- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുഡിഎഫിലെ പടലപ്പിണക്കം മറ നീക്കി; കോറം തികയാത്തതിനാൽ റാന്നി പഞ്ചായത്തിൽ അവിശ്വാസ പ്രമേയം ചർച്ചയായില്ല: എൽഡിഎഫ്-ബിജെപി ബാന്ധവം മാറ്റമില്ലാതെ തുടരുന്നു
പത്തനംതിട്ട: ബിജെപി പിന്തുണയോടെ എൽഡിഎഫ് ഭരിക്കുന്ന റാന്നി പഞ്ചായത്തിൽ പ്രസിഡന്റിനെതിരേ യുഡിഎഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയം കോറം തികയാത്തതു കൊണ്ട് ചർച്ച ചെയ്തില്ല. ആകെയുള്ള 13 അംഗങ്ങളിൽ അഞ്ചു പേർ മാത്രമാണ് പങ്കെടുത്തത്. യുഡിഎഫിൽ നിന്നുള്ള കേരളാ കോൺഗ്രസ് അംഗം കൂടി വിട്ടു നിന്നതോടെയാണ് യോഗം ചേരാനുള്ള കോറമില്ലാതെ പോയത്. എൽഡിഎഫ്-ബിജെപി അംഗങ്ങൾ ഒറ്റക്കെട്ടായി വിട്ടു നിന്ന് തങ്ങളുടെ ബാന്ധവം അരക്കിട്ടുറപ്പിക്കുകയും ചെയ്തു.
ബിജെപിയും എൽഡിഎഫും പുറമേ നിന്ന് പിന്തുണച്ചാണ് കേരളാ കോൺഗ്രസി(എം)ലെ ശോഭാ ചാർളിയെ പഞ്ചായത്ത് പ്രസിഡന്റാക്കിയത്. സ്വതന്ത്രന്റെ പിന്തുണയോടെ ഭരണം പിടിക്കാമെന്ന യുഡിഎഫിന്റെ വ്യാമോഹം തല്ലിക്കെടുത്തിയാണ് അവസാന നിമിഷം അപ്രതീക്ഷിത നീക്കം നടന്നത്. ഇതിന്റെ പേരിൽ ബിജെപിയും സിപിഎമ്മും കേരളാ കോൺഗ്രസും(എം) വിവാദച്ചുഴിയിൽ വീണെങ്കിലും ഒന്നും സംഭവിച്ചില്ല. ബിജെപി തങ്ങളുടെ രണ്ട് അംഗങ്ങൾക്കെതിരേ നടപടി എടുത്തു.
കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടമായ പ്രസിഡന്റ് സ്ഥാനം തിരികെ പിടിക്കുക എന്ന ലക്ഷ്യത്തോടെ കൊണ്ടു വന്ന അവിശ്വാസ പ്രമേയം ചർച്ചയ്ക്ക് പോലും എടുക്കാൻ സാധിക്കാതെ പോയതിന്റെ കാരണം യുഡിഎഫിലെ കേരളാ കോൺഗ്രസ് അംഗമാണ്. ഏതെങ്കിലും കാരണവശാൽ ഭരണമാറ്റം ഉണ്ടായാൽ പ്രസിഡന്റ് സ്ഥാനം തങ്ങൾക്ക് വേണമെന്ന് കേരളാ കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. അവിശ്വാസത്തിന് നോട്ടീസ് കൊടുക്കുമ്പോൾ ഒപ്പിടാൻ പോലും കേരളാ കോൺഗ്രസ് അംഗം ഉണ്ടായിരുന്നില്ല. ഈ തർക്കം പരിഹരിക്കാൻ കോൺഗ്രസിന് കഴിഞ്ഞതുമില്ല. ഇനി കേരളാ കോൺഗ്രസ് അംഗം പങ്കെടുക്കുകയും ചർച്ച നടക്കുകയും ചെയ്തിരുന്നുവെങ്കിലും പ്രസിഡന്റ് പുറത്താകുമായിരുന്നില്ല. എൽഡിഎഫിനൊപ്പം ബിജെപി കൂടി വിട്ടു നിന്നതോടെ ചർച്ചയും വോട്ടെടുപ്പും അപ്രസക്തമാകും. തെരഞ്ഞെടുപ്പിന് ശേഷമുണ്ടാക്കിയ സഖ്യം ഇപ്പോഴും എൽഡിഎഫും ബിജെപിയും തുടരുന്നുവെന്ന് പറയാം.
13 അംഗ പഞ്ചായത്ത് കമ്മറ്റിയിലേക്ക് അഞ്ചു വീതം സീറ്റുകളിൽ എൽഡിഎഫും യു.ഡി.എഫും വിജയിച്ചപ്പോൾ രണ്ടു സീറ്റ് ബിജെപിയും ഒന്ന് സ്വതന്ത്രനും നേടി.യുഡിഎഫിലെ നാല് കോൺഗ്രസ് അംഗങ്ങളും ഒരു സ്വതന്ത്രനും ഉൾപ്പെടെ അഞ്ചു പേരാണ് അവിശ്വാസത്തിന് നോട്ടീസ് നൽകിയത്. വൈസ് പ്രസിഡന്റ് സിന്ധു സഞ്ജയൻ, മിനി തോമസ്, മിനു ഷാജി, പ്രസന്നകുമാരി, സ്വതന്ത്രൻ കെ.ആർ. പ്രകാശ് എന്നിവരാണ് പ്രമേയത്തിൽ ഒപ്പിട്ടിട്ടുള്ളത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്