പത്തനംതിട്ട: ബിജെപി പിന്തുണയോടെ അധികാരത്തിലെത്തിയ റാന്നി പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കണമെന്ന് കേരളാ കോൺഗ്രസ്(എം) അംഗം ശോഭാ ചാർലിക്ക് എൽഡിഎഫ് ജില്ലാ കമ്മറ്റി നിർദ്ദേശം നൽകി. ആരു പറഞ്ഞാലും രാജി വയ്ക്കില്ലെന്ന നിലപാടിൽ ശോഭ തുടരുന്നതോടെ വെട്ടിലായത് കേരളാ കോൺഗ്രസാ(എം)ണ്. ഇനി ശോഭയെ പാർട്ടി പുറത്താക്കിയാൽ അവർ ബിജെപിയിൽ ചേരും. ജില്ലയിൽ ഒരു പഞ്ചായത്ത് കൂടി ബിജെപി ഭരിക്കും.

കേരളാ കോൺഗ്രസ് പാർട്ടിയെ തന്നെ ധിക്കരിച്ചാണ് ശോഭാ ചാർലി അധികാരത്തിൽ തുടരുന്നത്. പാർട്ടിയുടെ മൗനാനുവാദത്തോടെയാണ് ശോഭ പ്രസിഡന്റായത്. ആർക്കും ഭൂരിപക്ഷമില്ലാത്ത പഞ്ചായത്തിൽ ശോഭയെ ബിജെപിയും സിപിഎമ്മും പുറമേ നിന്ന് പിന്തുണച്ചാണ് പ്രസിഡന്റാക്കിയത്. സ്വതന്ത്രന്റെ പിന്തുണയോടെ ഭരണം പിടിക്കാനിരുന്ന യുഡിഎഫിനെ ഞെട്ടിച്ചാണ് അട്ടിമറി നടന്നത്.

പ്രസിഡന്റ് തെരഞ്ഞെടുപ്പ് വിവാദമായതോടെ ശോഭയോട് രാജി വയ്ക്കാൻ എൽഡിഎഫ് പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. നിർദ്ദേശം ശോഭ നിരസിച്ചു. ശോഭയെ ന്യായീകരിച്ച് കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എംഎൻ രാജുവും രംഗത്തു വന്നിരുന്നു. താൻ പറഞ്ഞാൽ ശോഭ രാജി വയ്ക്കില്ല എന്ന് അറിയാവുന്നതു കൊണ്ടായിരുന്നു ന്യായീകരണം. ജില്ലയിലെമ്പാടും അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയ എൽഡിഎഫിനെതിരേ ആക്ഷേപം ശക്തമായപ്പോഴാണ് റാന്നിയിലടക്കം രാജി വയ്ക്കാൻ ജില്ലാ കമ്മറ്റി നിർദ്ദേശം നൽകിയത്.

ഈ നിർദ്ദേശം അംഗീകരിക്കാൻ ശോഭ തയാറല്ല. ഇതോടെ കേരളാ കോൺഗ്രസും ജില്ലാ പ്രസിഡന്റും വെട്ടിലായി. അടുത്ത നീക്കം ശോഭയെ പുറത്താക്കലാണ്. പുറത്തു പോയാൽ അവർ ബിജെപിക്കൊപ്പം ചേരും. ശോഭയെ സഹായിച്ചതിന്റെ പേരിൽ ബിജെപിയുടെ രണ്ട് പഞ്ചായത്തംഗങ്ങൾ സസ്പെൻഷനിലാണ്.

ഇടതുവലതു മുന്നണികൾക്ക് അഞ്ചു വീതം അംഗബലമാണ് റാന്നി ഗ്രാമപഞ്ചായത്തിൽ ഉള്ളത്. ബിജെപിയുടെ രണ്ട് അംഗങ്ങളും ഒരു സ്വതന്ത്രനുമാണ് മറ്റുള്ളവർ. സ്വതന്ത്രനായ കെആർ പ്രകാശ് യുഡിഎഫ് പിന്തുണയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആകുമെന്ന് പൂർണമായും ഉറപ്പിച്ചിരുന്നതിനിടയിലാണ് അടിയൊഴുക്കുകൾ നടന്നത്.

പ്രസിഡന്റ്, വൈസ്പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടതുവലതു മുന്നണികളെ പിന്തുണയ്ക്കാതെ ബിജെപി അംഗങ്ങൾ വിട്ടു നിൽക്കുമെന്നും യുഡിഎഫ് പിന്തുണയിൽ സ്വതന്ത്രൻ പ്രസിഡന്റ് ആകുമെന്നുമാണ് എല്ലാവരും കരുതിയിരുന്നത്. മാണി ഗ്രൂപ്പിലെ ശോഭാ ചാർലിയുടെ പേരു നിർദ്ദേശിച്ചത് ബിജെപിയിലെ എസ് വിനോദും പിന്താങ്ങിയത് ബിജെപിയിലെ മന്ദിരം രവീന്ദ്രനും ആയിരുന്നു.

നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണ് തങ്ങൾ ഇടതു മുന്നണിയിലെ ശോഭാ ചാർളിയുടെ പേര് പ്രസിഡന്റ് സ്ഥാനത്തേക്ക് നിർദ്ദേശിക്കുകയും അവർക്ക് അനുകൂലമായി വോട്ടു ചെയ്യുകയും ഉണ്ടായതെന്ന് ബിജെപി അംഗങ്ങൾ അറിയിച്ചിരുന്നു. പാർട്ടി നേതൃത്വം നൽകിയ വിപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു പിന്തുണ. മാണി ഗ്രൂപ്പുമായി ബിജെപി നിയോജകമണ്ഡലം കമ്മറ്റി അടുത്ത അഞ്ചു വർഷക്കാലത്തേക്കുള്ള കരാർ ഉണ്ടാക്കിയെന്നും അതിൻ പ്രകാരമാണ് പിന്തുണ നൽകിയതെന്നും പറയുന്നു.