ഷ്യാനെറ്റിലെ ജനപ്രിയ സംഗീത പരിപാടിയായ സ്റ്റാർ സിംഗറിന്റെ മുഖമുദ്രയായിരുന്നു രഞ്ജിനി ഹരിദാസ്. നാല് സീസണുകളിൽ ടി.വിയിൽ നിറഞ്ഞുന്ന രഞ്ജിനിയെ ഇപ്പോൾ കാണാനേയില്ല. സ്റ്റാർ സിംഗറിലെ അവതാരക വേഷം രഞ്ജിനിയിൽനിന്ന് ഗായികയായ റിമി ടോമി സ്വന്തമാക്കുകയും ചെയ്തു. കന്യക വനിതാ മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ ആണ് രഞ്ജിനി മനസ്സ് തുറന്നത്.

എന്നാൽ, താനെവിടേക്കും ഓടിപ്പോയിട്ടില്ലെന്ന് രഞ്ജിനി പറയുന്നു. സ്റ്റാർ സിംഗറിലില്ല എന്നതുകൊണ്ട് രഞ്ജിനി അവതാരക വേഷം അഴിച്ചുവച്ചുവെന്ന് കരുതരുതെന്നും കന്യകയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ അവർ പറയുന്നു. കൗമുദി ടി.വിയിലും മറ്റുമായി താൻ രംഗത്തുതന്നെയുണ്ടെന്ന് രഞ്ജിനി പറഞ്ഞു.

സ്റ്റാർ സിംഗർ പരിപാടിയുടെ നിലവാരം താഴേക്കാണെന്നാണ് രഞ്ജിനിയുടെ അഭിപ്രായം. സീസൺ രണ്ടുമുതൽ ആറുവരെ അതിന്റെ ഭാഗമായിരുന്ന തന്നെ ഏഴാം സീസണിലേക്ക് വിളിച്ചില്ല. എന്നാൽ, വിളിക്കാതിരുന്നത് നന്നായി എന്നാണ് ഇപ്പോൾ രഞ്ജിനിയുടെ അഭിപ്രായം. പരിപാടിയുടെ നിലവാരം മോശമായതുതന്നെ കാരണം. തനിക്കുപകരം വന്ന റിമി ടോമിയെക്കുറിച്ചും രഞ്ജിനിക്ക് വ്യക്തമായ അഭിപ്രായമുണ്ട്.

റിമി നല്ല പാട്ടുകാരിയാണെങ്കിലും സംഗീതം വിലയിരുത്തി മാർക്കിടാനൊന്നും അറിയില്ല. സംഗീതത്തെ വിലയിരുത്താനുള്ള കഴിവ് റിമിക്കുണ്ടെന്ന് പറഞ്ഞാൻ താൻ സമ്മതിച്ചുതരില്ല. പരിപാടിയിൽ എം.ജി. ശ്രീകുമാറിന്റെ ഇടപെടലുകളെയും രഞ്ജിനി തുറന്നെതിർക്കുന്നു. എം.ജി.ശ്രീകുമാർ സ്റ്റാർ സിംഗറിൽ അവതാരകനായി വരാൻ പാടില്ലായിരുന്നു. ജഡ്ജിന്റെ വില കളയുകയാണ് അദ്ദേഹം ചെയ്തത്. ആദ്യത്തെ എപ്പിസോഡ് കണ്ടപ്പോൾത്തന്നെ ഇക്കാര്യം താൻ റിമിയെ വിളിച്ചുപറഞ്ഞു. തന്നെപ്പോലെ പലരും വിളിച്ചുപറഞ്ഞതോടെയാണ് ശ്രീകുമാർ കസേരയിൽ ഇരിക്കാൻ തീരുമാനിച്ചതെന്നും രഞ്ജിനി പറയുന്നു.

