- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിലീപിനെ കണ്ടാൽ ആ വഴി പോകില്ലെന്ന തള്ളൊക്കെ വെറും പ്രഹസനം! ഒരേ വേദിയിൽ ദിലീപുമായി ചിരിച്ചു കളിച്ചു സംവിധായകൻ രഞ്ജിത്ത്; ചലച്ചിത്ര അക്കാദമി സ്ഥാനത്തിരിക്കാൻ യോഗ്യനെന്ന് പുകഴ്ത്തലുമായി ദിലീപും; ഇരുവരും കണ്ടുമുട്ടിയത് ഫിയോക്ക് യോഗ വേദിയിൽ
തിരുവനന്തപുരം: ദിലീപിനൊപ്പം വേദി പങ്കിട്ട് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്. കെച്ചിയിൽ ഫിയോക്ക് ജനറൽ ബോഡിക്ക് ശേഷം നടന്ന സമ്മേളനത്തിലാണ് ദിലീപുമായി രഞ്ജിത്ത് വേദി പങ്കിട്ടത്. രഞ്ജിത്തിനൊപ്പം മധുപാലും ചടങ്ങിലെത്തി. തീയറ്റർ സംഘടന ഇരുവർക്കും സ്വീകരണം ഒരുക്കുകയായിരുന്നു. ദിലീപ് പങ്കെടുത്ത ചടങ്ങിൽ നടനുമായി ചിരിച്ചു സന്തോഷിച്ചു സംവിധായകനും.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെ പിന്തുണച്ച് സംസാരിക്കുകയോ എഴുതുകയോ ചെയ്തിട്ടില്ലെന്നും ദിലീപിനെ ആലുവാ ജയിലിൽ സന്ദർശിച്ചത് അവിചാരിതമായിട്ടാണെന്നും ഇരുപത്തിയാറാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ കൂടിയായ രഞ്ജിത്ത് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പൊതു വേദിയിൽ ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പെടുന്നത്. തീയേറ്റർ ഉടമകളുടെ പ്രശ്നം പരമാവധി സർക്കാരിന് മുന്നിൽ എത്തിച്ചിട്ടുണ്ടെന്ന് രഞ്ജിത്ത് ചടങ്ങിൽ സംസാരിക്കവേ വ്യക്തമാക്കി. സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാലും യോഗത്തിൽ പങ്കെടുത്തിരുന്നു.
യോഗത്തിൽ രഞ്ജിത്തിനെ പുകഴ്‌ത്തിയാണ് ദിലീപ് സംസാരിച്ചത്. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തിരിക്കാൻ യോഗ്യനാണ് രഞ്ജിത്തെന്നാണ് ദിലീപ് പറഞ്ഞത്. നടിയെ അക്രമിച്ച കേസിൽ ജയിലിൽ കഴിഞ്ഞ നടൻ ദിലീപിനെ ജയിലിൽ സന്ദർശിച്ചതിൽ തെറ്റില്ലെന്ന് നേരത്തെ രഞ്ജിത്ത് പറഞ്ഞിരുന്നു. സുഹൃത്ത് സുരേഷ് കൃഷ്ണക്കൊപ്പമാണ് ദിലീപിനെ കാണാൻ ജയിലിൽ എത്തിയത്. ഒപ്പം യാത്ര ചെയ്ത സുരേഷ് അവിടെ കേറാൻ പോയപ്പോൾ കൂടെ പോകുകയായിരുന്നു. അല്ലാതെ കരുതി കൂട്ടി പോയതല്ലെന്നാണ് രഞ്ജിത്ത് അന്ന് പറഞ്ഞത്.
കേസിൽ ദിലീപ് നിരപരാധിയാണെന്ന് ആദ്യം ആളുകൾ പറഞ്ഞിരുന്നു. ജയിലിന് പുറത്ത് നിൽക്കാനായിരുന്നു ആദ്യം ശ്രമിച്ചത്. പിന്നീട് മാധ്യമങ്ങൾ എത്തിയപ്പോഴാണ് അകത്തേക്ക് കടന്നത്. അധികസമയവും സംസാരിച്ചത് ജയിൽ സൂപ്രണ്ടുമായി. നെഗറ്റിവിറ്റിയെ ഹൈലൈറ്റ് ചെയ്ത് ചിത്രീകരിക്കരുത്. സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങൾക്ക് മറുപടി പറയാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നടി ഭാവന ഐ.എഫ്.എഫ്.കെയിൽ അതിഥിയായത് സർക്കാറിന്റെ സാംസ്‌കാരിക നയം. ഞാൻ മുൻകൈ എടുത്താണ് ഭാവനയെ കൊണ്ടുവന്നത്. സ്വകാര്യത മാനിച്ചാണ് വിവരം രഹസ്യമാക്കി വെച്ചതെന്നും രഞ്ജിത്ത് പറഞ്ഞു. ഐ.എഫ്.എഫ്.കെ ഉദ്ഘാടന വേദിയിൽ അപ്രതീക്ഷിത അതിഥിയായി ഭാവന വന്നത് ഏറെ ചർച്ചകൾക്കും പ്രശംസകൾക്കും വഴിവെച്ചിരുന്നു.
