- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റാന്നി പീഡനം: കേസാകാൻ കാരണമായത് പ്രതിയായ പൊലീസുകാരൻ ഒരു മാസം മുൻപ് നടത്തിയ ഒളിച്ചോട്ടം; സൈബർ സെൽ കാൾ ലിസ്റ്റ് പരിശോധിച്ചപ്പോൾ നിരവധി യുവതികളുമായി ബന്ധം; എല്ലാവരും ഒരുമിച്ച് സ്റ്റേഷനിലെത്തിയപ്പോൾ തങ്ങൾ പറ്റിക്കപ്പെട്ടുവെന്ന് അറിഞ്ഞ് കാമുകിമാർ ഞെട്ടി
പത്തനംതിട്ട: റാന്നിയിലുള്ള യുവതിലെ വിവാഹ വാഗ്ദാനം കൊടുത്ത് പീഡിപ്പിച്ച കേസിലെ പ്രതിയായ പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ സിപിഓ അരുൺദേവിനെ ഒളിവിൽ പോകാൻ സഹായിച്ചത് സഹപ്രവർത്തകരിൽ ചിലരെന്ന് സൂചന. യുവതി അഭിഭാഷകൻ മുഖേനെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയ വിവരം അരുൺദേവിന് ചോർത്തിക്കൊടുക്കുകയും ഇയാൾ മെഡിക്കൽ ലീവിൽ പ്രവേശിച്ച് മുങ്ങുകയുമായിരുന്നു.
കഴിഞ്ഞ മാസം 19 ന് അരുൺ ദേവ് നടത്തിയ ഒളിച്ചോട്ടമാണ് ഇപ്പോൾ പീഡനക്കേസിൽ പ്രതിയാകാൻ കാരണമായത്. സുഹൃത്തിന്റെ വീട്ടിൽ സ്വന്തം ബൈക്ക് കൊണ്ടു വച്ച ശേഷം അവിടെയുണ്ടായിരുന്ന സ്കൂട്ടറുമായിട്ടാണ് ഇയാൾ അന്ന് ഒളിവിൽപ്പോയത്. മകനെ കാണാനില്ലെന്ന് പറഞ്ഞ് മാതാവ് നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം സൈബർ സെൽ സഹായത്തോടെയായിരുന്നു. ഇയാൾ നിരന്തരമായി വിളിച്ചിരുന്ന നമ്പരുകൾ കണ്ടെത്തി അതിന്റെ ഉടമകളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു.
ഏറെയും അവിവാഹിതരായ യുവതികൾ. ഇവരുമായിട്ടെല്ലാം പൊലീസുകാരന് ബന്ധവും. യുവതികൾ ഒന്നടങ്കം സ്റ്റേഷനിൽ വന്നപ്പോഴാണ് തങ്ങൾ പറ്റിക്കപ്പെടുകയായിരുന്നുവെന്ന് മനസിലായത്. അങ്ങനെയാണ് റാന്നി പൂല്ലൂപ്രം സ്വദേശിനി(25) പരാതിയുമായി അഭിഭാഷകനെ സമീപിച്ചത്. എസ്പി ആർ. നിശാന്തിനിക്ക് ലഭിച്ച പരാതി പ്രകാരം റാന്നി പൊലീസ് അരുൺദേവിനെതിരേ ജാമ്യമില്ലാ വകുപ്പിട്ട് കേസെടുത്തു. വിവാഹ വാഗ്ദാനം ചെയ്ത് ലൈംഗിക പീഡനം നടത്തുകയും പണവും സ്വർണവും കൈക്കലാക്കുകയും ചെയ്തുവെന്നായിരുന്നു പരാതിയിൽ പറഞ്ഞിരുന്നത്.
പത്തനംതിട്ട സ്റ്റേഷനിൽ നിന്ന് പെറ്റീഷൻ അന്വേഷിക്കുന്ന ചുമതലയായിരുന്നു അരുൺ ദേവിന്. ഇതും സാമൂഹിക മാധ്യമങ്ങളും യുവതികളെ വലയിൽ വീഴ്ത്താൻ പൊലീസുകാരൻ ഉപയോഗിച്ചു. അങ്ങനെ പരിചയത്തിലായ റാന്നി സ്വദേശിനിയുടെ വീട്ടിൽ കഴിഞ്ഞ വർഷത്തെ ലോക്ഡൗൺ സമയത്ത് ചെന്നാണ് ആദ്യമായി പീഡനം നടത്തിയത്.
കഴിഞ്ഞ വർഷം മെയ് 12 ന് പരാതിക്കാരിയുടെ വീട്ടിൽ എത്തുകയും അവിടെ വച്ച് ബലാൽസംഗം ചെയ്തു. പിന്നീട് വിവാഹ വാഗ്ദാനം ചെയ്ത് ആറു തവണ ഇതേ സ്ഥലത്ത് വച്ച് പീഡിപ്പിച്ചു. നവംബർ രണ്ടിന് പൂങ്കാവിൽ അരുൺദേവ് താമസിക്കുന്ന സ്ഥലത്തു കൊണ്ടു പോയി പീഡിപ്പിച്ചു. പത്തനംതിട്ടയിൽ കുടുംബങ്ങൾക്ക് മാത്രം നൽകുന്ന ഫ്ളാറ്റിൽ വച്ച് രണ്ടു തവണയും പീഡിപ്പിച്ചെന്നും പരാതിയിലുണ്ട്. ഈ ഫ്ളാറ്റ് ഇയാളുടെ സുഹൃത്തുക്കളുടെയാണെന്ന് കരുതുന്നു. 1,73,800 രൂപ, അരപവന്റെ മാല, മുക്കാൽ പവന്റെ കമ്മൽ എന്നിവയും കൈവശപ്പെടുത്തി.
പൊലീസുകാരന്റെ ഒളിച്ചോട്ടത്തെ തുടർന്ന് സ്റ്റേഷനിൽ നിന്ന് ബന്ധപ്പെട്ടപ്പോഴാണ് പ്രതിക്ക് നിരവധി യുവതികളുമായി അടുപ്പമുണ്ടെന്ന് മനസിലായത്. തന്നെ വിവാഹ വാഗ്ദാനം ചെയ്ത് മയക്കി പണം തട്ടുകയായിരുന്നുവെന്നും അരുൺ ഒരിക്കലും തന്നെ വിവാഹം കഴിക്കില്ലെന്നും ബോധ്യമായപ്പോഴാണ് അഭിഭാഷകൻ മുഖേനെ എസ്പിക്ക് പരാതി നൽകിയത്. എസ്പിയുടെ നിർദേശ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.
കഴിഞ്ഞ മാസം അരുൺ ഒളിച്ചോടിയപ്പോൾ സാമ്പത്തിക ബാധ്യത കാരണമാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
അന്ന് പത്തനംതിട്ട സ്റ്റേഷനിൽ നിന്ന് ഒരു പൊലീസുകാരൻ വാർത്ത നൽകിയവരെ വിളിച്ച് ഫോണിലൂടെ ഭീഷണിപ്പെടുത്തിയിരുന്നു. കാണാതായതിന്റെ പിറ്റേന്ന് കോന്നി ആവോലിക്കുഴയിൽ നിന്ന് ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു. എസ്ഐയായിരുന്ന പിതാവിന്റെ മരണത്തെ തുടർന്ന് ആശ്രിതനിയമനം വഴിയാണ് പൊലീസിൽ എത്തിയത്. ഇയാൾക്ക് പൊലീസ് പണിയല്ലാതെ മറ്റു ചില ബിസിനസുകളും ഉണ്ടായിരുന്നുവെന്ന് പറയുന്നു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്