കൊച്ചി: സിസ്റ്റർ റാണി മരിയ വാഴ്‌ത്തപ്പെട്ട രക്തസാക്ഷി പദവിയിലേക്ക്. ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരിയാണ് സിസ്റ്റർ. ഔദ്യോഗിക പ്രഖ്യാപനത്തിനുശേഷം രക്തസാക്ഷിയായ വാഴ്‌ത്തപ്പെട്ട സിസ്റ്റർ റാണി മരിയ എന്നാകും സിസ്റ്റർ അറിയപ്പെടുക.

നാമകരണ നടപടികൾക്കായുള്ള കർദിനാൾമാരുടെ തിരുസംഘത്തിന്റെ ഇതുസംബന്ധിച്ച നിർദ്ദേശം ഫ്രാൻസിസ് മാർപാപ്പ അംഗീകരിച്ച് ഒപ്പുവച്ചു. ഇനി ഒരു പടി കൂടി കടന്നാൽ റാണി മരിയയേയും വിശുദ്ധയായി പ്രഖ്യാപിക്കാനാകും. ഇതിനുള്ള സാധ്യതയും ഏറെയാണ്. വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്നതിനു തൊട്ടുമുമ്പാണ് വാഴ്‌ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്തുന്നത്.

വാഴ്‌ത്തപ്പെട്ടവളായി പ്രഖ്യാപിക്കാനുള്ള തീയതി പിന്നീട് അറിയിക്കും. അതുവരെ ധന്യയായ രക്തസാക്ഷി സിസ്റ്റർ റാണി മരിയ എന്ന പേരിലാകും അറിയപ്പെടുക. എറണാകുളം-അങ്കമാലി അതിരൂപതയിലെ പെരുന്പാവൂർ പുല്ലുവഴി ഇടവകാംഗമാണു സിസ്റ്റർ റാണി മരിയ. മധ്യപ്രദേശിലെ ഇൻഡോർ രൂപതയിലെ ഉദയ്‌നഗർ കേന്ദ്രീകരിച്ചാണു സിസ്റ്റർ ശുശ്രൂഷ നടത്തിവന്നത്. ഫ്രാൻസിസ്‌കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ (എഫ്‌സിസി) ഭോപ്പാൽ അമല പ്രോവിൻസിൽ സാമൂഹ്യപ്രവർത്തന വിഭാഗത്തിന്റെ ചുമതലയുള്ള കൗൺസിലറായിരിക്കെയാണു രക്തസാക്ഷിത്വം.

പ്രദേശത്ത് സാമൂഹ്യ ഇടപെടലുകൾക്കും സിസ്റ്റർ നേതൃത്വം നൽകി. ഇതിൽ രോഷാകുലരായ ജന്മിമാർ സമന്ദർസിങ് എന്ന വാടകക്കൊലയാളിയെ ഉപയോഗിച്ച് 1995 ഫെബ്രുവരി 25നു സിസ്റ്റർ റാണി മരിയയെ കൊലപ്പെടുത്തുകയായിരുന്നു. ജയിൽവാസത്തിനുശേഷം മാനസാന്തരപ്പെട്ട സമന്ദർസിങ് സിസ്റ്ററിന്റെ പുല്ലുവഴിയിലെ വീട്ടിലെത്തി മാതാപിതാക്കളോടു മാപ്പുചോദിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സിസ്റ്ററിനെ വാഴ്‌ത്തപ്പെട്ടവാളി മാറ്റുന്നത്.

സിസ്റ്റർ റാണി മരിയയെ വാഴ്‌ത്തപ്പെട്ടവളാക്കി ഉയർത്തുന്നതിനുള്ള ഫ്രാൻസിസ് മാർപാപ്പയുടെ തീരുമാനം ഭാരതസഭയ്ക്കാകെ സന്തോഷത്തിന്റെ അവസരമാണെന്നു സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. ഫ്രാൻസിസ്‌കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ (എഫ്‌സിസി) സമർപ്പിതസമൂഹത്തിന് അനുഗ്രഹത്തിന്റെ സുവാർത്തയാണ് സിസ്റ്റർ റാണി മരിയയെ വാഴ്‌ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയർത്തുന്നതെന്ന് മദർ ജനറൽ ആൻ ജോസഫ് പറഞ്ഞു.