റിമിക്ക് പറ്റിയ പണിയല്ല സ്റ്റാർ സിംഗറിന്റെ അവതാരകവേഷം. 'ഒന്നും ഒന്നും മൂന്നു'പോലുള്ള കോമഡി പരിപാടിയാണ് റിമിക്ക് ചേരുക. അവളുടെ ഇമേജിൽ അതേ ചെയ്യാനാവൂ. സ്റ്റാർസിംഗർ സീരിയസ് പ്രോഗ്രാമാണ്. അവിടെ റിമിയുടെയും എം.ജിയുടെയും കോമഡി വർക്കൗട്ട് ചെയ്യില്ല. റിമി നല്ല കലാകാരിയാണ്. ആൾക്കാരെ കൈയിലെടുക്കാനറിയാം. ഞാനും അവരെ ആരാധിക്കുന്നു. എന്നാൽ, അത് സ്റ്റാർ സിംഗറിന് യോജിക്കില്ലെന്ന് മാത്രം. തനിക്ക് റിമിയോട് ഒരുതരത്തിലുള്ള അസൂയയുമില്ല.

കേരളത്തിൽ മക്കാവ് മോഡലിൽ 'സെക്‌സ് ടോയ്‌ഷോപ്പ്' വന്നാൽ സ്ത്രീപീഡനങ്ങൾ കുറയുമെന്ന എ.പി. അബ്ദുള്ളക്കുട്ടി എംഎൽഎയുടെ അഭിപ്രായത്തോട് രഞ്ജിനിക്ക് യോജിപ്പില്ല. കേരളത്തിലെ ഞരമ്പുരോഗികൾക്ക് ചോരയും നീരും വറ്റാത്ത സ്ത്രീകളെത്തന്നെയാണ് നോട്ടമെന്നും പീഡനങ്ങൾ ഏറിവരുന്നതുകൊണ്ട് കേരളത്തിൽ ചുവന്ന തെരുവുകൾ വേണമെന്ന അഭിപ്രായം തനിക്കില്ലെന്നും രഞ്ജിനി പറയുന്നു. സർക്കാർ നിയമം കർക്കശമായി നടപ്പാക്കിയാൽ ഒരു ടോയ്‌ഷോപ്പും ആവശ്യമില്ലെന്നും രഞ്ജിനി പറഞ്ഞു.

ലൈംഗിക വിദ്യാഭ്യാസത്തിന്റെ കുറവാണ് കേരളീയ സമൂഹത്തിന്റെ ദോഷം. ബാംഗ്ലൂരിലോ ചെന്നൈയിലോ സ്ത്രീകൾക്ക് കേരളത്തിലെയത്ര പ്രശ്‌നങ്ങൾ നേരിടേണ്ടിവരാറില്ല. പരിധിവിടുന്ന നോട്ടങ്ങളാണ് മലയാളികളുടേത്. അതാണ് പീഡനമായി മാറുന്നതെന്നും രഞ്ജിനി പറയുന്നു. തന്റെ ഒട്ടേറെ സുഹൃത്തുക്കളുള്ളതിനാലാണ് കൊച്ചിൽ സ്വവർഗരതിക്കാർ നടത്തിയ മാർച്ചിൽ പങ്കെടുത്തതെന്നും രഞ്ജിനി പറയുന്നു. 

