഭാഷകൾക്കെതിരെ വിയോജനം അറിയിക്കേണ്ട മാദ്ധ്യമങ്ങളത് മറക്കുന്നു. സംഘപരിവാറും അവരെ പിന്തുണക്കുന്ന മാദ്ധ്യമങ്ങളും പുറത്തുവിടുന്ന അപസർപ്പക കഥകൾ മുഴുവൻ വിവേചനമില്ലാതെ ഏറ്റെടുക്കുന്ന അ
കോഴിക്കോട്: ഇന്ത്യയിലിപ്പോൾ നിശ്ശബ്ദ അടിയന്തരാവസ്ഥയാണെന്ന് രാജ്യത്തെ യുവ മാദ്ധ്യമപ്രവർത്തകയും ഗുജറാത്ത് ഫയൽസ് അനാറ്റമി ഓഫ് എ കവർഅപ് എന്ന ഗ്രന്ഥത്തിന്റെ കർത്താവുമായ റാണ അയ്യൂബ്. രാജ്യത്തിനുമേലുള്ള ഭരണകൂടത്തിന്റെ അമിതാധികാരത്തെ നിയന്ത്രിക്കാനുള്ള ശേഷി മാദ്ധ്യമങ്ങൾക്കുണ്ടെങ്കിലും മാദ്ധ്യമങ്ങളത് ബോധപൂർവ്വം വിസ്മരിക്കുകയാണെന്നു, ലൈംഗിക പീഡനത്തെ തുടർന്ന് തെഹൽകയിൽനിന്ന് രാജിവച്ച റാണ അയ്യൂബ് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് ദേശീയ മാദ്ധ്യമങ്ങൾ പുലർത്തുന്ന മൗനം ആശങ്കയുളവാക്കുന്നതാണ്. പൗരന്മാരെ ഭയപ്പെടുത്തി വരുതിയിലാക്കാൻ ഭരണകൂടം മാദ്ധ്യമങ്ങളെ വരെ ദുരുപയോഗപ്പെടുത്തുന്ന ഭീതിത സാഹചര്യമാണുള്ളത്. ഭരണഘടനാ മൂല്യങ്ങളെ ഒന്നൊന്നായി തകർക്കാനാണ് മോദി സർക്കാറിന്റെ ശ്രമം. ഭരണകൂടത്തിന്റെ തെറ്റായ ഔദ്യോഗിക ഭാഷകൾക്കെതിരെ വിയോജനം അറിയിക്കേണ്ട മാദ്ധ്യമങ്ങളത് മറക്കുന്നു. സംഘപരിവാറും അവരെ പിന്തുണക്കുന്ന മാദ്ധ്യമങ്ങളും പുറത്തുവിടുന്ന അപസർപ്പക കഥകൾ മുഴുവൻ വിവേചനമില്ലാതെ ഏറ്റെടുക്കുന്ന അറുവഷളൻ മാദ്ധ്യമരീതിയാണ് ഇന്ത്യയിലുള്ളത്. മാദ്ധ്യമങ്ങൾ പുലർത്തിയ ഈ നിസ്സംഗതയാണ് ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് ഒളിക്യാമറ പ്രയോഗം നടത്താൻ താൻ നിർബന്ധിതയായതെന്നും അവർ വിശദീകരിച്ചു.
ഗുജറാത്ത് വംശഹത്യയെയും വ്യാജ ഏറ്റുമുട്ടലുകളെയും കുറിച്ച സാമാന്യ ധാരണകൾക്ക് എത്രയോ അപ്പുറമായിരുന്നു ഗുജറാത്തിൽ നിന്ന് എനിക്കു നേരിട്ടു ലഭിച്ച വിവരങ്ങൾ. 2001-2010 കാലയളവിൽ ഗുജറാത്തിൽ ഉന്നത പദവി വഹിച്ച പൊലീസ് അടക്കമുള്ള ഉദ്യോഗസ്ഥരുമായി ഞാൻ മറയില്ലാതെ സംസാരിച്ചു. അത് അന്നത്തെ മുഖ്യമന്ത്രിയായ മോദിയെയും ബിജെപി നേതാവ് അമിത് ഷായെയും പ്രതിക്കൂട്ടിലാക്കുന്നു. എന്നാൽ ഈ അന്വേഷണാത്മക റിപ്പോർട്ടിനെ എല്ലുറപ്പോടെ ഏറ്റെടുക്കാൻ ഇന്ത്യയിലെ ഒരു മാദ്ധ്യമസ്ഥാപനത്തിനും കഴിഞ്ഞില്ല. ഇന്ത്യയിലെ ഏത് അന്വേഷണ ഏജൻസികൾക്കു മുമ്പിലും ഇത് സംബന്ധിച്ച തെളിവുകൾ ഹാജരാക്കാൻ താൻ ഒരുക്കമാണ്.
