- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എൽഡിഎഫ് റാന്നി നിയോജക മണ്ഡലം കമ്മറ്റി യോഗം ഇന്ന്; നിങ്ങളുടെ ശക്തി കാണട്ടേയെന്ന് കേരളാ കോൺഗ്രസിനോട് സിപിഎം; നിർജീവമായ മണ്ഡലം കമ്മറ്റിയിൽ ആളെ സംഘടിപ്പിക്കാൻ മാണി നേതാക്കളുടെ നെട്ടോട്ടം; മറ്റു മണ്ഡലങ്ങളിലുള്ള പരമാവധി പ്രവർത്തകരോട് എത്താൻ നിർദ്ദേശം; കിട്ടിയ സീറ്റ് നിലനിർത്താൻ പെടാപ്പാടുമായി മാണി ഗ്രൂപ്പ്
റാന്നി: ഇടതുപക്ഷ ജനാധിപത്യ മുന്നണി നിയോജക മണ്ഡലം കൺവൻഷൻ ഇന്ന് വൈകിട്ട് ചേരാനിരിക്കേ പ്രവർത്തകരെ സംഘടിപ്പിക്കാൻ കേരളാ കോൺഗ്രസ്(എം) നേതാക്കളുടെ നെട്ടോട്ടം. നിയോജക മണ്ഡലം കമ്മറ്റി പോലും നിർജീവമായ റാന്നിയിൽ മറ്റു മണ്ഡലങ്ങളിൽ നിന്ന് പ്രവർത്തകരെ ഇറക്കി മുഖം രക്ഷിക്കാനുള്ള നീക്കം തകൃതിയായി നടക്കുകയാണ്. 25 വർഷം രാജു ഏബ്രഹാം എംഎൽഎ കൈവശം വച്ചിരുന്ന മണ്ഡലമാണ് ഇക്കുറി ഒരു ആലോചനയും ജില്ലാ കമ്മറ്റിയോട് നടത്താതെ സിപിഎം സംസ്ഥാന നേതൃത്വം മാണി ഗ്രൂപ്പിന് നൽകിയത്. ഇതേ തുടർന്ന് സിപിഎമ്മിനുള്ളിൽ അതൃപ്തി വളരുകയാണ്.
മാണി ഗ്രൂപ്പ് ദുർബലമായ മണ്ഡലമാണ് റാന്നി. ഇവിടെ നിന്നുള്ള രണ്ടു സംസ്ഥാന നേതാക്കൾ ഏറെ നാളായി പ്രവർത്തനത്തിൽ നിന്ന് വിട്ടു നിൽക്കുകയാണ്. മണ്ഡലം കമ്മറ്റിയുടെ പ്രവർത്തനവും പേരിന് മാത്രമാണ്. കമ്മറ്റി യോഗം ചേരാതെ ചേർന്നുവെന്ന് പത്രക്കുറിപ്പ് ഇറക്കുക മാത്രമാണ് ചെയ്യുന്നതെന്നാണ് അസംതൃപ്തരായ പ്രവർത്തകർ പറയുന്നത്. ഇതിനെതിരേ നേരത്തേ തന്നെ പ്രതിഷേധം ഉയർന്നിരുന്നു. സംസ്ഥാന കമ്മറ്റി അംഗവും ജില്ലാ സെക്രട്ടറിയുമായ ഷാജി തേക്കാട്ടിൽ, ദളിത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റായിരുന്ന ഇ.കെ. ചെല്ലപ്പന്റെ മകനും സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ജയകുമാർ എന്നിവരെ രണ്ടു വർഷമായി പ്രവർത്തനങ്ങളിൽ നിന്ന് അകറ്റി നിർത്തുകയായിരുന്നുവെന്ന് പറയുന്നു. ഇതു കാരണം ഇവർക്കൊപ്പമുള്ള പ്രവർത്തകരും അമർഷത്തിലാണ്. പാർട്ടി പരിപാടികളിൽ പങ്കാളിത്തം കുറയാൻ കാരണമിതാണ്.