അതേസമയം ഫിയോക്കിനുള്ളിൽ ദിലീപിനും ആന്റണി പെരുമ്പാവൂരിനുമെതിരെ വിമർശനം ഉയരാനും സാധ്യതയുണ്ട. ഇരുവരെയും ഫിയോക്കിൽ നിന്ന് പുറത്താക്കാൻ നീക്കം നടക്കുന്നുണ്ട്. സംഘടനയുടെ ആജീവനാന്ത ചെയർമാനായ ദിലീപിനെയും ആജീവനാന്ത വൈസ് ചെയർമാനായ ആന്റണിയെയും പുറത്താക്കാൻ ഫിയോക് ഭരണഘടന ഭേദഗതിക്കാണ് പ്രസിഡന്റ് വിജയകുമാറിന്റെ നേതൃത്വത്തിൽ നീക്കം നടക്കുന്നത്.
ഒടിടി റിലീസ് സംബന്ധിച്ച അഭിപ്രായഭിന്നതകളെ തുടർന്നാണ് ഇരുവരെയും പുറത്താക്കാനുള്ള നീക്കം സംഘടനക്കുള്ളിൽ നടക്കുന്നത്. ഫിയോക് ഭാരവാഹിത്വം വഹിച്ചിട്ടും ഒടിടി റിലീസുകളെ പിന്തുണയ്ക്കുന്ന നടപടിയിൽ രൂക്ഷ വിമർശനമാണ് ഇരുവർക്കുമെതിരെ ഉയർന്നത്. 2017ൽ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ പിളർന്നാണ് തിയറ്ററുടമകളുടെ ഇന്നത്തെ സംഘടനയായ ഫിയോക് ദിലീപിന്റെ കാർമികത്വത്തിൽ രൂപം കൊണ്ടത്. ഫിയോക്കിന്റെ ആജീവനാന്ത ചെയർമാൻ വൈസ് ചെയർമാൻ സ്ഥാനങ്ങൾ യഥാക്രമം ദിലീപിലും ആന്റണി പെരുമ്പാവൂരിലും നിലനിർത്തിയായിരുന്നു ഭരണഘടനയ്ക്ക് രൂപം നൽകിയതും.
ഈ രണ്ട് സ്ഥാനങ്ങളിലേക്കും തിരഞ്ഞെടുപ്പ് പാടില്ലെന്നും ഫിയോക്കിന്റെ ഭരണഘടനയിൽ എഴുതിച്ചേർത്തിരുന്നു. ഈ ചട്ടം പൊളിച്ചെഴുതാനാണ് ഫിയോക് പ്രസിഡന്റ് വിജയകുമാറിന്റെ നേതൃത്വത്തിൽ നീക്കം നടക്കുന്നത്.വാർഷിക ജനറൽ ബോഡിയുടെ അംഗീകാരം ഇക്കാര്യത്തിൽ അനിവാര്യമാണെന്നിരിക്കെയാണ് ഭരണഘടന ഭേദഗതി കൊണ്ടുവരാൻ നിർണായക നീക്കം തുടരുന്നത്.
മോഹൻലാൽ ചിത്രമായ മരക്കാറിന്റെ റിലീസിങുമായി ബന്ധപ്പെട്ട് ആന്റണി പെരുമ്പാവൂരും ഫിയോക്കുമായുണ്ടായ അഭിപ്രായഭിന്നതയുടെ തുടർച്ചയാണ് നിലവിലെ നീക്കത്തിലെത്തി നിൽക്കുന്നത്. നേരത്തെ ചെയർമാനായ ദിലിപ് മുഖേന സംഘടനയ്ക്ക് ആന്റണി പെരുമ്പാവൂർ രാജി നൽകിയിരുന്നെങ്കിലും അതേകുറിച്ച് അറിവില്ലെന്നാണ് ഫിയോക് പ്രസിഡന്റ് വിജയകുമാർ മാധ്യമങ്ങളെ അറിയിച്ചത്. എന്നാൽ കടുത്ത ഭിന്നത തുടരുന്നതിന്റെ ഭാഗമായി ഭരണഘടന ഭേദഗതി കൊണ്ടുവന്ന് ആന്റണി പെരുമ്പാവൂരിനെയും ദിലീപിനെയും സംഘടനയ്ക്ക് പുറത്തുചാടിക്കാൻ ഫിയോക്കിനുള്ളിൽ ശ്രമം തുടരുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