കൊച്ചി: ഗുജറാത്ത് ജാംനഗറിൽ താമസിക്കുന്ന റാന്നി സ്വദേശിനിയെ മതംമാറ്റി വിവാഹംചെയ്ത് സിറിയയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെന്ന പരാതിയിൽ പറവൂർ സ്വദേശികളായ രണ്ട് പേർ പിടിയിൽ.

ഗുജറാത്തിൽ സ്ഥിരതാമസമാക്കിയ പത്തനംതിട്ട സ്വദേശിനിയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഈ വിഷയത്തിൽ ഹൈക്കോടതി നിർദ്ദേശിച്ചാൽ അന്വേഷിക്കാമെന്ന് എൻ.ഐ.എ. ഹൈക്കോടതിയെ അറിയിച്ചിരുന്നു. തന്നെ വിവാഹംചെയ്ത ന്യൂ മാഹി പെരിങ്ങണ്ടി സ്വദേശി മുഹമ്മദ് റിയാസിനെതിരെയാണ് യുവതി പരാതി നൽകിയത്. കോടതി ഇടപെടലിനെ തുടർന്നാണ് കേസിൽ പൊലീസ് നടപടികൾ തുടങ്ങിയത്.

പെരുവാരം മന്ദിയേടത്ത് ഫയാസ് ജമാൽ (23), മാഞ്ഞാലി തലക്കാട്ട് വീട്ടിൽ സിയാദ് (48) എന്നിവരെ പൊലീസും എൻ.ഐ.എയും ചോദ്യംചെയ്തുവരികയാണ്. ഇന്നലെ പുലർച്ചെ ആലുവ ഡിവൈ.എസ് പിയുടെ നേതൃത്വത്തിൽ വീട് റെയ്ഡ് ചെയ്താണ് ഇവരെ പിടികൂടിയത്. മൊബൈൽ ഫോണടക്കം രേഖകൾ പിടിച്ചെടുത്തു.

ഗൾഫിലുള്ള കേസിലെ ഒന്നാം പ്രതിയായ മുഹമ്മദ് റിയാസിന്റെ അടുത്ത ബന്ധുവാണ് ഫയാസ് ജമാൽ. മാഞ്ഞാലിയിൽ യുവതിയെ താമസിപ്പിക്കുന്നതടക്കമുള്ള സഹായം നൽകിയത് സിയാദാണ്. ഹിന്ദു മതത്തിൽ നിന്നു നിർബന്ധിച്ച് മാറ്റിയശേഷം വ്യാജവിവാഹ സർട്ടിഫിക്കറ്റ് ഉണ്ടാക്കി സൗദി അറേബ്യയിലേക്കു കൊണ്ടുപോകുകയും അവിടെ വച്ച് സിറിയയിലേക്ക് കടത്താൻ ശ്രമിക്കുകയുമായിരുന്നു.

ഹൈക്കോടതി നിർദ്ദേശപ്രകാരം ഒരാഴ്ച മുമ്പ് പറവൂർ സബ് ഇൻസ്‌പെക്ടർ ഗുജറാത്തിൽ പോയി യുവതിയുടെ മൊഴിയെടുത്തിരുന്നു. ബംഗളൂരുവിലെ ഒരു സ്ത്രീയും രണ്ട് അഭിഭാഷകരും കേസിലുൾപ്പെടുന്നു. കണ്ണൂർ സ്വദേശികളായ നാലു പേരെയും പിടികൂടാൻ സാധിച്ചിട്ടില്ല. 2014 ൽ ബെംഗളൂരുവിൽ അനിമേഷൻ കോഴ്‌സ് പഠിക്കുന്ന സമയത്താണ് മുഹമ്മദ് റിയാസിനുമായി യുവതി പ്രണയത്തിലായത്. 2015 നവംബറിൽ റിയാസ് ശാരീരിക ബന്ധം പുലർത്തിയെന്നും ഇതു ചിത്രീകരിച്ചത് കാണിച്ച് ഭീഷണിപ്പെടുത്തി മതം മാറ്റിയാണ് വിവാഹം കഴിച്ചതെന്നും പരാതിയിൽ പറയുന്നു.

മതം മാറിയതോടെ മുസ്ലിം പേര് സ്വീകരിച്ചു. വ്യാജ രേഖ ചമച്ച് ആധാർ കാർഡ് ഉണ്ടാക്കി 2016 മെയ് 21 ന് റിയാസ് വിവാഹം രജിസ്റ്റർ ചെയ്തു. പിന്നീട് ഹർജിക്കാരിയെ സൗദിയിലേക്കും സിറിയയിലേക്കും കൊണ്ടുപോകാനായി പാസ്‌പോർട്ട് എടുപ്പിച്ചു. സക്കീർ നായിക്കിന്റെ മതപ്രഭാഷണമനുസരിച്ച് പർദ ധരിക്കാനും ഐസിസിനെ പിന്തുണയ്ക്കാനും പറഞ്ഞു. റിയാസിനെ ഭയന്ന് 2016 ഒക്ടോബർ 15 ന് ബെംഗളൂരുവിൽ നിന്ന് അഹമ്മദാബാദിലേക്ക് പോയെന്നും ഹർജിയിൽ പറയുന്നു.

എന്നാൽ യുവതിയെ പിതാവ് തടങ്കലിലാക്കിയെന്നാരോപിച്ച് റിയാസ് നൽകിയ ഹർജിയിൽ തനിക്ക് റിയാസിനൊപ്പം പോകാൻ ഇഷ്ടമാണെന്ന് അവർ പറഞ്ഞിരുന്നു. തുടർന്ന് 2017 ജനുവരി 23 ന് റിയാസിനൊപ്പം പോകാൻ അനുവദിച്ച് ഹൈക്കോടതി ഉത്തരവായി. ഇതിനുശേഷം താൻ റിയാസിന്റെയും മാതാപിതാക്കളുടെയും നിയന്ത്രണത്തിലായെന്നും മാതാപിതാക്കളെ ഫോണിൽ വിളിക്കാൻ പോലും അനുവദിച്ചില്ലെന്നും പെൺകുട്ടി ആരോപിക്കുന്നു.

റിയാസും മാതാപിതാക്കളും ചേർന്ന് തന്നെ ജിദ്ദയിലേക്ക് കൊണ്ടുപോയി മാനസികമായും ശാരീരികമായും ഉപദ്രവിച്ചു. സിറിയയിലേക്ക് കടത്താൻ നീക്കമുണ്ടെന്ന് അറിഞ്ഞതോടെ രക്ഷപ്പെട്ട് ഒക്ടോബർ അഞ്ചിന് അഹമ്മദാബാദിലെത്തിയെന്നും വിശദീകരിക്കുന്നു. സൗദിയിലെ അച്ഛന്റെ സുഹൃത്താണ് രക്ഷകനായത്.