പത്തനംതിട്ട: കെഎസ്ആർടിസി ബസ് സ്റ്റേഷനുകളിൽ യാത്രക്കാർക്ക് ഒന്നും രണ്ടും കഴിക്കാനുള്ള സൗകര്യമൊരുക്കിയില്ലെങ്കിൽ ഇങ്ങനിരിക്കും. മൂത്രശങ്ക കലശലായ യാത്രക്കാരൻ പുറപ്പെടാനൊരുങ്ങി നിന്ന കെഎസ്ആർടിസി ബസിനുള്ളിൽ തന്നെ കാര്യം സാധിച്ചു. റാന്നി ഡിപ്പോയിൽ ഞായറാഴ്ച രാത്രി ഏഴേമുക്കാലിനാണ് സംഭവം.

ബസിന്റെ പിന്നിലെ സീറ്റിലിരുന്ന വിരുതൻ ശങ്ക തീർക്കുന്നത് മറ്റു യാത്രക്കാർ കൈയോടെ പൊക്കുകയായിരുന്നു. ഉറക്കത്തിൽ സ്വപ്നം കണ്ട് അറിയാതെ പോയതാണെന്നായിരുന്നു യാത്രക്കാരന്റെ മറുപടി. തിരുവല്ലയിലേക്കു പുറപ്പെടാൻ സ്റ്റാൻഡിൽ പിടിച്ചിട്ട ബസിലായിരുന്നു സംഭവം. തെളിവു സഹിതം പൊക്കിയതോടെ കൃത്യം നടത്തിയവൻ തന്നെ ബസിൽ മൂത്രം വീണ ഭാഗം കഴുകണമെന്നായി ജീവനക്കാരും യാത്രക്കാരും. എന്നാൽ യാത്രക്കാരൻ ഇതിനു വഴങ്ങിയില്ല.

ഫുട്ബോൾ കളി കഴിഞ്ഞു മടങ്ങിവവരും ഇതേ ബസിൽ യാത്ര ചെയ്യേണ്ടിയിരുന്നവരുമായ ചില ചെറുപ്പക്കാർ പ്രശ്നപരിഹാരത്തിനു മുൻകൈ എടുത്തു. അവർ തന്നെ ബക്കറ്റും വെള്ളവും സംഘടിപ്പിച്ച് ബസ് കഴുകി. പത്തു മിനിറ്റിലേറെ വൈകി ബസ് യാത്ര തുടരുകയും ചെയ്തു. കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിൽ എത്തുന്ന യാത്രക്കാർക്ക് പ്രാഥമിക കൃത്യ നിർവഹണത്തിന് സൗകര്യം ഒരുക്കാത്തത് ഏറെ വിവാദങ്ങൾക്ക് ഇടയാക്കുന്നുണ്ട്.

സ്വകാര്യ ബസ്സ്റ്റേഷനിലെ കംഫർട്ട് സ്റ്റേഷനാണ് ആകെയുള്ള ആശ്രയം. ദൂരെ സ്ഥലങ്ങളിൽ നിന്നും എത്തുന്ന വനിതകളും മറ്റും ഡിപ്പോ പരിസരത്ത് കംഫർട്ട് സ്റ്റേഷൻ ഇല്ലാത്തതിന്റെ വലിയ ബുദ്ധിമുട്ടാണ് സഹിക്കുന്നത്. ഡിപ്പോയ്ക്കു വെളിയിൽ ശബരിമല ഇടത്താവളത്തോടു ചേർന്ന് തകര ഷീറ്റിട്ടു മറച്ച ഒരു താൽക്കാലിക മൂത്രപ്പുര ഉണ്ടെങ്കിലും അവിടേക്കു പോകാൻ ആരും തയാറല്ല.