- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് പ്രതിരോധത്തിൽ പഞ്ചായത്ത് കടക്കെണിയിലായി; പ്രതിസന്ധി മറികടക്കാൻ നാട്ടുകാരിൽ നിന്ന് പണം പിരിക്കും; ഒറ്റ ദിവസം ലക്ഷ്യമിടുന്നത് ഒരു കോടി; സിപിഎം ഭരണമുള്ള റാന്നി പെരുനാട് പഞ്ചായത്തിൽ നടക്കാൻ പോകുന്നത് കേട്ടു കേഴ്വിയില്ലാത്ത പിരിവ്: പ്രസിഡന്റ് പിണറായിക്ക് പഠിക്കുന്നുവെന്ന് വിമർശനം
പത്തനംതിട്ട: പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം എന്തൊക്കെ പേര് പറഞ്ഞായിരുന്നു പിരിവ്. ഓഖി, മഹാപ്രളയം, കോവിഡ് എന്നു വേണ്ട വാക്സിനിൽ വരെ പിരിവ് നടത്തി. സാലറി ചലഞ്ചെന്ന് പറഞ്ഞ് ജീവനക്കാരുടെ ശമ്പളത്തിൽ കൈയിട്ടു വാരി. ഒടുക്കം ഈ പണമെല്ലാം എങ്ങോട്ടു പോയി എന്നു ചോദിക്കുമ്പോൾ വായുവിൽ എഴുതി കൂട്ടിക്കാണിക്കുകയാണ്. പിണറായി വിജയന്റെ പിൻഗാമിയാകാൻ പഠിക്കുകയാണ് റാന്നി പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പിഎസ് മോഹനൻ.
സിപിഎം ഭരിക്കുന്ന പഞ്ചായത്ത് കോവിഡ് കാരണം കടക്കെണിയിലായെന്നും പ്രതിസന്ധി മറികടക്കാൻ ജനങ്ങൾ സഹകരിക്കണമെന്നുമാണ് പ്രസിഡന്റിന്റെ ആഹ്വാനം. ഇതിനായി ഒറ്റ ദിവസം കൊണ്ട് ഒരു കോടി രൂപ നാട്ടുകാരിൽ നിന്ന് പിരിക്കാനാണ് നീക്കം. ചരിത്രത്തിൽ പോലും കേട്ടുകേഴ്വിയില്ലാത്ത പിരിവിനാണ് പഞ്ചായത്ത് നാളെ സാക്ഷ്യം വഹിക്കുക. ആദിവാസികളും പട്ടിണിപ്പാവങ്ങളും ഏറെയുള്ള പഞ്ചായത്തിൽ ഒരു ദിവസത്തെ വേതനമാണ് ഭരണ സമിതി ചോദിക്കുന്നത്. എതിർപ്പുമായി കോൺഗ്രസും ബിജെപിയും രംഗത്തുണ്ട്. അതൊന്നും ഭരണ സമിതിയെ ബാധിക്കുന്നില്ല. അവർ പിരിവുമായി മുന്നോട്ടു പോവുക തന്നെയാണ്.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും ചികിത്സയ്ക്കുമായി ഒരു കോടിയിലധികം രൂപ ചെലവഴിച്ചതിലൂടെ ബാധ്യതയിലായതിനാൽ തുടർ പ്രവർത്തനങ്ങൾക്കായിട്ടാണ് ഫണ്ട് സമാഹരണമെന്നാണ് പറയുന്നത്. കോവിഡ് കരുതൽ സഹായ പദ്ധതിയിലേക്ക് ഒരു കോടി രൂപ പത്തിനകം സമാഹരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് പ്രസിഡന്റ് പി.എസ്. മോഹനൻ പറഞ്ഞു.
