- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ ജീവനക്കാരനാണെന്നത് മറച്ചുവച്ച് മൽസരിച്ചു: ഹർജിയിൽ എതിർ സ്ഥാനാർത്ഥിയെ കോടതി വിജയിയായി പ്രഖ്യാപിച്ചു: പുതിയ വിജയി സത്യപ്രതിജ്ഞയ്ക്ക് എത്തിയപ്പോൾ പഞ്ചായത്ത് പ്രസിഡന്റ് അസുഖം നടിച്ച് ആശുപത്രിയിൽ: ഓഫീസിൽ കുത്തിയിരുന്ന നിയുക്ത അംഗത്തെ പൊലീസ് അറസ്റ്റ് ചെയ്തു: റാന്നി നാറാണംമൂഴി പഞ്ചായത്തിലെ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു
പത്തനംതിട്ട: സർക്കാർ ജീവനക്കാരനാണെന്ന കാര്യം മറച്ചു വച്ച് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മൽസരിച്ചു. ഇടതു മുന്നണിയിൽ നിന്ന് വിജയിച്ച് അംഗമായിക്കഴിഞ്ഞപ്പോൾ എതിർസ്ഥാനാർത്ഥി കോടതിയെ സമീപിച്ചു. ചട്ടം ലംഘിച്ചതിന് കോടതി അംഗത്തെ അയോഗ്യനാക്കി എതിർ സ്ഥാനാർത്ഥിയെ വിജയിയായി പ്രഖ്യാപിച്ചു. കോടതി നിർദ്ദേശപ്രകാരം നിയുക്ത അംഗം സത്യപ്രതിജ്ഞയ്ക്ക് എത്തിയപ്പോൾ പഞ്ചായത്ത് പ്രസിഡന്റ് ആശുപത്രിയിൽ അഡ്‌മിറ്റായി. പ്രതിഷേധിച്ച് പഞ്ചായത്ത് ഓഫീസിൽ കുത്തിയിരുന്ന നിയുക്ത അംഗത്തെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പുതിയ അംഗത്തിന്റെ വരവോടെ ഇടതുമുന്നണിയുടെ ഭൂരിപക്ഷം നഷ്ടമായതാണ് റാന്നിക്ക് സമീപം നാറാണംമൂഴി പഞ്ചായത്തിൽ ഇന്നലെ നാടകീയ രംഗങ്ങൾ സൃഷ്ടിച്ചത്. ഹൈക്കോടതി നിർദ്ദേശപ്രകാരം 13-ാം വാർഡ് അംഗമായി സത്യപ്രതിജ്ഞ ചെയ്യാനെത്തിയ കക്കുടുമൺ കുമ്പിപ്പൊയ്കയിൽ കെജി സുരേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയലക്ഷ്യ ഹർജിയുമായി സുരേഷ് ഇന്ന് ഹൈക്കോടതിയെ സമീപിക്കും. സത്യപ്രതിജ്ഞയ്ക്കായി ഇന്നലെ രാവിലെ എത്തിയ സുരേഷ് ഓഫീസ് സമയം കഴിഞ്ഞിട്ടും ഇറങ്ങ
പത്തനംതിട്ട: സർക്കാർ ജീവനക്കാരനാണെന്ന കാര്യം മറച്ചു വച്ച് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മൽസരിച്ചു. ഇടതു മുന്നണിയിൽ നിന്ന് വിജയിച്ച് അംഗമായിക്കഴിഞ്ഞപ്പോൾ എതിർസ്ഥാനാർത്ഥി കോടതിയെ സമീപിച്ചു. ചട്ടം ലംഘിച്ചതിന് കോടതി അംഗത്തെ അയോഗ്യനാക്കി എതിർ സ്ഥാനാർത്ഥിയെ വിജയിയായി പ്രഖ്യാപിച്ചു. കോടതി നിർദ്ദേശപ്രകാരം നിയുക്ത അംഗം സത്യപ്രതിജ്ഞയ്ക്ക് എത്തിയപ്പോൾ പഞ്ചായത്ത് പ്രസിഡന്റ് ആശുപത്രിയിൽ അഡ്‌മിറ്റായി. പ്രതിഷേധിച്ച് പഞ്ചായത്ത് ഓഫീസിൽ കുത്തിയിരുന്ന നിയുക്ത അംഗത്തെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പുതിയ അംഗത്തിന്റെ വരവോടെ ഇടതുമുന്നണിയുടെ ഭൂരിപക്ഷം നഷ്ടമായതാണ് റാന്നിക്ക് സമീപം നാറാണംമൂഴി പഞ്ചായത്തിൽ ഇന്നലെ നാടകീയ രംഗങ്ങൾ സൃഷ്ടിച്ചത്.
