- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വീകരിക്കുന്ന നിക്ഷേപത്തിന് വ്യാജരസീത്; ബാങ്കിലെ ബുക്കിൽ രേഖപ്പെടുത്തുന്നത് നേർപകുതി; മാസങ്ങൾ കഴിയുമ്പോൾ അതും നിക്ഷേപകന് വായ്പയായി തിരികെ നൽകിയെന്ന് രേഖ; സിപിഎം നേതൃത്വം നൽകുന്ന റാന്നി കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സഹകരണ സംഘത്തിൽ നിന്ന് വെട്ടിച്ചത് ഒരു കോടിയിലധികം
പത്തനംതിട്ട: വൻകിട ബാങ്കുകളിൽ നിന്ന് നീരവ് മോദിമാർ കോടികൾ വെട്ടിച്ച് വിദേശത്തേക്ക് കടക്കുമ്പോൾ അതിനെതിരേ വാതോരാതെ പ്രസംഗിക്കുന്നവരാണ് സിപിഐഎം നേതാക്കൾ. എന്നാൽ ഇവിടെ ഇതാ, സിപിഐഎം നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഒരു കൊച്ചു സഹകരണ സംഘത്തിൽ നിന്ന് ഒരു കോടി രൂപ അടിച്ചു മാറ്റിയിരിക്കുന്നു. പരാതി വന്നപ്പോൾ അടിച്ചു മാറ്റിയവരെ കാണാനേയില്ല. ഭരണസമിതിയുടെ തലപ്പത്തുള്ളവർ കൈമലർത്തി കാണിക്കുന്നു. പാർട്ടിക്കും ഇതൊരു വിഷയമല്ല. റാന്നി കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സഹകരണ സംഘത്തിലാണ് ഒരു കോടിയിലേറെ രൂപയുടെ വെട്ടിപ്പ് നടന്നിരിക്കുന്നത്. സഹകരണസംഘം അസി.രജിസ്ട്രാറുടെ ഓഫീസ് നടത്തിയ അന്വേഷണത്തിലും തെളിവെടുപ്പിലും 1.10 കോടി രൂപയുടെ തട്ടിപ്പു നടന്നതായി കണ്ടെത്തി. അസി. രജിസ്ട്രാർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സിപിഎമ്മിന്റെ അറിയപ്പെടുന്ന നേതാവ് വെച്ചൂച്ചിറ പുന്നോലിക്കുന്നേൽ പുന്നൂസ് സംഘം സെക്രട്ടറിയായിരുന്ന കാലത്താണ് വൻ വെട്ടിപ്പു നടന്നത്. ഇദ്ദേഹത്തെ സെക്രട്ടറി സ്ഥാനത്തു നിന്നും താൽക്കാലികമായി നീക്കിയിട്ടുണ്ട്. സംഘം ഭരണ സമ
പത്തനംതിട്ട: വൻകിട ബാങ്കുകളിൽ നിന്ന് നീരവ് മോദിമാർ കോടികൾ വെട്ടിച്ച് വിദേശത്തേക്ക് കടക്കുമ്പോൾ അതിനെതിരേ വാതോരാതെ പ്രസംഗിക്കുന്നവരാണ് സിപിഐഎം നേതാക്കൾ. എന്നാൽ ഇവിടെ ഇതാ, സിപിഐഎം നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഒരു കൊച്ചു സഹകരണ സംഘത്തിൽ നിന്ന് ഒരു കോടി രൂപ അടിച്ചു മാറ്റിയിരിക്കുന്നു. പരാതി വന്നപ്പോൾ അടിച്ചു മാറ്റിയവരെ കാണാനേയില്ല.
