കൊച്ചി: രാജ്യത്ത് കോവിഡ് വ്യാപനം വർധിച്ച പശ്ചാത്തലത്തിൽ രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് അടക്കം ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങൾ അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചതോടെ മലയാളി പേസർ എസ് ശ്രീശാന്തിന്റെ തിരിച്ചുവരവ് കാണാൻ ആഗ്രഹിച്ച ആരാധകർ ഇനിയും കാത്തിരിക്കേണ്ടി വരും. ഈ മാസം 13 മുതൽ ആയിരുന്നു രഞ്ജി ട്രോഫി മത്സരങ്ങൾ തുടങ്ങേണ്ടിയിരുന്നത്. കേരളത്തിന്റെ ആദ്യ മത്സരം വിദർഭക്കെതിരെ ബെംഗലൂരുവിലാണ് നിശ്ചയിച്ചിരുന്നത്. മത്സരങ്ങൾ നീട്ടിവെച്ചതോടെ എസ് ശ്രീശാന്തടക്കം മുള്ള സീനിയർ താരങ്ങളുടെ തിരിച്ചുവരവ് സ്വപ്നങ്ങളാണ് ഇതോടെ തുലാസിലായത്.

രഞ്ജി ട്രോഫി ടൂർണമെന്റിന്റെ പുതിയ സീസണിനുള്ള കേരളത്തിന്റെ സാധ്യതാ ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സച്ചിൻ ബേബി നയിക്കുന്ന ടീമിൽ ഒരിടവേളയ്ക്കു ശേഷം തിരിച്ചെത്തിയ പേസർ എസ്. ശ്രീശാന്തിന്റെ സാന്നിദ്ധ്യമായിരുന്നു ശ്രദ്ധേയമായത്. ഒമ്പത് വർഷങ്ങൾക്കു ശേഷമാണ് ശ്രീശാന്ത് കേരളത്തിനു വേണ്ടി രഞ്ജിയിൽ കളിക്കാനൊരുങ്ങിയത്.

ഇത്തവണത്തെ സയ്യിദ് മുഷ്താഖ് അലി ട്രോഫി, വിജയ് ഹസാരെ ട്രോഫി എന്നിവയിൽ കളിക്കാതിരുന്ന ശ്രീശാന്ത് രഞ്ജി ട്രോഫിയിലൂടെ ആഭ്യന്തര ക്രിക്കറ്റിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. മത്സരത്തിനായി മികച്ച പരിശീലനത്തിലായിരുന്നു താരം.

രഞ്ജി ട്രോഫിയിൽ കേരളത്തിന്റെ നിരയിലൂടെ തിരിച്ചുവരുന്നതിന്റെ സന്തോഷം സാധ്യതാ ടീമിന്റെ പ്രഖ്യാപനത്തിന് ശേഷം ശ്രീശാന്ത് സമൂഹമാധ്യമങ്ങളിലൂടെ പങ്ക് വെച്ചിരുന്നു. ഒൻപത് വർഷങ്ങൾക്ക് ശേഷം തന്റെ മനോഹരമായ സംസ്ഥാനത്തിന് വേണ്ടി രഞ്ജി ട്രോഫി കളിക്കാനായി തിരിച്ചെത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ആരാധകരോരോരുത്തരോടും തനിക്ക് ഒരുപാട് നന്ദിയും, സ്‌നേഹവും ബഹുമാനവുമുണ്ടെന്നുമായിരുന്നു ശ്രീ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

രഞ്ജിയിൽ മികച്ച പ്രകടനം പുറത്തെടുക്കാനായാൽ ഇന്ത്യൻ പ്രീമിയർ ലീഗ് താരലേലത്തിൽ മുന്നേറാനാകുമെന്നും പ്രമുഖ ടീമുകളിൽ ഒന്നിൽ ഇടംപിടിക്കാനാകുമെന്നും ശ്രീശാന്തിന്റെ ആരാധകർ പ്രതീക്ഷിച്ചിരുന്നു. ശ്രീശാന്തിന് ഒപ്പം ഇന്ത്യൻ ടീമിൽ കളിച്ചിരുന്ന പേസർമാർ പലരും കളമൊഴിഞ്ഞെങ്കിലും ക്രിക്കറ്റിലേക്ക് തിരിച്ചുവരാനുള്ള അടങ്ങാത്ത മോഹമാണ് താരത്തിന്റെ തിരിച്ചുവരവിന് വഴിയൊരുക്കിയത്. പ്രായമേറുമ്പോഴും മികച്ച പ്രകടനം പുറത്തെടുക്കാമെന്ന ആത്മവിശ്വാസത്തിലായിരുന്നു താരം.

