പത്തനംതിട്ട: കേരളാ പൊലീസിന്റെ കസ്റ്റഡിയിൽ മരിക്കുന്ന ആദ്യത്തെയാളല്ല വരാപ്പുഴക്കാരൻ ശ്രീജിത്ത്. പക്ഷേ, പൊലീസിന്റെ വിശ്വാസ്യത പൂർണമായും തകർത്തു കൊണ്ടുള്ള ആദ്യ കസ്റ്റഡി മരണമാണ് ശ്രീജിത്തിന്റേത്.

കേരളാ പൊലീസിൽ പൊതുജനങ്ങൾക്കുള്ള വിശ്വാസം എത്രത്തോളം തകർന്നുവെന്ന് വെളിവാക്കുന്നതാണ് ഇന്നലെ റാന്നി സ്റ്റേഷനിൽ നടന്ന കാര്യങ്ങൾ. ആദിവാസി യുവാവിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ വിളിപ്പിച്ചവർക്കൊപ്പം സ്റ്റേഷനിൽ എത്തിയത് നൂറു കണക്കിന് നാട്ടുകാർ. മൊഴി എടുക്കുന്നത് തങ്ങളുടെ സാന്നിധ്യത്തിൽ മതിയെന്നും അതിന് ശേഷം തങ്ങൾക്കൊപ്പം വിട്ടയയ്ക്കണമെന്നും അവർ ആവശ്യപ്പെട്ടതോടെ കാര്യങ്ങൾ കൈവിട്ടു പോകുന്ന സ്ഥിതിയായി.

സ്വകാര്യ ബസിൽ ക്ലീനറായ അടിച്ചിപ്പുഴ ആദിവാസി കോളനിയിൽ ബാലുവി(19)ന്റെ ദുരൂഹമരണം സംബന്ധിച്ച അന്വേഷണത്തിനാണ് അഞ്ചു പേരെ പൊലീസ് വിളിപ്പിച്ചത്. ബാലു മരിക്കുന്നതിന് തലേന്ന് അടിച്ചിപ്പുഴയിൽ കാവിലെ ഉത്സവവുമായി ബന്ധപ്പെട്ട് സംഘട്ടനം നടന്നിരുന്നു. ഇതിൽ ബാലു ഉൾപ്പെട്ടിരുന്നോ എന്ന് അറിയുന്നതിന് വേണ്ടിയാണ് കാവിന്റെ ഭാരവാഹികൾ അടക്കം ഏതാനും പേരെ മൊഴിയെടുക്കാൻ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. പത്തോളം പേരോടാണ് മൊഴി നൽകാൻ എത്താൻ പൊലീസ് ആവശ്യപ്പെത്. എന്നാൽ ഇവരെ തനിയെ സ്റ്റേഷനിലേക്ക് അയയ്ക്കാൻ കോളനിവാസികൾ തയാറായില്ല.

സ്ത്രീകളും കുട്ടികളും അടക്കം നൂറോളം വരുന്ന സംഘം ഓട്ടോറിക്ഷകളിലും മറ്റും കരിങ്കൊടി കെട്ടി മുദ്രാവാക്യം വിളികളുമായി സ്റ്റേഷനിലെത്തിയത് സംഘർഷത്തിന് ഇടയാക്കി. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. സ്റ്റേഷൻ മുറ്റത്തു നിലയുറപ്പിച്ച കോളനിവാസികൾ മൊഴിയെടുപ്പിനു ശേഷം തങ്ങളുടെ സ്വന്തക്കാരുമായേ മടങ്ങുകയുള്ളൂവെന്ന നിലപാടാണ് സ്വീകരിച്ചത്. രൂക്ഷമായ വാക്കേറ്റവും ഇതിനിടയിൽ നടന്നു. പൊലീസ് സംയമനം പാലിച്ച് സ്ത്രീകളടക്കമുള്ളവർ സ്റ്റേഷനുള്ളിലേക്ക് തള്ളിക്കയറാനുള്ള സാധ്യത തടഞ്ഞു. പ്രതിഷേധക്കാരെ പുതിയ സ്റ്റേഷൻ കെട്ടിടത്തിനു സമീപത്തേക്കു മാറ്റി നിർത്തിയ ശേഷമായിരുന്നു മറ്റുള്ളവരുടെ മൊഴി രേഖപ്പെടുത്തിയത്.

അടിച്ചിപ്പുഴയിലെ കാവിലെ ഉത്സവവുമായി ബന്ധപ്പെട്ട് ചിലർ തമ്മിൽ അടിപിടി ഉണ്ടായതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. പ്രശ്നം ബിജെപി ഏറ്റെടുത്ത് പ്രക്ഷോഭം ശക്തമാക്കിയിരിക്കുകയാണ്. ഇന്നലെ രാവിലെ റാന്നി മാർത്തോമ്മ ആശുപത്രിയിൽ നിന്നും മൃതദേഹം വിലാപയാത്രയായി കൊണ്ടു വരുന്ന വഴിക്ക് പൊലീസുമായി ഉന്തും തള്ളുമുണ്ടായിരുന്നു. ബാലുവിന്റേത് സാധാരണ മരണമെന്ന് വരുത്തി തീർക്കാൻ സിപിഎം ശ്രമിക്കുന്നുവെന്നാണ് ബിജെപിയുടെ ആരോപണം.