കൊച്ചി: കൊച്ചിയിലെ ഒരു പ്രമുഖ ഐടി സ്ഥാപനത്തിലെ ജീവനക്കാരനായ എബിൻ അലക്‌സ് രണ്ട് വർഷം മുമ്പാണ് സുഹൃത്തിന് കല്യാണ ആവശ്യത്തിന് പോകാൻ കാർ വിട്ടു നൽകിയത്. രഞ്ജിത്ത് രവീന്ദ്രനെന്ന സുഹൃത്തിന് വെള്ള സ്വിഫ്റ്റ് കാർ നൽകിയ എബിന് പിന്നെ ആ കാറ് കാണാൻ കഴിഞ്ഞില്ല. കാറുമായി മുങ്ങുകയായിരുന്നു രഞ്ജിത്ത്. ആഡംബര കാറുകൾ അടിച്ചുമാറ്റുകയും നിരവധി സാമ്പത്തിക തട്ടിപ്പുകൾ നടത്തുകയും ചെയ്ത കണ്ണൂർ സ്വദേശിയായ രഞ്ജിത്ത് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് വെട്ടിലായതുകൊച്ചിയിൽ അറസ്റ്റിലായിരുന്നത്. തട്ടിപ്പുകളുടെ രാജിവെന്ന് വേണമെങ്കിൽ രഞ്ജിത്ത് രവീന്ദ്രനെ വിളിക്കാം.

2012 ഒക്ടോബറിൽ കിൻഫ്രയുടെ സ്റ്റാർട്ട് അപ് പദ്ധതിയുടെ ഭാഗമായി എബിൻ ഡയറക്ടറായി ഒരു കമ്പനി കോട്ടപ്പുറം ആലങ്ങാട് ഭാഗത്ത് ആരംഭിച്ചിരുന്നു. ഹാപ്പ്‌നർ ഇ വെഞ്ച്വേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ കൊച്ചിയിൽ തുടങ്ങിയ കമ്പനിയിൽ തട്ടിപ്പുകാരനായ രഞ്ജിത്തും പങ്കാളിയായിരുന്നു. നേരത്തെ കിൻഫ്രയിൽ ഐ.ടി ഓപ്പറേറ്ററായിരുന്ന കാലത്താണ് രഞ്ജിത്തുമായി പരിചയത്തിലാകുന്നത്. ആ പരിചയമാണ് കമ്പനിയിൽ പങ്കാളിയാക്കാൻ വഴിയൊരുക്കിയത്. എന്നാൽ, പിന്നീട് പല കാരണങ്ങൾ കൊണ്ടും ഈ പദ്ധതി മുന്നോട്ടുപോയില്ല. കൊച്ചിയിൽ ഐ.ടി കമ്പനിയിൽ പ്രോഗ്രാമറായിരിക്കെയാണ് രഞ്ജിത്തിനെ ആദ്യമായി പരിചയപ്പെടുന്നത്. തുടർന്ന് ആ സൗഹൃദം വളർന്നു. പക്ഷെ, ഏറെ പ്രതീക്ഷകളോടെ തുടങ്ങിവച്ച സ്റ്റാർട്ട് അപ് പദ്ധതിയിൽ അന്ന് തന്നോടൊപ്പം പാർട്ണറായിരുന്നത് ഒരു ഇന്റർനാഷണൽ തട്ടിപ്പുകാരനായിരുന്നു എന്നത് ഇന്നും വിശ്വസിക്കാനായിട്ടില്ല എബിന്. ഭായി' എന്ന് സ്‌നേഹത്തോടെ വിളിച്ചിരുന്ന രഞ്ജിത്ത് തന്റെ കാർ അടിച്ചുമാറ്റി മുങ്ങുമെന്ന് സ്വപ്നത്തിൽ പോലും എബിൻ കരുതിയിരുന്നില്ല.