എന്നാൽ കേരളാ ടീമിലും അവസരം നിഷേധിക്കപ്പെട്ടപ്പോൾ വിരമിക്കലിനെക്കുറിച്ച് ചിന്തിച്ചിരുന്നുവെന്നും സമീപകാലത്തെ ചില മികച്ച പ്രകടനങ്ങളെ തുടർന്ന് അതു വേണ്ടെന്നു വയ്ക്കുകയായിരുന്നുവെന്നും എസ് ശ്രീശാന്ത് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

ഐപിഎല്ലിന്റെ വരാനിരിക്കുന്ന സീസണിൽ ലഖ്‌നൗ, അഹമ്മദാബാദ് എന്നീ രണ്ടു പുതിയ ഫ്രാഞ്ചൈസികൾ കൂടി ടൂർണമെന്റിന്റെ ഭാഗമാവുന്നതിനാൽ അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രമുഖ മാധ്യമത്തോട് സംസാരിക്കാവെ താരം പറഞ്ഞു. രഞ്ജി ട്രോഫിയുടെ പുതിയ സീസണിനു മുന്നോടിയായി കേരളാ ടീമിനോടൊപ്പം വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിൽ തയ്യാറെടുപ്പ് നടത്തുന്നതിനിടെയാണ് താരം പ്രതികരിച്ചത്.

'വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമിൽ ഇടം ലഭിക്കാതിരുന്നത് നിരാശപ്പെടുത്തിയിരുന്നു. ഈ സമയത്ത് കളി നിർത്തുന്നതിനെക്കുറിച്ച് ഞാൻ ആലോചിച്ചിരുന്നു. റെഡ് ബോൾ ക്രിക്കറ്റിൽ നന്നായി പെർഫോം ചെയ്യാൻ കഴിയുന്നതിനാൽ ഈ തീരുമാനത്തിൽ നിന്നും പിന്മാറുകയായിരുന്നു. ഒരു സീസൺ കൂടി പ്രകടനം നോക്കിയ ശേഷം ഭാവിയെക്കുറിച്ച് തീരുമാനമെടുക്കാമെന്ന് കരുതുകയായിരുന്നു'- ശ്രീശാന്ത് വ്യക്തമാക്കി.

'കഴിഞ്ഞ സീസണിലെ ഐപിഎല്ലിൽ ഒരു ടീമിലും ഇടം നേടാനായില്ല. പക്ഷെ ഈ വരാനിരിക്കുന്ന സീസണിനു മുമ്പ് മെഗാ ലേലം നടക്കാനിരിക്കുന്നതിനാൽ ശുഭപ്രതീക്ഷയുണ്ട്. രണ്ട് പുതിയ ടീമുകൾ കൂടി ടൂർണമെന്റിന്റെ ഭാഗമാവുന്നതിനാൽ കളിക്കാൻ അവസരം ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ'- താരം കൂട്ടിച്ചേർത്തു.

2013ൽ രാജസ്ഥാൻ റോയൽസിനു വേണ്ടിയാണ് ശ്രീശാന്ത് അവസാനമായി ഐപിഎല്ലിൽ കളിച്ചത്. എന്നാൽ ഒത്തുകളി വിവാദത്തിലകപ്പെട്ടത് അദ്ദേഹത്തിന്റെ കരിയർ തകർക്കുകയായിരുന്നു. ഒത്തുകളി കേസിൽ കുറ്റവിമുക്തനാക്കപ്പെട്ടിട്ടും ശ്രീശാന്തിന്റെ വിലക്ക് നീക്കാൻ ബിസിസിഐ തയ്യാറായില്ല. ഒടുവിൽ നീണ്ട ഏഴു വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ 2020 സെപ്റ്റംബർ 13ന് ബിസിസിഐയുടെ വിലക്ക് നീങ്ങുകയായിരുന്നു.

അതിനു ശേഷം രഞ്ജി ട്രോഫിക്കുള്ള കേരള ടീമിൽ അദ്ദേഹത്തെ ഉൾപ്പെടുത്തിയിരുന്നെങ്കിലും കോവിഡ് മൂലം സീസൺ റദ്ദാക്കപ്പെട്ടത് തിരിച്ചടിയായി. ഒടുവിൽ കഴിഞ്ഞ വർഷം നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂർണമെന്റിൽ കളിച്ചാണ് ശ്രീശാന്ത് ക്രിക്കറ്റിലേക്കു മടങ്ങിവന്നത്.