കന്യകയിലെ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ,

നാലുവർഷക്കാലം സ്റ്റാർസിംഗറിൽ അവതാരികയായ രഞ്ജിനിയെ ഇത്തവണ മനപ്പൂർവം ഒഴിവാക്കിയതാണോ?
അതറിയില്ല. എന്തായാലും സ്റ്റാർസിംഗർ സെവനിൽ എന്നെ വിളിച്ചില്ല. സീസൺ സെവൻ തുടങ്ങുന്ന കാര്യം നേരത്തെ അറിഞ്ഞിരുന്നു. അതിൽ പങ്കാളിയാകാത്തത് നന്നായെന്ന് ഇപ്പോൾ തോന്നുന്നു. കാരണം പ്രോഗ്രാം വളരെ മോശമായിക്കൊണ്ടിരിക്കുകയാണ് എന്നാണറിഞ്ഞത്. സീസൺ ടു മുതൽ സിക്‌സ് വരെ ഞാനായിരുന്നു അവതാരിക. സ്റ്റാർസിംഗറിനെ ഒരിക്കലും തള്ളിപ്പറയാനാവില്ല. കാരണം എനിക്ക് ജീവിതത്തിൽ എല്ലാം നൽകിയത് ആ പ്രോഗ്രാമാണ്. ആരു ചെയ്താലും നന്നാകണമെന്നാണ് ആഗ്രഹം. അതിനോട് നീതി പുലർത്താൻ ഇപ്പോഴുള്ള ടീമിന് കഴിയുന്നില്ല. അതിന്റെ വിശുദ്ധി നഷ്ടപ്പെട്ടു. എം.ജി.ശ്രീകുമാർ ആ പ്രോഗ്രാമിൽ അവതാരകനായി വരാൻ പാടില്ലായിരുന്നു. ജഡ്ജിന്റെ വില കളയുകയാണ് അദ്ദേഹം. ആദ്യത്തെ എപ്പിസോഡ് കണ്ടപ്പോൾത്തന്നെ ഇക്കാര്യം ഞാൻ റിമിയെ വിളിച്ചുപറഞ്ഞിരുന്നു. റിമി ആങ്കർ ചെയ്താൽ കുഴപ്പമില്ല. 'സരിഗമ'യൊക്കെ ചെയ്യുന്നതുപോലെയല്ലിത്. എന്നെപ്പോലെ പലരും പറഞ്ഞപ്പോഴാണ് എം.ജിയിപ്പോൾ സീറ്റിലിരിക്കാൻ തുടങ്ങിയത്. 

സ്റ്റാർ സിംഗറിന്റെ പ്രാധാന്യം മാറിപ്പോയി. കോമഡിയിലേക്ക് മാറിപ്പോയോ എന്നു സംശയമുണ്ട്. പെട്ടെന്ന് നിർത്തിയേക്കുമെന്നാണ് അറിഞ്ഞത്. സ്റ്റാർസിംഗറിന്റെ കാര്യത്തിൽ എന്റെ മനസിലൊരു ടീമുണ്ട്. ശരത് സാർ, ചിത്രച്ചേച്ചി, ഉഷാഉതുപ്പ്. അതിൽ എം.ജി.ശ്രീകുമാറില്ല. അദ്ദേഹത്തിന്റെ മനസിലെ ടീമിലും എനിക്കിടം കാണില്ല. സ്റ്റാർസിംഗറിൽ റിമിടോമി വന്നിട്ട് നന്നായില്ലെന്നാണ് എന്റെ അഭിപ്രായം. റിമിക്ക് പറ്റിയ പണിയല്ലിത്. റിമിക്ക് 'ഒന്നും ഒന്നും മൂന്നു'പോലുള്ള കോമഡി പരിപാടിയാണ് ചേരുക. അവളുടെ ഇമേജിൽ അതേ ചെയ്യാനാവൂ. സ്റ്റാർസിംഗർ സീരിയസ് പ്രോഗ്രാമാണ്. അവിടെ റിമിയുടെയും എം.ജിയുടെയും കോമഡി വർക്കൗട്ട് ചെയ്യില്ല. റിമി നല്ല കലാകാരിയാണ്. ആൾക്കാരെ കൈയിലെടുക്കാനറിയാം. ഞാനും അവരെ ആരാധിക്കുന്നു. എന്നാൽ സംഗീതത്തെ വിലയിരുത്താനുള്ള കഴിവൊന്നും റിമിക്കില്ല. അതു ഞാൻ സമ്മതിച്ചുതരില്ല.

റിമിയെപ്പോലെ പാട്ടുപാടുന്ന അവതാരികയാവാൻ കഴിയാത്തതുകൊണ്ടുള്ള അസൂയയല്ലേ ഇതിന് കാരണം?
റിമിയോട് ഒരുതരത്തിലുമുള്ള അസൂയയും എനിക്കില്ല. മാത്രമല്ല, ഞാൻ പാട്ടുപാടില്ലെന്ന് ആരാണ് പറഞ്ഞത്? ഞാൻ പാടാറുണ്ട്. അഞ്ചുവർഷമാണ് സംഗീതം പഠിച്ചത്. ആങ്കർ ചെയ്യുമ്പോൾ പാട്ടും ഡാൻസും ചെയ്തിട്ടുണ്ട്.