ഒരു വിവാഹ ആവശ്യത്തിനെന്ന് പറഞ്ഞാണ് 2014 ഡിസംബർ മാസത്തിൽ തന്റെ പക്കൽ നിന്നും രഞ്ജിത്ത് വെള്ള സ്വിഫ്റ്റ് കാർ വാങ്ങിയത്. ഉടൻ തന്നെ മടക്കിതരുമെന്ന ഉറപ്പോടു കൂടിയാണ് കാറും കൊണ്ടുപോയത്. അന്ന് മുങ്ങിയ പ്രതിയെ പിന്നീട് കണ്ടിട്ടേയില്ല. രണ്ട് മാസം കഴിഞ്ഞ് 2015 ഫെബ്രുവരി മാസം തന്റെ കാർ നഷ്ടപ്പെട്ടതായി കാണിച്ച് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് ഒരു പരാതി നൽകി. അതിന്റെ അടിസ്ഥാനത്തിലാണ് മരട് പൊലീസ് ക്രൈം നമ്പർ 1036/2015 പ്രകാരം രഞ്ജിത്ത് രവീന്ദ്രനെതിരെ വഞ്ചന കുറ്റത്തിന് കേസെടുത്തത്. കേസെടുത്ത വിവരം അറിഞ്ഞയുടൻ വിദേശത്തേക്ക് മുങ്ങിയ പ്രതി ഒരു വർഷത്തോളം മലേഷ്യയിൽ ഒളിവിൽ കഴിഞ്ഞു. എന്നാൽ, അടുത്തിടെ കേരള പൊലീസ് തനിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച വിവരം അഭിഭാഷകൻ മുഖേന മനസിലാക്കിയ രഞ്ജിത്ത് മലേഷ്യയിലും തനിക്ക് രക്ഷയില്ലെന്ന സത്യം തിരിച്ചറിഞ്ഞു. മലേഷ്യൻ പൊലീസിന്റെ സഹായത്തോടെ അകത്താവുമെന്ന സ്ഥിതി വന്നപ്പോൾ രഞ്ജിത്ത് രഹസ്യമായി നേപ്പാളിലേക്ക് വിമാനം കയറി.

ലുക്ക് ഔട്ട് നോട്ടീസ് ഉള്ളതിനാൽ രാജ്യത്തിനകത്തേക്ക് കടക്കാൻ ബുദ്ധിമുട്ടാണെന്ന് മനസില്ലാക്കിയ പ്രതി ആദ്യം ചെയ്തത് ഇമിഗ്രേഷൻ ക്ലിയറൻസിന്റെ ആവശ്യമൊന്നുമില്ലാത്ത നേപ്പാളിലേക്ക് പറന്നിറങ്ങുകയായിരുന്നു. നേപ്പാളിലെ നിയമത്തിന്റെ ഈ ആനുകൂല്യം മുതലെടുത്ത് അവിടെ വിമാനമിറങ്ങിയ രഞ്ജിത്ത് അവിടെ നിന്നും ഇന്ത്യൻ അതിർത്തിയിൽ എത്തിച്ചേർന്നു. അതിബുദ്ധിമാനായ പ്രതി തന്ത്രപൂർവ്വം റോഡ്മാർഗം കാൽനടയായാണ് ബോർഡർ കടന്നത്. പിന്നീട് അവിടെ നിന്നും റോഡ് മാർഗമാണ് ചെന്നൈയിൽ എത്തിയത്. പതിവുപോലെ ചെന്നൈയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ മുറിയെടുത്ത് ഒളിച്ചു താമസിച്ചു വരവെയാണ് കൊച്ചിയിൽ നിന്നും പുറപ്പെട്ട പൊലീസ് സംഘത്തിന്റെ വലയിൽ കുരുങ്ങിയത്.