ഒറ്റ ദിവസം കൊണ്ട് ഒരു കോടി രൂപ സമാഹരിക്കാനാണ് തീരുമാനം. ശുചിത്വ ലക്ഷ്യങ്ങൾ മുൻനിർത്തി ക്ലീൻ പെരുനാട് പദ്ധതി, വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനങ്ങൾക്കായി ഇ ഗുരു (ഹൈടെക് ടീച്ചർ) പദ്ധതിയും നടപ്പിലാക്കുകയാണ് മറ്റൊരു ലക്ഷ്യം. പദ്ധതിക്കുള്ള പണം പഞ്ചായത്തിലെ 165 അയൽസഭകൾ വഴിയാണ് ശേഖരിക്കുന്നത്. ഏഴ്, എട്ട് തീയതികളിൽ ഓരോ ഭവനത്തിൽ നിന്നും ഒരു ദിവസത്തെ വേതനം സംഭാവനയായി ശേഖരിക്കും. പഞ്ചായത്ത് രാജ് നിയമത്തിലെ വ്യവസ്ഥകളും സംസ്ഥാന സർക്കാർ ഉത്തരവുകളും അംഗീകരിച്ചു കൊണ്ട് പഞ്ചായത്തുകളുടെ കൺസോർഷ്യത്തിന് പെരുനാട് പഞ്ചായത്ത് നേതൃത്വം നൽകുമെന്നും ഇത്തരമൊരു സമിതി വഴിയാണ് ധനസമാഹരണമെന്നും പ്രസിഡന്റ ്പറഞ്ഞു.
പദ്ധതിയുടെ നടത്തിപ്പിലേക്ക് പ്രമോദ് നാരായൺ എംഎൽഎ, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെഎസ് ഗോപി എന്നിവർ രക്ഷാധികാരികളായി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് പിഎസ് മോഹനനാണ് ചെയർമാൻ. ഗ്രാമപഞ്ചായത്ത് സെക്രട്ടറി കൺവീനറും പെരുനാട് സിഎഫ്എൽടിസി നോഡൽ ഓഫീസർ ജോയിന്റ് കൺവീനറുമാണ്. നിലവിൽ റാന്നി പെരുനാട് കാർമൽ സിഎഫ്എൽടിസി യിൽ 240 കിടക്കകൾ സജ്ജീകരിച്ചിട്ടുണ്ട്. ഇതിനോടകം ഒരു കോടിയിലധികം രൂപ ഇവിടത്തെ പ്രവർത്തനങ്ങൾക്ക് ചെലവഴിച്ചു. ഭക്ഷണത്തിന്റെ ബാധ്യത 25 ലക്ഷം രൂപ ഇനി നൽകാനുണ്ട്. ശബരിമല തീർത്ഥാടനകാലം ആഗതമാകുന്നതോടെ തീർത്ഥാടകരുടെ ആരോഗ്യ സുരക്ഷാ കാര്യങ്ങളിൽ പഞ്ചായത്തിന്റെ ഇടപെടൽ ആവശ്യമായി വരുമെന്നും പ്രസിഡന്റ് പറഞ്ഞു. കോവിഡിന്റെ നീരാളിപ്പിടുത്തത്തിൽ നിന്നും ശബരിമലയെ സംരക്ഷിക്കേണ്ടതുണ്ട്.
പെരുനാട് പഞ്ചായത്തിൽ നിന്നു മാത്രം ഇത്രയും തുക കണ്ടെത്താൻ കഴിയില്ല. ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകൾ, മറ്റ് പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ നിന്നും സഹായം പ്രതീക്ഷിക്കുന്നുണ്ട്. പദ്ധതിക്കെതിരേ നാട്ടിൽ ചില കുപ്രചരണങ്ങൾ നടക്കുന്നതായും പ്രസിഡന്റ് പറഞ്ഞു. സുതാര്യമായ പ്രവർത്തനമാകും പദ്ധതിയുമായി ബന്ധപ്പെട്ടുണ്ടാകുക. പണം നൽകുന്നവർക്ക് രസീത് നൽകുന്നതിനൊപ്പം സർക്കാർ മാനദണ്ഡ പ്രകാരമുള്ള ഫോറം പൂരിപ്പിച്ചു വാങ്ങി രജിസ്റ്ററിൽ വിവരങ്ങൾ ചേർക്കും. സെൻട്രൽ ബാങ്ക് പെരുനാട് ശാഖയിൽ പ്രത്യേക അക്കൗണ്ട് ഇതിനായി തുറന്നു.