നിങ്ങൾ നിയോജക മണ്ഡലത്തിൽ എത്രത്തോളം പ്രവർത്തകരുണ്ടെന്ന് അറിയണമെന്നാണ് സിപിഎം നിലപാട്. ഇതേ ആശയം തന്നെ ജോസ് കെ മാണിയുടെ മുന്നോട്ട് വച്ചതോടെയാണ് ജില്ലാ നേതൃത്വം വെട്ടിലായിരിക്കുന്നത്. നിയോജക മണ്ഡലം കമ്മറ്റി വിളിക്കാൻ തീരുമാനിച്ചത് പോലും ഈ കാരണത്താലാണ്. സിപിഎമ്മിന്റെ കോട്ടയാണ് കേരളാ കോൺഗ്രസിന് നൽകിയിരിക്കുന്നത്. ചുരുങ്ങിയത് 500 പ്രവർത്തകരെ എങ്കിലും പങ്കെടുപ്പിച്ചില്ലെങ്കിൽ നാണക്കേടാകും. ഇതു കാരണമാണ്ആളെ കൂട്ടാൻ നേതാക്കൾ നെട്ടോട്ടം തുടങ്ങിയിരിക്കുന്നത്. മറ്റു മണ്ഡലങ്ങളിൽ നിന്നുള്ള പ്രധാന നേതാക്കളെ ഒഴിവാക്കി സാധാരണ പ്രവർത്തകരെ കൊണ്ടു വരാനാണ് നീക്കം. നേതാക്കൾ വന്നാൽ തിരിച്ചറിയുമെന്ന് കണ്ടാണ് ഇത്തരമൊരു നീക്കം. അണികളോട് ആരെങ്കിലും ചോദിച്ചാൽ റാന്നി മണ്ഡലമാണെന്ന് പറയാനും നിർദ്ദേശമുണ്ടത്രേ.
രണ്ടു വർഷമായി ജില്ലാ പ്രസിഡന്റ് എൻഎം രാജുവും പ്രവർത്തകരും രണ്ടു വർഷമായി റാന്നി കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയായിരുന്നു. സീറ്റ് ലക്ഷ്യമിട്ടായിരുന്നു രാജുവിന്റെ പ്രവർത്തനം. ജില്ലാ പ്രസിഡന്റ് മത്സരിച്ചാൽ മൂന്നാം സ്ഥാനത്തേക്ക് പോകുമെന്ന് ജോസ് കെ മാണിക്ക് റിപ്പോർട്ട് കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് വിശ്വസ്തനായ പ്രമോദ് നാരായണന് സീറ്റ് കൊടുത്തത്. കാത്തു സൂക്ഷിച്ച കസ്തൂരി മാമ്പഴം കാക്ക കൊത്തിപ്പോയതിന്റെ സങ്കടത്തിൽ നിൽക്കുകയാണ് എൻഎം രാജു. അതിനിടെയാണ് ഇപ്പോൾ ഇങ്ങനെ ഒരു നിർദ്ദേശവും വന്നിരിക്കുന്നത്.
നായർ വോട്ടുകൾ തുണച്ച് പ്രമോദ് നാരായണൻ വിജയിക്കുമെന്നാണ് മാണി ഗ്രൂപ്പ് കരുതുന്നത്. എൽഡിഎഫിന്റെയും എൻഡിഎയുടെയും സ്ഥാനാർത്ഥികൾ മണ്ഡലത്തിന് വെളിയിൽ നിന്നുള്ളവരാണ്. അതിൽ എൻഡിഎ സ്ഥാനാർത്ഥി കെ പത്മകുമാർ ജില്ലയ്ക്കുള്ളിൽ ഉള്ളയാളാണ്. എൽഡിഎഫ് സ്ഥാനാർത്ഥി പ്രമോദ് നാരായണൻ ആലപ്പുഴ ജില്ലക്കാരനാണ്. യുഡിഎഫ് സ്ഥാനാർത്ഥി റിങ്കു ചെറിയാൻ റാന്നിക്കാരനും മുൻ എംഎൽഎ എംസി ചെറിയാന്റെ മകനുമാണ്. സ്ഥാനാർത്ഥി നിർണയത്തിൽ സിപിഎമ്മിലുണ്ടായിരിക്കുന്ന പ്രതിഷേധം കൂടി കണക്കിലെടുത്താൽ ജയിക്കാൻ മാണി ഗ്രൂപ്പ് പെടാപ്പാട് പെടേണ്ടി വരും.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്