കാലിഫോർണിയ: കാലിഫോർണിയയിൽ ഇന്ത്യൻ ഡന്റൽ വിദ്യാർത്ഥിനി മരിച്ചത് വെടിയേറ്റാണെന്ന് കണ്ടെത്തി. യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയ സാൻഫ്രാൻസിസ്‌കോ ഡെന്റൽ വിദ്യാർത്ഥിനിയും പഞ്ചാബ് സ്വദേശിയുമായ രൺധീർ കൗറിലെ അൽബാനിയിലുള്ള അപ്പാർട്ട്‌മെന്റിൽ കഴിഞ്ഞാഴ്ച മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഫോൺ കോളിനെതുടർന്ന് അപ്പാർട്ട്‌മെന്റിലെത്തിയ പൊലീസിന് നിലത്ത് ചോരയിൽ കുളിച്ച് മരിച്ചു കിടക്കുന്ന രൺധീറിനെയാണ് കാണാൻ സാധിച്ചത്.

മുപ്പത്തേഴുകാരിയായ രൺധീർ കൗർ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങിവന്നപ്പോഴാണ് വെടിയേറ്റതെന്നാണ് പൊലീസ് വെളിപ്പെടുത്തുന്നത്. അതേസമയം ബലപ്രയോഗത്തിലൂടെ രൺധീറിന്റെ മുറിയിൽ ആരെങ്കിലും കടന്നതിന്റെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. എന്നാൽ ഇവരുടെ സ്വകാര്യ വസ്തുക്കൾ താമസസ്ഥലത്തു നിന്നും മൂന്നരകിലോമീറ്റർ ദൂരെയുള്ള ചവറുകൊട്ടയിൽ നിന്നും കണ്ടെത്തി.

രൺധീറിനെ സന്ദർശിക്കാനെത്തിയ ബന്ധുവാണ് ആദ്യം മൃതദേഹം കാണുന്നത്. തുടർന്ന് ഇവർ പൊലീസിൽ അറിയിക്കുകയായിരുന്നു. മൃതദേഹത്തിനു സമീപത്തു നിന്നും ഒരു കാർട്ടറിഡ്ജ് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. പഞ്ചാബിൽ നിന്നുള്ള രൺധീർ യുസിഎസ്എഫിന്റെ സ്‌കൂൾ ഓഫ് ഡെന്റിസ്ട്രീസ് ഇന്റർനാഷണൽ ഡന്റിസ്റ്റ് പ്രോഗ്രാമിലെ വിദ്യാർത്ഥിയായിരുന്നു. പഞ്ചാബ് രൂപ്‌നഗറിലെ സീനിയർ ലോയറുടെ മകളുമാണ്.

അതേസമയം കൊലപാതകം നടന്നിട്ട് ഒരാഴ്ച പിന്നിട്ടിട്ടും കേസിൽ ഇതുവരെ ആരേയും പ്രതിചേർക്കാത്തതും അറസ്റ്റ് നടക്കാത്തതും ഇന്ത്യക്കാരുടെ ഇടയിൽ ആശങ്കയ്ക്ക് ഇടനൽകിയിരിക്കുകയാണ്. തലയ്ക്ക് വെടിയേറ്റ് മരിച്ചെന്ന് വ്യക്തമായ ധാരണയുണ്ടായിട്ടും മൃതദേഹത്തിനു സമീപത്തു നിന്ന് കാർട്ടറിഡ്ജ്  ലഭിച്ചിട്ടും സംശയത്തിന്റെ പേരിൽ പോലും ആരേയും പൊലീസ് പിടികൂടിയിട്ടില്ല. കേസ് അന്വേഷണ സംഘത്തിലേക്ക് പുതുതായി രണ്ട് ഉദ്യോഗസ്ഥരെ കൂടി നിയമിച്ചതോടെ കേസ് അന്വേഷിക്കുന്നുവരുടെ എണ്ണം ആറായിരിക്കുകയാണിപ്പോൾ.

കൊലപാതകം നടത്തിയവരെ കുറിച്ചോ സംശയാസ്പദമായ സാഹചര്യത്തിൽ കാണപ്പെട്ടവരെക്കുറിച്ചോ സമീപവാസികളിൽ നിന്നും പൊലീസ് വിവരം ശേഖരിക്കുന്നുണ്ട്. രൺധീർ ഉപയോഗിച്ചിരുന്ന കാറും താമസസ്ഥലത്ത് സുരക്ഷിതമായി തന്നെയുണ്ട്.