പത്തനംതിട്ട: റാന്നി ഗ്രാമ പഞ്ചായത്തിൽ യുഡിഎഫിന്റെ കണക്കൂകൂട്ടലുകൾ തെറ്റിച്ച് ബിജെപിയുടെ പിന്തുണയോടെ എൽഡിഎഫ് ഭരണത്തിൽ. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബിജെപിയുടെ രണ്ട് അംഗങ്ങൾ എൽ.ഡി.എഫിന്റെ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തു. കേരള കോൺഗ്രസ്(എം) പ്രതിനിധിയായ ശോഭ ചാർളിയെയയാണ് പ്രസിഡന്റായി തിരഞ്ഞെടുത്തത്. ബിജെപിയുടെ രണ്ട് വോട്ട് ഉൾപ്പെടെ ഏഴ് വോട്ടുകൾ ശോഭ ചാർളിക്ക് ലഭിച്ചു.

റാന്നിയിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും അഞ്ച് വീതം സീറ്റുകളും ബിജെപിക്ക് രണ്ട് സീറ്റുകളുമാണുള്ളത്. ഒരു സ്വതന്ത്രനും വിജയിച്ചിരുന്നു. സ്വതന്ത്രന്റെ പിന്തുണയോടെ യു.ഡി.എഫ് അധികാരത്തിലെത്തുമെന്നായിരുന്നു അവസാനനിമിഷം വരെയുണ്ടായിരുന്ന കണക്കുക്കൂട്ടൽ. സ്വതന്ത്രനായ കെ.ആർ. പ്രകാശ് കുഴിക്കാലയിൽ യു.ഡി.എഫിന്റെ പിന്തുണയോടെ പ്രസിഡന്റാകുമെന്നും പിന്നീട് ചർച്ചയിൽ ധാരണയായിരുന്നു. എന്നാൽ അപ്രതീക്ഷിതമായിട്ടാണ് എൽ.ഡി.എഫും ബിജെപിയും റാന്നിയിൽ കൈകോർത്തത്.

എൽ.ഡി.എഫിൽ സിപിഎമ്മിന് നാല് സീറ്റുകളും കേരള കോൺഗ്രസി(എം)ന് ഒരു സീറ്റുമാണുള്ളത്. യു.ഡി.എഫിൽ കോൺഗ്രസ് നാലിടത്തും കേരള കോൺഗ്രസ് (പി.ജെ.ജോസഫ്) ഒരിടത്തും വിജയിച്ചു.