രാജ്യത്തിന്റെ പല ഭാഗങ്ങളിലും പൊതുസമൂഹത്തിന്റെ മന:സാക്ഷി പാതി മരിച്ച സ്ഥിതിയിലാണ്. അതിനാലാണ് ബീഫിന്റെയും മറ്റും പേരിൽ കൊലയുണ്ടാകുന്നത്്. എന്റെ പുതിയ പുസ്തകത്തിലെ വിവരങ്ങൾ ഏറക്കാലം പുറത്തുവരാതിരിക്കാനുള്ള ശ്രമത്തിൽ മോദിക്കെന്ന പോലെ നിശ്ശബ്ദരായ മാദ്ധ്യമങ്ങൾക്കും പങ്കുണ്ട്. സ്വതന്ത്ര മാദ്ധ്യമപ്രവർത്തനം എന്നത് ഇന്ന് കേട്ടുകേൾവി മാത്രമാവുന്നു. ജീവൻ പണയംവച്ച് നടത്തിയ പ്രവർത്തനങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽനിന്ന് തെഹൽക പോലും പിന്മാറിയത് വേദനയുണ്ടാക്കി.
മുസ്‌ലിംകളെപ്പറ്റി മാത്രമല്ല പുസ്തകത്തിലുള്ളത്. ഗുജറാത്ത് മുൻ മന്ത്രിയായിരുന്ന ഹരേൻ പാണ്ഡ്യയുടെ കൊലയെപ്പറ്റിപോലും ഗ്രന്ഥത്തിലുണ്ട്. നീതി നിഷേധിക്കപ്പെട്ടവരെപ്പറ്റിയാണ് ഗ്രന്ഥം. എന്നിട്ടും മാദ്ധ്യമങ്ങൾ അത് പറയാൻ മടിക്കുന്നു. ഗുജറാത്തിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥനായ രാജൻ പ്രിയദർശിനിയുമായി സംസാരിച്ചപ്പോൾ നരേന്ദ്ര മോദി ജനങ്ങളെ വിഡ്ഢിയാക്കുകയാണെന്നും കലാപത്തിന് ഉത്തരവാദിയാണെന്നും അദ്ദേഹം തുറന്നു സമ്മതിച്ചതായും അവർ വ്യക്തമാക്കി.
തെഹൽക മുൻ മേധാവി കൂടിയായ തരുൺ തേജ്പാലിനെതിരെ ലൈംഗികാരോപണത്തിന് കേസ് നൽകിയ ശേഷം അവിടെ നിന്നും രാജിവച്ച റാണ അയ്യൂബ്, ഔട്ട്‌ലുക്ക്, എൻ ഡി ടി വി എന്നിവയിലെ കോളങ്ങളിലൂടെ ശ്രദ്ധേയയാണ്. 2010ൽ ഷാരൂഖ് ഖാൻ, സാനിയ മിർസ, അസീം പ്രേംജി, ഷബാന ആസ്മി തുടങ്ങിയവരോടൊപ്പം രാജ്യത്ത് ഏറെ സ്വാധീനിക്കപ്പെട്ട 50 പേരിൽ ഒരാളായി ഈ യുവ മാദ്ധ്യമപ്രവർത്തകയും ഇടം പിടിച്ചിരുന്നു. ഗുജറാത്ത് വംശഹത്യ സംബന്ധിച്ച ഇവരുടെ അന്വേഷണാത്മക മാദ്ധ്യമപ്രവർത്തനം ഭരണകൂടത്തിന് ഏറെ തലവേദനയാണുണ്ടാക്കിയത്.