പീഡനം കൂടിവരുന്ന സാഹചര്യത്തിൽ മക്കാവ് മോഡലിൽ 'സെക്‌സ് ടോയ്‌ഷോപ്പ്' കേരളത്തിലും കൊണ്ടുവരണമെന്ന് എ.പി. അബ്ദുള്ളക്കുട്ടി എംഎൽഎ പറയുന്നുണ്ട്? 

സെക്‌സ് ടോയ് ഷോപ്പ് വന്നാലൊന്നും കേരളത്തിലെ ഞരമ്പുരോഗികളുടെ അസുഖം മാറില്ല. അവർക്ക് ചോരയും നീരും വറ്റാത്ത സ്ത്രീകളെത്തന്നെയാണ് നോട്ടം. പീഡിപ്പിക്കുന്നവരുടെ എണ്ണം കൂടിവരുന്നതുകൊണ്ട് റെഡ് സ്ട്രീറ്റുകൾ ഇവിടെയും വേണം എന്ന അഭിപ്രായമില്ല. പക്ഷേ റെഡ് സ്ട്രീറ്റുകളുള്ള തായ്‌ലന്റ് പോലുള്ള സ്ഥലങ്ങളിൽ രാത്രി പോലും സ്ത്രീകൾ സ്വാതന്ത്ര്യത്തോടെ നടക്കുന്നു. നൈറ്റ് ഷോപ്പിങ് നടത്തുന്നു. അവിടെയൊന്നും ചീത്തക്കണ്ണോടെ ആരും സ്ത്രീകളെ നോക്കാറില്ല. സർക്കാർ നിയമം കർക്കശമായി നടപ്പാക്കിയാൽ ഒരു ടോയ്‌ഷോപ്പും നമുക്കാവശ്യമില്ല.

കഴിഞ്ഞമാസം സ്വവർഗാനുരാഗികളുടെയും ഹിജഡകളുടെയും ജാഥയിൽ രഞ്ജിനിയെ കണ്ടു. അവരോട് ആരാധനയുണ്ടോ?
എന്റെ ഒരുപാട് സുഹൃത്തുക്കൾ അക്കൂട്ടത്തിലുണ്ട്. അവർ ക്ഷണിച്ചപ്പോഴാണ് ഞാനും പോയത്. സ്വവർഗരതി തെറ്റാണോ എന്നെനിക്കറിയില്ല. ആരെങ്കിലും സപ്പോർട്ട് ചെയ്താൽ മാത്രമേ സ്വവർഗാനുരാഗികൾ പുറത്തിറങ്ങുകയുള്ളൂ. അല്ലെങ്കിൽ വീട്ടിനകത്ത് ചടഞ്ഞുകൂടും. ഇപ്പോൾ ഒരുപാട് പ്രോഗ്രാമുകളിലേക്ക് അവരെ വിളിക്കുന്നുണ്ട്. അത് നല്ല കാര്യമാണ്. അവരും നമ്മെപ്പോലെ മനുഷ്യരാണെന്ന ബോധം എല്ലാവർക്കും ഉണ്ടാകണം.

ആണുങ്ങളൊക്കെ എന്താ ഇങ്ങനെ? 

പെൺകുട്ടികൾ എവിടെപ്പോയാലും ആണുങ്ങൾ നോക്കും. പെൺകുട്ടികളും ആണുങ്ങളെ നോക്കാറുണ്ട്. പക്ഷേ അതാരും അറിയാറില്ലെന്നു മാത്രം. ആൺനോട്ടം പരിധി വിടുമ്പോഴാണ് പീഡനമാവുന്നത്. മറ്റുള്ള സ്ഥലങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ഞരമ്പുരോഗികൾ കൂടുന്നത് എന്തുകൊണ്ടാണെന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്. ലൈംഗിക വിദ്യാഭ്യാസത്തിന്റെ കുറവാണ് ഇവിടുത്തെ പ്രശ്‌നം. ബാംഗ്ലൂരിലോ ചെന്നൈയിലോ പോയാൽ സ്ത്രീകൾക്ക് ഇത്തരം പ്രശ്‌നമൊന്നുമില്ല. പ്രശ്‌നമുണ്ടാക്കും എന്നു കരുതിയതുകൊണ്ടാകാം, എനിക്കുനേരെ ഇപ്പോൾ ആരും 'അഭ്യാസം' കാണിക്കാറില്ല. എന്നുവച്ച് രാത്രി ഒറ്റയ്ക്കിറങ്ങി നടക്കാറില്ല. പണ്ടത്തെ അനുഭവങ്ങളോർക്കുമ്പോൾ സഹതാപമാണ് തോന്നുക. ഈ ആണുങ്ങളൊക്കെ എന്താ ഇങ്ങനെ?