പഞ്ചായത്ത് ഭരണസമിതിയിലെ 15 മെമ്പർമാരിൽ 14 പേരും പങ്കെടുത്ത യോഗത്തിൽ ഏകകണ്ഠമായാണ് പദ്ധതി തീരുമാനിച്ചതെന്ന് റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് കെഎസ് ഗോപി, ജനറൽ കൺവീനർ റോബിൻ കെ തോമസ്, പദ്ധതിയുടെ നോഡൽ ഓഫീസർ വിഎൻ വിനീത് എന്നിവർ പറഞ്ഞു. കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ എല്ലാ വിഭാഗം ജനങ്ങളും കഷ്ടത അനുഭവിക്കുമ്പോൾ തോട്ടം തൊഴിലാളികളും ആദിവാസികളും തിങ്ങിപ്പാർക്കുന്ന പഞ്ചായത്തിൽ ഭരണസമിതി കരുതൽ സഹായനിധി എന്ന പേരിൽ ധനസമാഹരണം നടത്തുന്നതി നെതിരെ യൂത്ത് കോൺഗ്രസ് രംഗത്തു വന്നു.
പഞ്ചായത്തിലെ എല്ലാ ഭവനത്തിൽ നിന്നും 1000 രൂപയോ ഒരു ദിവസത്തെ വേതനമോ പിരിച്ച് ഒരു കോടി രൂപ സമാഹരിച്ച് പ്രവർത്തന ഫണ്ട് കണ്ടെത്താനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. കേരളത്തിലെ മറ്റു പഞ്ചായത്തുകൾക്ക് മാതൃക കാട്ടുന്ന പദ്ധതിയായാണ് പ്രസിഡന്റ് ഇതിനെ വിശേഷിപ്പിക്കുന്നത്. പഞ്ചായത്ത് ഭരിക്കുന്ന സിപിഎമ്മും അതിലെ നേതാക്കളും മെമ്പർമാരും മാത്രം അടങ്ങുന്ന കൺസോർഷ്യമാണ് പദ്ധതിക്കു പിന്നിലുള്ളത്. സ്ഥലം എംപിയെ പദ്ധതിയുടെ രക്ഷാധികാരിയായി പോലും ഉൾപ്പെടുത്തിയില്ല. യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ പ്രതിരോധ സമിതി ഇതിനെതിരെ രൂപീകരിച്ചു. വറുതിയുടെ സമയത്ത് ജനങ്ങളിൽ നിന്നുള്ള അനധികൃതമായ പണപ്പിരിവിൽ നിന്നും പഞ്ചായത്ത് ഭരണസമിതി പിന്മാറണമെന്ന് ആവശ്യപ്പെട്ട് വിവിധ പ്രദേശങ്ങളിൽ പ്രതിഷേധ ധർണ നടത്തി.
പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടത്തിയ ധർണ മുൻ ഡിസിസി പ്രസിഡന്റ് പി. മോഹൻരാജ് ഉദ്ഘാടനം ചെയ്തു. പ്രതിരോധ സമിതി ചെയർമാൻ ദീപു പീടികയിൽ അധ്യക്ഷത വഹിച്ചു. അഡ്വ. ടിഎസ് സജി, ഷിബു തോണിക്കടവിൽ, ജയ്സൺ പെരുനാട്, അരവിന്ദ് വെട്ടിക്കൽ, സന്ധ്യ രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. പിടിരാജു, ജോൺസൺ പതാലിൽ, വിൽസൺ കുപ്പക്കൽ, രാജൻ വെട്ടിക്കൽ, ശശീന്ദ്രൻ കുളത്തുംനിരവേൽ, ബ്ലസൻ വർഗീസ് എന്നിവർ നേതൃത്വം നൽകി.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്