ഹൈക്കോടതി നിർദ്ദേശപ്രകാരം 13-ാം വാർഡ് അംഗമായി സത്യപ്രതിജ്ഞ ചെയ്യാനെത്തിയ കക്കുടുമൺ കുമ്പിപ്പൊയ്കയിൽ കെജി സുരേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയലക്ഷ്യ ഹർജിയുമായി സുരേഷ് ഇന്ന് ഹൈക്കോടതിയെ സമീപിക്കും.
സത്യപ്രതിജ്ഞയ്ക്കായി ഇന്നലെ രാവിലെ എത്തിയ സുരേഷ് ഓഫീസ് സമയം കഴിഞ്ഞിട്ടും ഇറങ്ങാൻ കൂട്ടാക്കാത്തതിനെ തുടർന്നാണ് പെരുനാട് പൊലീസ് അറസ്റ്റ് ചെയ്തത്. സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കേണ്ട പഞ്ചായത്ത് പ്രസിഡന്റ് മോഹൻരാജ് ജേക്കബ് ചികിൽസയിൽ കഴിയുന്നതു കൊണ്ടാണ് ചടങ്ങ് മുടങ്ങിയതെന്നാണ് ജീവനക്കാർ പറയുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്ത് എത്തിയ യു.ഡി.എഫിലെ കോൺഗ്രസ് സ്ഥാനാർത്ഥിയും കഴിഞ്ഞ ഭരണ സമിതിയിലെ അംഗവുമാണ് കെ.ജി.സുരേഷ്. തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയിലെ സിപിഐഎം സ്ഥാനാർത്ഥി കക്കുടുമൺ പുത്തൻപുരയിൽ അജിത്തായിരുന്നു വിജയിച്ചത്. എന്നാൽ, അജിത്ത് ചേത്തയ്ക്കൽ റബർ ബോർഡ് പരീക്ഷണ തോട്ടത്തിലെ ജീവനക്കാരനാണെന്ന് കാണിച്ച് സുരേഷ് റാന്നി മുൻസിഫ് കോടതിയിൽ ഹർജി നൽകി. ഇത് പരിഗണിച്ച കോടതി അജിത്തിന്റെ നാമനിർദ്ദേശ പത്രിക അസാധുവാണെന്നു വിധിച്ച് സുരേഷിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. ഇതിനെതിരെ അജിത്ത് ജില്ലാ കോടതിയിൽ നൽകിയ അപ്പീൽ ഇന്നു പരിഗണിക്കാനിരിക്കേയാണ് ഇന്നലെ പഞ്ചായത്ത് ഓഫീസിൽ നാടകീയ രംഗങ്ങൾ ഉണ്ടായത്.
