കൊല്ലം: കാമുകനൊപ്പം ഒളിച്ചോടിയ പെൺകുട്ടിയെ കാമുകന്റെ സുഹൃത്ത് പീഡിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്ന് പെൺകുട്ടി ആത്മഹത്യ ചെയ്തു. ചാത്തന്നൂർ കല്ലുവാതുക്കൽ ചെന്തിപ്പിൽ സനിതാ ഭവനിൽ സജീവിന്റെയും ബിന്ദുവിന്റെയും മകൾ സനിത(16)യാണ് തീ കൊളുത്തി ആത്മഹത്യ ചെയ്തത്.

തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് പെൺകുട്ടി ആത്മഹത്യാശ്രമം നടത്തിയത്. വീട്ടുകാർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ചൊവ്വാഴ്ച പുലർച്ചെ മൂന്നു മണിയോടെ മരിച്ചു.

ഓട്ടോഡ്രൈവറായ രഞ്ജിത്ത് (22) പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയിച്ച് വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയത് ആറു മാസം മുൻപാണ്. തിങ്കളാഴ്ച രാവിലെ രഞ്ജിത്തിന്റെ അയൽവാസിയും സുഹൃത്തുമായ ഓട്ടോ ഡ്രൈവർ രഞ്ജു (21) പെൺകുട്ടിയെ കടന്നുപിടിക്കുകയായിരുന്നു.

സംഭവം വിവാദമായതോടെ രഞ്ജു ഇത്തിക്കരയാറ്റിലെ കോടക്കയം ഭാഗത്തേയ്ക്ക് ഓട്ടോ ഓടിച്ചിറക്കി ആത്മഹത്യയ്ക്കു ശ്രമിച്ചു. ഗുരുതരമായി ഇയാൾക്കു പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് രഞ്ജുവിന്റെ ബന്ധുക്കളായ ചില സ്ത്രീകൾ സനിതയെ മാനസികമായി പീഡിപ്പിച്ചതിന്റെ ആഘാതത്തിലാണ് ആത്മഹത്യയെന്നു പൊലീസ് പറഞ്ഞു.

ഗർഭിണിയായിരുന്നു പെൺകുട്ടിയെന്നും പൊലീസ് പറഞ്ഞു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒപ്പം താമസിപ്പിച്ച് പീഡിപ്പിച്ചതിന് രഞ്ജിത്തിനെതിരെയും ആത്മഹത്യാ പ്രേരണയ്ക്ക് രഞ്ജുവിനും ബന്ധുക്കൾക്കുമെതിരെയും കേസെടുക്കുമെന്നു പൊലീസ് അറിയിച്ചു.