ട്രെയിൻയാത്രയിൽ സംഭവിച്ചത്?
ഏഷ്യാനെറ്റിൽ 'സാഹസികന്റെ ലോക'വും അമൃതയിൽ 'ഗുഡ് ഇംഗ്ലീഷും' ചെയ്യുന്ന സമയം. വൈകിട്ടത്തെ ട്രെയിനിലാണ് മിക്കപ്പോഴും റെക്കോഡിംഗിന് തിരുവനന്തപുരത്തേക്കു പോകുന്നത്. അന്നും പതിവുപോലെ ട്രെയിനിൽ കയറിയതാണ്. റിസർവേഷൻ കംപാർട്ട്‌മെന്റിൽ അധികം പേരില്ലായിരുന്നു. സുന്ദരിയായ ഒരു പെൺകുട്ടി തൊട്ടപ്പുറത്തെ ഒറ്റസീറ്റിലിരിക്കുന്നുണ്ട്.
പെട്ടെന്നാണ് ലുങ്കിയുടുത്ത ഒരു ചെറുപ്പക്കാരൻ വന്ന് അവൾക്കു മുമ്പിലിരുന്നത്. യാത്രക്കാരനല്ലെന്ന് ഒറ്റനോട്ടത്തിലറിയാം. എന്തോ സംശയം തോന്നിയതുകാരണം ഞാനിടയ്ക്കിടെ അയാളെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. അയാൾ ചില ലൈംഗിക ചേഷ്ടകൾ കാണിക്കാൻ തുടങ്ങിയതോടെ പെൺകുട്ടി അസ്വസ്ഥയാകാൻ തുടങ്ങി. ഇത് അസഹ്യമായപ്പോൾ ഞാൻ പതുക്കെ എഴുന്നേറ്റു.
''താനെന്താടോ കാണിക്കുന്നത്?'' അപ്പോഴേക്കും അവൻ എഴുന്നേറ്റ് ഓടി. ഞാനും പിറകെയോടി. 'അവനെ പിടിക്ക്' എന്നു പറഞ്ഞ് ബഹളംവച്ചെങ്കിലും എല്ലാവർക്കും നോക്കിനിൽക്കാനായിരുന്നു താല്പര്യം.  റിസർവേഷൻ കംപാർട്ട്‌മെന്റിന്റെ അവസാനബോഗിയിൽ വച്ച് അവനെ കൈയിൽകിട്ടി. ചെകിട്ടത്ത് ഒന്നു പൊട്ടിച്ചശേഷം പുറത്തേക്കിറക്കി പൊലീസിലേല്പിച്ചു. വീണ്ടും ട്രെയിനിലേക്ക് കയറുമ്പോൾ യാത്രക്കാർ മുഴുവനും എന്നെത്തന്നെ നോക്കുകയാണ്. എനിക്കു ദേഷ്യംവന്നു. ''ഇങ്ങനെ നോക്കിനിൽക്കാൻ നാണമുണ്ടോ?'' അതോടെ അവരെല്ലാവരും ഉൾവലിഞ്ഞു. അവർ സഹായിച്ചിരുന്നെങ്കിൽ എനിക്കത്രയും ഓടേണ്ട കാര്യമുണ്ടായിരുന്നില്ല. മലയാളികൾ പൊതുവെ സഹായിക്കാൻ മടിയുള്ളവരാണ്. ഒരപകടം നടന്നാൽപോലും ആശുപത്രിയിലെത്തിക്കാൻ നോക്കില്ല. മൊബൈൽ കാമറയിൽ പകർത്തി അത് ഫേസ്‌ബുക്കിലിട്ടു രസിക്കും.