- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വന്നത് പുതിയ എർട്ടിഗ കാറിൽ 25 കിലോ കഞ്ചാവുമായി; കുറുകെയിട്ട് തടയാൻ ശ്രമിച്ച ഡിവൈഎസ് പിയുടെ വാഹനം ഇടിച്ചു തെറിപ്പിച്ചു; കഞ്ചാവ് സുരക്ഷിതമാക്കി മടങ്ങുമ്പോൾ ഷാഡോ പൊലീസിന്റെ പിടിയിൽ; തൊണ്ടി വച്ചു കെട്ടി പിടിപ്പിച്ചെന്നും മർദിച്ചുവെന്നും കോടതിയിൽ മൊഴി; ക്രിമിനലിന്റെ മൊഴിയിൽ പുലിവാൽ പിടിച്ച് പൊലീസ്
ചെങ്ങന്നൂർ: കഞ്ചാവ് കടത്തും പോക്സോയും അടക്കം പതിനഞ്ചോളം ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ അറസ്റ്റ് ചെയ്ത പൊലീസ് പുലിവാൽ പിടിച്ചു. കസ്റ്റഡിയിൽ എടുക്കുമ്പോൾ തന്റെ കൈയിൽ കഞ്ചാവ് ഉണ്ടായിരുന്നില്ലെന്നും പിന്നീട് അതു കൊണ്ടു വച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നുവെന്നും ക്രൂരമായി മർദിച്ചുവെന്നും പ്രതി കോടതിയെ അറിയിച്ചു.
പ്രതിയുടെ പരുക്ക് സംബന്ധിച്ച് കോടതി ജയിൽ സൂപ്രണ്ടിനോട് വിശദീകരണം തേടി. ഇതോടെ കഞ്ചാവ് പിടിക്കാൻ രംഗത്ത് ഇറങ്ങിയ ഡിവൈഎസ്‌പി പതുക്കെ മുങ്ങി. കുറ്റമെല്ലാം പ്രതിയെ കസ്റ്റഡിയിൽ എടുത്ത ഷാഡോ പൊലീസിന്റെയും അറസ്റ്റ് രേഖപ്പെടുത്തിയ കോയിപ്രം പൊലീസിന്റെയും തലയിലുമായി. കഴിഞ്ഞ ഒമ്പതിനാണ് കല്ലൂപ്പാറ കടമാൻകുളം ചാമക്കുന്നിൽ വീട്ടിൽ ബസലേൽ സി മാത്യു(പ്രവീൺ-33)വിനെ ചെങ്ങന്നൂരിൽ നിന്ന് പത്തനംതിട്ട എസ്‌പിയുടെ ഷാഡോ പൊലീസ് പിടികൂടിയത്. പിടിക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസുകാരിൽ ഒരാളെ ഇയാൾ കടിച്ച് പരുക്കേൽപ്പിക്കുകയും ചെയ്തു.
ഷാഡോ പൊലീസ് പിടിച്ച പ്രതിയെ പത്തനംതിട്ട ജില്ലയിലെ തന്നെ ഏതെങ്കിലും സ്റ്റേഷനിലേക്ക് കൈമാറാനാണ് ശ്രമിച്ചത്. ആദ്യം ചോദിച്ച സ്റ്റേഷനുകളിലുള്ളവർ സമ്മതിച്ചില്ല. ഒടുക്കം കോയിപ്രം എസ്എച്ച്ഓ സമ്മതിച്ചു. സ്റ്റേഷൻ അതിർത്തിയായ കുമ്പനാട് നിന്നും പ്രതിയെ പിടികൂടിയെന്ന് എഫ്ഐആർ ഇട്ടു.
