കൊച്ചി: ലൈംഗിക പീഡന പരാതിയിൽ ടാറ്റൂ പാർലർ ഉടമ പി എസ് സുജീഷിനെതിരെ തുടർനടപടികളുമായി പൊലീസ് മുന്നോട്ടുപോകുന്നതിനിടെ, മറ്റൊരു ടാറ്റൂ ആർട്ടിസ്റ്റിനെതിരെയും പീഡന പരാതി. പാലാരിവട്ടം ഡീപ്പ്ഇങ്ക് സ്ഥാപന ഉടമ കാസർകോട് സ്വദേശി കുൽദീപ് കൃഷ്ണയ്ക്കെതിരെ പരാതിയുമായി രംഗത്തുവന്നത് മലപ്പുറം സ്വദേശിനിയായ യുവതിയാണ്. യുവതി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

ബലാത്സംഗം ഉൾപ്പെടെ വിവിധ വകുപ്പുകൾ ചേർത്ത് പാലാരിവട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2020ലാണ് യുവതി സ്ഥാപനത്തിൽ ജോലിക്ക് കയറിയത്. ടാറ്റൂ ചെയ്യാൻ പഠിപ്പിക്കാമെന്നും ജോലി വാഗ്ദാനം ചെയ്തുമാണ് തന്നെ അവിടെ നിർത്തിയതെന്ന് പരാതിയിൽ പറയുന്നു. തുടർന്ന് തന്നെ കുൽദീപ് കൃഷ്ണ ബലാത്സംഗം ചെയ്തതായി യുവതി പറയുന്നു.

ബലാത്സംഗ ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തി. തുടർന്ന് ഇത് കാണിച്ച് ഭീഷണിപ്പെടുത്തി വീണ്ടും പീഡനത്തിന് വിധേയമാക്കിയതായും പരാതിയിൽ പറയുന്നു. തന്റെ സ്വകാര്യ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ അടക്കം പ്രചരിപ്പിക്കുമെന്ന് പറഞ്ഞായിരുന്നു ഭീഷണി. ഭീഷണി ഭയന്ന് യുവതി ഇതുവരെ പരാതിപ്പെട്ടിരുന്നില്ല. എന്നാൽ സുജീഷിനെതിരെ പീഡന പരാതി ഉയർന്ന പശ്ചാത്തലത്തിലാണ് മലപ്പുറം സ്വദേശി പൊലീസിനെ സമീപിച്ചത്. മദ്യം കുടിപ്പിച്ചതായും ഹോട്ടലിൽ കൊണ്ടുപോയി പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നുണ്ട്.

അതേസമയം കൊച്ചിയിലെ ടാറ്റു ആർട്ടിസ്റ്റ് സുജേഷിന് എതിരെ പരാതി നൽകിയവരുടെ എണ്ണം ഏഴായി. ഒരു വിദേശവനിതയാണ് ഏറ്റവും ഒടുവിൽ പരാതിനൽകിയത്. 2019 ൽ കൊച്ചിയിലെ കോളേജിൽ വിദ്യാർത്ഥിനിയായിരിക്കേ ഇൻക്‌ഫെക്ടഡ് സ്റ്റുഡിയോയിൽ വെച്ച് സുജേഷ് ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതി. യൂത്ത് എക്‌സേ്ഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി കൊച്ചിയിലെ കോളേജിൽ ബിരുദത്തിന് പഠിക്കുകയായിരുന്നു ഈ യുവതി.

ടാറ്റു ചെയ്യാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ ഒരു പുരുഷ സുഹൃത്താണ് സുജേഷിന്റെ ഇടപ്പള്ളിയിലെ ഇൻക്‌ഫെക്ടഡ് സ്റ്റുഡിയോയിൽ കൊണ്ടു പോകുന്നത്. ടാറ്റു വര തുടങ്ങി അൽപ്പം കഴിഞ്ഞപ്പോൾ സുജേഷ് പുരുഷ സുഹൃത്തിനോട് മുറിക്ക് പുറത്തേക്ക് പോകാൻ ആവശ്യപ്പെട്ടു. മുറിയിൽ സ്ഥല സൗകര്യം കുറവാണെന്ന് പറഞ്ഞായിരുന്നു ഇത്.

ഇതിനുശേഷം തന്റെ നേരെ ലൈംഗിക അതിക്രമം തുടങ്ങിയെന്ന് പരാതിയിൽ യുവതി പറയുന്നു. ശല്യം വർധിച്ചതോടെ സുഹൃത്തിന് മൊബൈൽ ഫോണിൽ സന്ദേശം അയച്ചു. ഇത് കണ്ടതോടെ സുജേഷ് ദേഷ്യപ്പെട്ടെന്നും പരാതിയിലുണ്ട്. സുജേഷിനെതിരെ നിരവധി യുവതികള് മീടു പോസ്റ്റിട്ട കാര്യം സുഹൃത്തിൽനിന്ന് അറിഞ്ഞതിനെ തുടർന്നാണ് പരാതി നൽകാൻ വിദേശ വനിതയും തീരുമാനിച്ചത്. തുടർന്ന് ഇമെയിൽ മുഖേന കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകുകയായിരുന്നു.