എബിന്റെ സ്വിഫ്റ്റ് കാറുമായി മുങ്ങിയ രഞ്ജിത്ത് മലപ്പുറംകാരനായ ക്രിമിനൽ അബൂബക്കർ മാനുവിനാണ് കാർ മറിച്ചുവിറ്റിരുന്നത്. ഇത്തരത്തിലുള്ള മോഷ്ടിക്കപ്പെട്ട കാറുകൾ ക്രിമിനലുകൾക്ക് മറിച്ചുവിൽക്കുകയും വാടകയ്ക്ക് കൊടുക്കുകയും ചെയ്യുന്ന ആളായിരുന്നു അബൂബക്കർ. ഇയാൾക്കെതിരെ നാട്ടിൽ നിരവധി ക്രിമിനൽ കേസുകളുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. എബിന്റെ ഉടമസ്ഥതയിലുള്ള വെള്ള സ്വിഫ്റ്റ് കാർ കണ്ണൂരിൽ വച്ച് ബുള്ളറ്റ് യാത്രക്കാരെ ഇടിച്ചുതെറിപ്പിച്ചതായുള്ള ഒരു കേസിൽ പൊലീസ് അന്വേഷിച്ചെത്തിയപ്പോഴാണ് എബിൻ അലക്‌സ് ഞെട്ടിയത്. രണ്ട് വർഷം മുമ്പ് കളവ് പോയ തന്റെ കാറാണ് ഇതെന്നും അപകടത്തിന് ഉത്തരവാദികളായവരെ അറിയില്ലെന്നും എബിൻ പൊലീസിനെ അറിയിച്ചു. തുടർന്ന് വണ്ടിയുടെ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം വിപുലപ്പെടുത്തുകയും അബൂബക്കർ മാനു എന്ന ക്രിമിനലിന്റെ കൈവശമാണെന്നും പൊലീസ് മനസിലാക്കി. പൊലീസ് ഇയാളെ തന്ത്രപൂർവ്വം ഫോണിൽ വിളിച്ച് കൊച്ചിയിലേക്ക് വരുത്തിയെങ്കിലും കാക്കനാട് സ്‌പെഷ്യൽ എക്കണോമിക് സോൺ പരിസരത്ത് വച്ച് ഈ കാർ ഉപേക്ഷിച്ച് അബൂബക്കർ കടന്നുകളയുകയായിരുന്നു. ഇയാളെ പിടികൂടാൻ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. തുടർന്നാണ് കേസിലെ തട്ടിപ്പുപ്രതിയായ രഞ്ജിത്തിനെതിരെ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കുകയും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തത്.

തട്ടിപ്പുകാരനായ രഞ്ജിത്ത് രവീന്ദ്രൻ നിരവധി വ്യാജ പേരുകളിലാണ് അറിയപ്പെടുന്നത്. ഇയാളുടെ കൈവശം നിരവധി വ്യാജ പാസ്‌പോർട്ടുകളും പാൻ കാർഡുകളും ഉണ്ടായിരുന്നു. ഫേസ്‌ബുക്ക് ഉൾപ്പെടെയുള്ള സമൂഹമാദ്ധ്യമങ്ങളിലും നിരവധി വ്യാജ അക്കൗണ്ടുകൾ പ്രതിക്ക് ഉണ്ടായിരുന്നു. ഏതു വിധേനയും സമ്പന്നരായ ആളുകളുമായി കൂട്ടുകൂടി എന്തെങ്കിലും അത്യാവശ്യമുണ്ടെന്ന് പറഞ്ഞ് ലക്ഷങ്ങളും കോടികളും തട്ടിയെടുക്കും. പിന്നീട് അവിടെ നിന്ന് മുങ്ങി മറ്റൊരിടത്ത് പൊങ്ങും. അവിടെ റിയൽ എസ്റ്റേറ്റുകാരനായാകും പ്രത്യക്ഷപ്പെടുക. അസ്സലിനെ വെല്ലുന്ന വ്യാജരേഖകൾ ഹാജരാക്കി കോടികൾ കൈക്കലാക്കി മുങ്ങും. പിന്നീട് മറ്റൊരിടത്ത് പൊങ്ങി അവിടെ നിന്ന് ആഡംബരക്കാറുകൾ തട്ടിച്ച് മുങ്ങും. ഇത്തരത്തിൽ നൂറുകണക്കിന് പേരാണ് ഈ ഇന്റർനാഷണൽ തട്ടിപ്പുവീരന്റെ വലയിൽ കുരുങ്ങിയത്.