തിരുവനന്തപുരം: വെറും നാലുമാസം മുമ്പ് ഏഷ്യാനെറ്റ് ന്യുസ് നടത്തിയ ഒരു സാമ്പിൾ സർവേ ഫലം മലയാളികൾ മറന്നിട്ടുണ്ടാവില്ല. 2020 ജൂലൈ 4 ന് പുറത്തുവിട്ട ആ സർവവേയിൽ ചരിത്രത്തിൽ ആദ്യമായി ഇടതുപക്ഷത്തിന് ഭരണത്തുടർച്ചയാണ് പ്രവചിക്കുന്നത്. കോവിഡിനെ ഫലപ്രദമായി നേരിട്ടുവെന്ന് തെറ്റിദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ വരെ കേരളത്തെ പുകഴ്‌ത്തിയകാലം.

സർക്കാറിനെതിരെ ആഞ്ഞടിക്കാൻ ശക്തമായ ഒന്നുമില്ലാതെ പ്രതിപക്ഷ വലഞ്ഞ സമയം. ആ സർവേയിൽ ഏറ്റവും ജനപ്രിയ നേതാവ് ആയി കണ്ടത് മുഖ്യമന്ത്രി പിണറായി വിജയനെയാണ്. അതു കഴിഞ്ഞാൽ ഉമ്മൻ ചാണ്ടിയും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തല ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രനും പിറകിലാണെന്ന ഞെട്ടിക്കുന്ന വിവരവും സർവേ പുറത്തുവിട്ടു. തദ്ദേശ തെരഞ്ഞെടുപ്പിലും ഇടതു തരംഗമാണ് സർവേ പ്രവചിച്ചിരുന്നത്. സിഎഎ സമരത്തിന്റെ ഭാഗമായി മലബാറിൽ വൻതോതിൽ മുസലീം വോട്ടുകൾ ഇടതുപക്ഷത്തേക്ക് മാറുമെന്നും സർവേ പ്രവചിച്ചു. ഇതോടെ എൽഡിഫ് അണികളും ഭരണത്തുടർച്ചയുടെ പ്രതീക്ഷയിൽ ആവേശത്തിലായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയിൽനിന്ന് എൽഡഎഫ് കരകറയുമെന്നും സർേവ പ്രവചിച്ചിരുന്നു.

എന്നാൽ വെറും നാലമാസത്തിനുശേഷമുള്ള രാഷ്ട്രീയ കാലാവസ്ഥ ഒന്നു നോക്കുക. ശിവശങ്കറിന് പിന്നിലെ പാർട്ടി സെക്രട്ടറി കോടിയേരിയുടെ മകൻ ബിനീഷും അകത്തായി. അതും മയക്കമരുന്ന് കേസിൽ. ലൈഫ്മിഷനും, ഇഡിയും, സിബിഐയുമൊക്കെയായി മുഖ്യമന്ത്രിപോലും സംശയത്തിന്റെ നിഴലിൽ. മന്ത്രി ജലീലും, കാരാട്ട് റസാഖ് എംഎൽഎയുമൊക്കെ അറസ്റ്റ് ഭീതിയിലുമാണ്. അന്ന് അന്തം വിട്ടുന്നിന്ന യുഡിഎഫ് ഇപ്പോൾ തുള്ളിച്ചാടുകയാണ്. ഇന്ന് തുടർഭരണ പ്രതീക്ഷ സിപിഎം എതാണ്ട് കൈവിട്ടുവെന്ന് വ്യക്തം. അന്ന് സർക്കാറിന് ലോക മാധ്യമങ്ങളുടെ പ്രശംസ സമ്മാനിച്ച കോവിഡ് പ്രതിരോധത്തിലും പണി പാടേ പാളി. കോവിഡ് നിരക്ക് വൻതോതിൽ വർധിക്കുന്നതും രോഗികൾ പുഴുവരിക്കുന്നതും, അനാസ്ഥമൂലം ഓക്സിജൻപോലും കിട്ടാതെ രോഗികൾ മരിച്ചുവെന്നതും പിന്നീട് വാർത്തയായി. സിഎഎകാലത്ത് കിട്ടിയ മുസ്ലിം വോട്ടുകളും സാമ്പത്തിക സംവരണ വിഷയത്തിൽ പാളുമെന്ന സൂചനയാണ് കിട്ടുന്നത്. ജലീന് വേണ്ടി ശക്തമായി നിലകൊണ്ട കാന്തപുരം വിഭാഗപോലും സംവരണവിഷയത്തിൽ കളം മാറ്റുകയാണ്. മുന്നോക്ക സംവരണം വഴി പരമ്പരാഗത വോട്ട് ബാങ്ക് നഷ്ടമാവുമെന്ന ഭീതിയും സിപിഎമ്മിനുണ്ട്.

ഈ സാഹചര്യത്തിൽ കാര്യങ്ങൾ പ്രതിരോധിക്കുക അത്ര എളുപ്പമാണെന്ന് സിപിഎം കരുതുന്നില്ല. പക്ഷേ പാർട്ടിയിൽ സർവശക്തനായ പിണറായിക്കെതിരെ ഒരക്ഷരം മിണ്ടാൻ പോലും കഴിയുന്നവർ ഇന്ന് ഇല്ല. അതേസമയം കോടിയേരി ബാലകൃഷ്ണനെ മാറ്റാൻ ഇടയില്ലെങ്കിലും ഇനി ഒരു ടേം കൂടി അദ്ദേഹത്തിന് കിട്ടില്ല എന്ന് ഉറപ്പാണ്. നേരത്തെ തന്നെ അനാരോഗ്യം ചൂണ്ടിക്കാട്ടി കോടിയേരി സ്ഥാനമൊഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. പകരം എം വി ഗോവിന്ദൻ മാസ്റ്റർക്കാണ് സെക്രട്ടറിയാവുക എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

ജൂലൈ സർവേയിൽ 2021ൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫ് 77 മുതൽ 83 സീറ്റ് വരെ നേടാമെന്നായിരുന്നു ഏഷ്യാനെറ്റ് പ്രവചനം. യുഡിഎഫ് 54 മുതൽ 60 സീറ്റ് വരെ നേടാം. എൻഡിഎ 3 മുതൽ 7 സീറ്റ് വരെ നേടാം എന്നും സർവേ പ്രവചിക്കുന്നുണ്ട്.വടക്കൻ കേരളത്തിലും തെക്കൻ കേരളത്തിലും ഇടതുമുന്നണിയും മധ്യകേരളത്തിൽ യുഡിഎഫും നേട്ടമുണ്ടാക്കുമെന്ന് വിലയിരുത്തൽ. വടക്കൻ കേരളത്തിൽ 42 സീറ്റുകളും തെക്കൻ കേരളത്തിൽ 22 സീറ്റുകൾ വരെയും ഇടതുമുന്നണി നേടുമെന്നാണ് സർവേ പ്രവചിച്ചത്.