പിടിച്ച സമയം കഞ്ചാവ് കൈവശം ഇല്ലാതിരുന്ന പ്രതിക്ക് 63 ഗ്രാം കഞ്ചാവും വച്ചു കൊടുത്തുവത്രേ. നല്ല ഇടിയും കൊടുത്താണ് കോടതിയിൽ ഹാജരാക്കിയത്. എന്തായാലും ജയിലിൽ ചെന്നപ്പോൾ പ്രതി മർദനത്തെ കുറിച്ച് പരാതിപ്പെട്ടു. ജയിൽ സൂപ്രണ്ട് വിവരം കോടതിയെ അറിയിച്ചു. കോടതി റിപ്പോർട്ട് തേടി. ഇതോടെ കഞ്ചാവ് ഓപ്പറേഷന് നേതൃത്വം നൽകിയ ഡിവൈഎസ്‌പി നൈസായി ഒഴിവായത്രേ. കുറ്റമെല്ലാം പൊലീസുകാരുടെ തലയിലുമായി. യഥാർഥത്തിൽ സംഭവിച്ചത് മറ്റൊന്നായിരുന്നു. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഷാഡോ പൊലീസ് കഞ്ചാവ് വേട്ടയ്ക്ക് ഇറങ്ങിയത്. ഷാഡോ പൊലീസിന് നേതൃത്വം നൽകുന്ന നാർക്കോട്ടിക് സെൽ ഡിവൈഎസ്‌പിയുമുണ്ടായിരുന്നു.
സുഹൃത്തിന്റെ പുതുപുത്തൻ എർട്ടിഗ കാറിൽ തമിഴ്‌നാട്ടിൽ നിന്നും 25 കിലോ കഞ്ചാവുമായി പ്രവീൺ വരുന്നുവെന്നായിരുന്നു രഹസ്യ വിവരം. മുണ്ടക്കയം-കുട്ടിക്കാനം റൂട്ടിൽ കലുങ്ക് പണി നടക്കുന്ന സ്ഥലത്ത് ഔദ്യോഗിക വാഹനം കുറുകെയിട്ട് ഡിവൈഎസ്‌പിയും സംഘവും കാത്തു നിന്നു. പ്രവീൺ വന്ന വാഹനം ഡിവൈഎസ്‌പിയുടെ വണ്ടി ഇടിച്ചു തകർത്ത് മുന്നോട്ടു പോവുകയായിരുന്നു. പ്രവീൺ സഞ്ചരിച്ചിരുന്ന പുതിയ എർട്ടിഗ കാറിന്റെ ബമ്പറും മറ്റു തകർന്നു. കഞ്ചാവ് സുരക്ഷിത സ്ഥാനത്ത് എത്തിച്ച ശേഷം വാഹനം സുഹൃത്തിന് തിരികെ നൽകി. കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചതാണെന്നും പണിതു കൊടുക്കാമെന്നും ഉറപ്പ് നൽകി.
സാരമായി പരുക്കേറ്റ് ഡിവൈഎസ്‌പിയുടെ വാഹനം ഒരു വിധം ഓടിച്ചു കൊണ്ടു വന്ന് റാന്നി പൊലീസ് സ്റ്റേഷനിൽ കയറ്റി കേസ് രജിസ്റ്റർ ചെയ്തു. പിന്നാലെ കൂടിയ ഷാഡോ പൊലീസുകാർ ചെങ്ങന്നൂരിൽ നിന്നാണ് പ്രവീണിനെ കസ്റ്റഡിയിൽ എടുത്തത്. പ്രതിയെ കൈമാറി കേസെടുക്കാൻ പല സ്റ്റേഷനുകളിലേക്കും വിളിച്ചെങ്കിലും തൊണ്ടിയില്ലാത്തതിനാൽ ആരും ഏറ്റില്ല. ഒടുവിൽ കോയിപ്രം പൊലീസ് സ്റ്റേഷനിൽ എത്തിച്ച്, കുമ്പനാട് നിന്ന് 63 ഗ്രാം കഞ്ചാവുമായി പിടിച്ചെന്ന് അറസ്റ്റ് രേഖപ്പെടുത്തിയെന്നാണ് പ്രവീണിന്റെ അവകാശ വാദം.
രണ്ടു പോക്സോ അടക്കം 15 കേസുകളിൽ പ്രതിയാണ് പ്രവീൺ. പിടിക്കാനെത്തിയ പൊലീസുകാരനെ ആക്രമിച്ച കേസിലും ജയിൽവാസം അനുഭവിച്ചു. അനാഥയായ പ്ലസ് ടു വിദ്യാർത്ഥിനിയെ വളർത്തിക്കൊള്ളാമെന്ന് പറഞ്ഞ് ഏറ്റെടുത്ത് നാടു മുഴുവൻ കൊണ്ടു നടന്ന് പീഡിപ്പിച്ചതിന് അറസ്റ്റിലായ പ്രവീൺ അഞ്ചു മക്കളുടെ പിതാവ് കൂടിയാണ്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്