പത്തനംതിട്ട: ജോസ് കെ. മാണിയുടെ രാജിയോടെ ഒഴിവു വന്ന രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസ്(എം) ജില്ലാ പ്രസിഡന്റ് എൻഎം രാജുവിന് നൽകിയേക്കും. ഇതു സംബന്ധിച്ച് ഏകദേശ ധാരണയായി. നിയമസഭാ തെരഞ്ഞെടുപ്പിൽ റാന്നി സീറ്റും മാണി ഗ്രൂപ്പിന് ലഭിക്കും. ഇവിടെ സ്റ്റീഫൻ ജോർജ് സ്ഥാനാർത്ഥിയാകും.

തിരുവല്ലയാണ് കേരളാ കോൺഗ്രസ്(എം) സീറ്റ്. എൽഡിഎഫിൽ ജനതാദൾ ആണ് ഇവിടെ മത്സരിച്ചിരുന്നത്. മാത്യു ടി തോമസാണ് എംഎൽഎ. ഇക്കുറി ഈ സീറ്റ് സിപിഎം ഏറ്റെടുക്കും. പകരം റാന്നി കേരളാ കോൺഗ്രസ് നൽകാനാണ് ധാരണ. റാന്നിയിലേക്ക് എൻഎം രാജുവിനെയാണ് പരിഗണിച്ചിരുന്നത്. രാജ്യസഭാ സീറ്റ് സ്റ്റീഫൻ ജോർജിന് നൽകാനും പദ്ധതിയുണ്ടായിരുന്നു.

എന്നാൽ, ക്നാനായക്കാർ ഏറെയുള്ള റാന്നിയിൽ ഐപിസിക്കാരനായ രാജു മത്സരിച്ചാൽ വിജയ സാധ്യത ഇല്ലെന്ന് കണ്ട് പരസ്പരം വച്ചു മാറുകയാണ്. എൻഎം രാജു രാജ്യസഭാ എംപിയാകുമ്പോൾ ക്നാനായക്കാരനായ സ്റ്റീഫൻ ജോർജിന് റാന്നി ഇടതു പക്ഷത്തിനൊപ്പം നിലനിർത്താനും കഴിയും. നാലു തവണ തുടർച്ചയായി എംഎൽഎയായ രാജു ഏബ്രഹാമിനെ ഇക്കുറി സിപിഎം പരിഗണിക്കുന്നില്ല. അതു കൊണ്ടു കൂടിയാണ് റാന്നി സീറ്റ് കേരളാ കോൺഗ്രസിന് നൽകുന്നത്.

വ്യവസായിയും സാമ്പത്തിക സ്ഥാപനങ്ങളുടെ ഉടമയുമായ എൻഎം രാജുവിന്റെ നേതൃസ്ഥാനത്തേക്കുള്ള വരവ് വളരെ പെട്ടെന്നായിരുന്നു. കെഎം മാണിയുടെ കാലത്ത് പാർട്ടി ഓഫീസിന് ലക്ഷങ്ങൾ മുടക്കി ലിഫ്ട് സ്ഥാപിച്ചു നൽകിയതിന് പ്രതിഫലമായി നൽകിയതായിരുന്നു ജില്ലാ പ്രസിഡന്റ് സ്ഥാനം. പ്രസിഡന്റായിരുന്ന വിക്ടർ ടി തോമസിനെ മാറ്റി നിർത്തിയാണ് രാജുവിന് അവസരം നൽകിയത്.

യുഡിഎഫിലായാലും എൽഡിഎഫിലായാലും നിയമസഭയിലേക്ക് മത്സരിക്കാനുള്ള സീറ്റ് നോട്ടമിട്ടായിരുന്നു രാജുവിന്റെ വരവ്. അതു കൊണ്ടു തന്നെ നിയമസഭാ സീറ്റിൽ പ്രതീക്ഷയർപ്പിച്ചിരുന്ന ജോസഫ് എം പുതുശേരിയും വിക്ടർ ടി തോമസും രാജുവിന് എതിരായി. കേരളാ കോൺഗ്രസ് പിളർന്നപ്പോൾ വിക്ടറും പുതുശേരിയും ജോസഫ് പക്ഷത്തേക്ക് പോവുകയും ചെയ്തു. ഇതോടെ മാണി ഗ്രൂപ്പിൽ രാജു സീറ്റ് ഉറപ്പിക്കുകയും ചെയ്തു. ഇനി മറ്റാര് വന്നാലും ജോസ് കെ. മാണിക്ക് പ്രിയപ്പെട്ടവനായ രാജുവിന് തന്നെയാകും സീറ്റ്.

നെടുമ്പറമ്പിൽ ഫിനാൻസ്, നെടുമ്പറമ്പിൽ സിൻഡിക്കേറ്റ്, വസ്ത്രം ടെക്സ്റ്റയിൽസ്, ഓസാനം ഇംഗ്ലീഷ് മീഡിയം സ്‌കൂൾ തുടങ്ങി നിരവധി സ്ഥാപനങ്ങളുള്ള രാജു സാമ്പത്തികമായും പ്രബലനാണ്. ഇതു കൂടി കണക്കിലെടുത്താണ് രാജുവിന് രാജ്യസഭ സീറ്റ് നൽകുന്നത്. ക്നാനായക്കാരൻ റാന്നിയിൽ മത്സരിച്ചാൽ വിജയിക്കാൻ കഴിയുമെന്ന കണക്കു കൂട്ടലാണ് സ്റ്റീഫൻ ജോർജിന് അവസരമൊരുക്കുന്നത്.

യുഡിഎഫിന്റെ കോട്ടയായിരുന്ന റാന്നി രാജു ഏബ്രഹാമിന്റെ വരവോടെയാണ് എൽഡിഎഫിന്റെ കുത്തകയായത്. ക്നാനായ സമുദായക്കാരനായത് രാജുവിന്റെ തുടർ വിജയങ്ങൾക്കും സഹായകരമായി.