കോവിഡ് വ്യാപനം ഏറിയതോടെയാണ് തുടർച്ചയായ രണ്ടാം വർഷവും രഞ്ജി ട്രോഫി മാറ്റിവയ്ക്കാൻ ബിസിസിഐ നിർബന്ധിതമായത്. കളിക്കാരുടെ സുരക്ഷക്കാണ് പ്രധാന പരിഗണനയെന്നും രാജ്യത്ത് വീണ്ടും കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ മൂന്ന് ടൂർണമെന്റുകളും ഇനിയൊരറിയിപ്പുണ്ടാകും വരെ നീട്ടിവെക്കുകയാണെന്നും ബിസിസിഐ സെക്രട്ടറി ജയ് ഷാ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. സാഹചര്യം മെച്ചപ്പടുന്നതിന് അനുസരിച്ച് പുതുക്കിയ തീയതികൾ പീന്നീട് അറിയിക്കുമെന്നും ജയ് ഷാ അറിയിച്ചിരുന്നു.

രഞ്ജി ട്രോഫി മുൻ നിശ്ചയപ്രകാരം നടത്താൻ ശ്രമിക്കുമെന്ന് കഴിഞ്ഞ ദിവസം ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കിയിരുന്നു. എന്നാൽ ടൂർണമെന്റിന് വേദിയാവേണ്ട മുംബൈ, കൊൽക്കത്ത, ഡൽഹി, ബെംഗലൂരു നഗരങ്ങളിൽ കോവിഡ് മൂന്നാം തരംഗം ആശങ്കയുണർത്തുന്ന പശ്ചാത്തലത്തിൽ ടൂർണമെന്റുമായി മുന്നോട്ടു പോകുന്നത് വലിയ പ്രയാസം ആകുമെന്ന് വിലയിരുത്തി ടൂർണമെന്റ് മാറ്റിവെക്കാൻ ബിസിസിഐ നിർബന്ധിതരാവുകയായിരുന്നു.

ഈ മാസം 13 മുതൽ ആയിരുന്നു രഞ്ജി ട്രോഫി മത്സരങ്ങൾ തുടങ്ങേണ്ടിയിരുന്നത്. കേരളത്തിന്റെ ആദ്യ മത്സരം വിദർഭക്കെതിരെ ബെംഗലൂരുവിലാണ് നിശ്ചയിച്ചിരുന്നത്. സി കെ നായിഡു ട്രോഫിയും ഈ മാസമായിരുന്നു തുടങ്ങേണ്ടിയിരുന്നത്. സീനിയർ വനിതാ ടി20 ലീഗ് അടുത്ത മാസമായിരുന്നു നടക്കേണ്ടിയിരുന്നത്. രോഗവ്യാപനം ഏറിയതോടെ മത്സരം നീട്ടിവയ്ക്കാൻ ബിസിസിഐ തീരുമാനിക്കുകയായിരുന്നു.

കോവിഡ് മൂലം കഴിഞ്ഞ രഞ്ജി സീസണും ബിസിസിഐക്ക് നടത്താനായിരുന്നില്ല. ആദ്യ മത്സരം കളിക്കുന്നതിന് മുന്നോടിയായി പരിശീലന മത്സരങ്ങൾക്കായി മുംബൈ ടീം കൊൽക്കത്തയിൽ എത്തിയിരുന്നു. പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ മുംബൈ ടീം തീരിച്ചുപോകും.

തുടർച്ചയായ രണ്ടാം സീസണിലും രഞ്ജി ട്രോഫിക്ക് ഭീഷണിയായത് കോവിഡ് വ്യാപനമാണ്. പുതിയ വകഭേദമായ ഓമിക്രോണടക്കം രാജ്യത്ത് കോവിഡ് കേസുകൾ വർധിച്ചതോടെയാണ് രഞ്ജി ട്രോഫി അടക്കമുള്ള ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റുകൾ നീട്ടിവെയ്ക്കുന്നതായി ബിസിസിഐ അറിയിച്ചത്. നേരത്തെ കോവിഡ് വ്യാപനം കാരണം ഐ ലീഗ് ഫുട്ബോളിന്റെ പുതിയ സീസണും നീട്ടിവെച്ചിരുന്നു.