ഭരണസമിതിയുടെ തലപ്പത്തുള്ളവർ കൈമലർത്തി കാണിക്കുന്നു. പാർട്ടിക്കും ഇതൊരു വിഷയമല്ല. റാന്നി കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സഹകരണ സംഘത്തിലാണ് ഒരു കോടിയിലേറെ രൂപയുടെ വെട്ടിപ്പ് നടന്നിരിക്കുന്നത്. സഹകരണസംഘം അസി.രജിസ്ട്രാറുടെ ഓഫീസ് നടത്തിയ അന്വേഷണത്തിലും തെളിവെടുപ്പിലും 1.10 കോടി രൂപയുടെ തട്ടിപ്പു നടന്നതായി കണ്ടെത്തി. അസി. രജിസ്ട്രാർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സിപിഎമ്മിന്റെ അറിയപ്പെടുന്ന നേതാവ് വെച്ചൂച്ചിറ പുന്നോലിക്കുന്നേൽ പുന്നൂസ് സംഘം സെക്രട്ടറിയായിരുന്ന കാലത്താണ് വൻ വെട്ടിപ്പു നടന്നത്. ഇദ്ദേഹത്തെ സെക്രട്ടറി സ്ഥാനത്തു നിന്നും താൽക്കാലികമായി നീക്കിയിട്ടുണ്ട്.
സംഘം ഭരണ സമിതി ഇദ്ദേഹത്തിനെതിരെ പരാതിയും നൽകിയിരുന്നു. ഇതിന്റെയും പണം നഷ്ടപ്പെട്ടവർ നൽകിയ പരാതികളുടേയും അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ സംഘം രേഖകൾ പരിശോധിച്ചും പണം നഷ്ടപ്പെട്ടവരെ നോട്ടീസ് നൽകി വരുത്തി തെളിവെടുപ്പ് നടത്തിയത്.
ആരും പെട്ടെന്നു ശ്രദ്ധിക്കാത്ത രീതിയിലായിരുന്നു പണാപഹരണം. സംഘത്തിൽ സ്ഥിര നിക്ഷേപം നടത്തിയവരാണ് ഏറെയും ചതിക്കുഴിയിൽപ്പെട്ടത്. ഇവർക്കു നൽകിയ നിക്ഷേപ സർട്ടിഫിക്കറ്റിലും ബാങ്ക് രേഖയിലും ചേർത്തിട്ടുള്ള തുകകളിൽ വൻ വ്യത്യാസമാണുള്ളത്. എട്ടു ലക്ഷം രൂപ വരെ നിക്ഷേപിച്ച ചിലരുടെ അക്കൗണ്ടിൽ ഒന്നോ രണ്ടോ ലക്ഷം രൂപ മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ഇവർക്ക് എട്ടു ലക്ഷം സ്ഥിര നിക്ഷേപത്തിന്റെ സർട്ടിഫിക്കറ്റും നൽകിയിരുന്നു.
ഇങ്ങനെ നൽകിയ സർട്ടിഫിക്കറ്റുകളിൽ ഏറെയും വ്യാജമാണെന്നാണ് സംശയം. തട്ടിപ്പിന്റെ വേറിട്ട ശൈലിയാണ് സംഘം ഓഫീസിൽ നടന്നത്. സ്ഥിര നിക്ഷേപം നടത്തിയ പലരും അതിൽ നിന്നും പരമാവധി തുക വായ്പ എടുത്തതായാണ് രേഖകളിൽ ഉള്ളത്. എന്നാൽ നിക്ഷേപകരിൽ ബഹു ഭൂരിഭാഗവും ഇത്തരത്തിൽ നിക്ഷേപത്തിൽ നിന്നും വായ്പ എടുത്തിട്ടില്ല. അഞ്ചു ലക്ഷം രൂപ നിക്ഷേപിച്ചവരിൽ നിന്നും അവർ പോലും അറിയാതെ നാലര ലക്ഷം രൂപ വരെ വായ്പയായി എഴുതി എടുത്തു. അതിനാൽ നിക്ഷേപകർക്ക് അവരുടെ തുക നഷ്ടപ്പെട്ടതിനു പുറമെ വായ്പ എടുത്തെന്ന കണക്കിൽ വലിയ തുക പലിശയായി നൽകേണ്ട ഗതികേടുമാണ് ഉള്ളത്. ലക്ഷങ്ങളുടെ തട്ടിപ്പു നടന്നതായാണ് ആദ്യം കണക്കാക്കിയിരുന്നത്. ഇപ്പോഴും പൂർണമല്ലാത്ത റിപ്പോർട്ട് പ്രകാരം നിക്ഷേപത്തിൽ നിന്നും 90 ലക്ഷം രൂപയും ചിട്ടിയിലും വ്യാജ വായ്പയിലും നിന്നും 20 ലക്ഷം രൂപയും നഷ്ടമായതായാണ് കണ്ടെത്തിയിട്ടുള്ളത്.
എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സഹകരണ സംഘം തുടങ്ങിയ കാലം മുതലുള്ള സെക്രട്ടറി ആണ് പുന്നൂസ്. സിപിഐഎമ്മാണ് സംഘം ഭരിക്കുന്നത്. സംഘത്തിൽ വർഷം തോറും ഓഡിറ്റ് നടക്കുന്നുണ്ടെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. എന്നാൽ വെട്ടിപ്പ് ഇവർ കണ്ടെത്തിയിട്ടില്ല. ഓഡിറ്റർമാരും തട്ടിപ്പിനു കൂട്ടു നിന്നതായാണ് പണം നഷ്ടപ്പെട്ടവരുടെ ആരോപണം.
സംഘത്തിന്റെ നേതൃത്വത്തിൽ മേഖലയിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും പ്രതിദിന കളക്ഷൻ എടുത്തിരുന്നു. ഇത്തരത്തിൽ പണം നിക്ഷേപിച്ച നിരവധി വ്യാപാരികൾക്കാണ് തുക ഏറെ നഷ്ടപ്പെട്ടത്. സർവീസിൽ ഉള്ളവരും പെൻഷൻ പറ്റിയവരും സംഘത്തിൽ അടച്ച സമ്പാദ്യം അപ്പാടെ നഷ്ടപ്പെട്ടിരിക്കുകയാണ്. സംഘം സെക്രട്ടറി മാത്രമായി കോടിയിലേറെ രൂപയുടെ പണാപഹരണം നടത്തിയെന്ന് ആരും കരുതുന്നില്ല.
സംഘത്തിന്റെ ഭരണ സമിതിയിൽ ഉള്ളവർക്കും ഇതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞു മാറാനാകില്ലെന്ന് നിക്ഷപകർ പറയുന്നു. പണം നഷ്ടപ്പെട്ടവരിൽ ചിലർ സംഘം സെക്രട്ടറിയുമായി ബന്ധപ്പെട്ടപ്പോൾ അദ്ദേഹവും ഇക്കാര്യം സ്ഥിരീകരിച്ചുവത്രേ. ഭരണ സമിതി പരാതി നൽകിയതിനെ തുടർന്ന് പൊലീസ് എഫ്ഐആർ തയാറാക്കിയിരുന്നു. തൊട്ടടുത്ത ദിവസം തന്നെ സംഘം സെക്രട്ടറി മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചത് ആരോപണങ്ങൾക്ക് ശക്തി പകരുന്നു. ജില്ലാ കോടതിയിലും ഹൈക്കോടതിയിലും സെക്രട്ടറി മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും അനുവദിക്കപ്പെട്ടില്ല.
ക്രിസ്മസിനോടനുബന്ധിച്ചാണ് സെക്രട്ടറി ഒളിവിൽ പോയത്. പെട്ടെന്നുണ്ടായ തോന്നലിൽ ധ്യാനത്തിനു പോയതാണെന്നായിരുന്നു പ്രചരണം. എന്നാൽ ബാങ്കിൽ തിരിച്ചെത്തിയതിനു പിന്നാലെയാണ് ലക്ഷങ്ങളുടെ തട്ടിപ്പു വിവരം ഒന്നൊന്നായി പുറത്തു വന്നത്.