മുൻസിഫ് കോടതി വിധി നടപ്പാക്കി കിട്ടുന്നതുമായി ബന്ധപ്പെട്ട് സുരേഷ് നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഒക്ടോബർ 24 നോ അതിനു മുമ്പായോ സുരേഷിന്റെ സത്യപ്രതിജ്ഞ നടത്തണമെന്ന നിർദ്ദേശമായിരുന്നു ഹൈക്കോടതി നൽകിയിരുന്നത്. കോടതി വിധികളും തന്നെ സത്യപ്രതിജ്ഞ ചെയ്യിക്കണമെന്ന അപേക്ഷയും അടക്കം പഞ്ചായത്തു പ്രസിഡന്റ് അടക്കമുള്ളവർക്കു നൽകിയിരുന്നതായി സുരേഷ് പറഞ്ഞു. എന്നാൽ 23 വരെ ഇതു സംബന്ധിച്ച് പഞ്ചായത്ത് പ്രസിഡന്റിന്റെ ഭാഗത്തു നിന്നും തീരുമാനം ഉണ്ടായില്ല. അതിനാൽ ഹൈക്കോടതി നിർദ്ദേശിച്ച അവസാന തീയതിയായ ഇന്നലെ രാവിലെ തന്നെ സത്യപ്രതിജ്ഞ ചെയ്യാൻ സുരേഷ് പഞ്ചായത്ത് ഓഫീസിൽ എത്തുകയായിരുന്നു. ഓഫീസ് സമയം മുഴുവൻ സുരേഷ് കുത്തിയിരുന്നെങ്കിലും പ്രസിഡന്റ് എത്തിയില്ല. വൈകിട്ടാണ് പ്രസിഡന്റ് ചികിൽസയിലാണെന്ന് അധികൃതർ സുരേഷിനെ അറിയിച്ചത്. പ്രസിഡന്റ് വരുന്ന മുറയ്ക്ക് സത്യപ്രതിജ്ഞ ചെയ്യിക്കുമെന്നു കാണിച്ചുള്ള സെക്രട്ടറിയുടെ കത്ത് വൈകുന്നേരം സുരേഷിനു നൽകാൻ ശ്രമിച്ചെങ്കിലും കൈപ്പറ്റിയില്ല.
അഞ്ചു മണി കഴിഞ്ഞിട്ടും ഓഫീസിനുള്ളിൽ തന്നെ ഇരുന്ന സുരേഷിനോട് പുറത്തു പോകാൻ സ്ഥലത്തുണ്ടായിരുന്ന പെരുനാട് പൊലീസ് ആവശ്യപ്പെട്ടു. ഇതിനു തയാറാകാതിരുന്ന സുരേഷിനെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. ഹൈക്കോടതി നിർദ്ദേശം ഉണ്ടായിട്ടും ഇന്നലെ സുരേഷിനെ സത്യപ്രതിജ്ഞ ചെയ്യിക്കാതിരുന്നത് കോടതിയലക്ഷ്യമാണെന്നു ചൂണ്ടിക്കാട്ടി ഇന്നു ഹൈക്കോടതിയെ സമീപിക്കുമെന്ന് യുഡിഎഫ് നേതാക്കൾ പറഞ്ഞു. അറസ്റ്റിലായ സുരേഷിനെ പിന്നീട് യുഡിഎഫ് പ്രവർത്തകർ ജാമ്യത്തിലിറക്കി. 13 അംഗ പഞ്ചായത്ത് സമിതിയിൽ എൽഡിഎഫ്-ഏഴ്, യുഡിഎഫ്-അഞ്ച് എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില.
ഒരു സ്വതന്ത്രയും വിജയിച്ചിരുന്നു. സുരേഷ് സത്യപ്രതിജ്ഞ ചെയ്യുന്നതോടെ ഇരുമുന്നണികളുടെയും അംഗബലം തുല്യമാകും.ഇതോടെ സ്വതന്ത്രാംഗത്തിന്റെ നിലപാട് നിർണായകമാകും. ഈ സാഹചര്യത്തിലാണ് സുരേഷിന്റെ സത്യപ്രതിജ്ഞ ഇരു മുന്നണികൾക്കും പ്രധാന വിഷയമായി മാറുന്നത്.