കാൺപൂർ: പതിനഞ്ചുകാരിയായ മകളും അമ്മയും ബലാൽസംഘ ശ്രമത്തിൽ നിന്ന് രക്ഷ നേടാനായി ട്രെയിനിൽ നിന്നും പുറത്തേക്ക് ചാടി. ശനിയാഴ്ച രാത്രി ഹൗറ- ജോദ്പൂർ എക്സ്‌പ്രസിലാണ് സംഭവം.

കൊൽക്കത്തയിൽ നിന്നും ഡൽഹിയിലേക്ക് വരികയായിരുന്ന 40കാരിയായ അമ്മയ്ക്കും 15 വയസുള്ള മകൾക്കുമെതിരെയാണ് പീഡനശ്രമം ഉണ്ടായത്. കുറച്ച് യുവാക്കൾ ചേർന്നാണ് ഇവരെ പീഡിപ്പിക്കാൻ ശ്രമിച്ചത്.

ജനറൽ കംപാർട്ട്‌മെന്റിലായിരുന്നു ഇരുവരുടെയും യാത്ര.യാത്രയ്ക്കിടെ ട്രെയിൻ ചന്ദേരിക്കും കാൺപൂരിനും ഇടയിൽ എത്തിയപ്പോൾ കോച്ചിലുണ്ടായിരുന്ന ഒരു സംഘം യുവാക്കൾ 15കാരിയെ കയറി പിടിക്കുകയായിരുന്നു, ആ സമയം അമ്മ എത്തികയും ഇവരോട് കയർക്കുകയും ചെയ്തു

എന്നാൽ യുവാക്കൾ മകൾക്കൊപ്പം അമ്മയേയും പീഡിപ്പിക്കാൻ ശ്രമിച്ചതോടെയാണ് ഇവരിൽ നിന്നും രക്ഷപ്പെടാനായി അമ്മയും മകളും ട്രെയിനിൽ നിന്നും ചാടിയത്.

സംഭവം നടന്ന് രണ്ട് മണിക്കൂറിന് ശേഷമാണ് ഗുരുതരമായ പരിക്കേറ്റ നിലയിൽ ഇരുവരെയും കണ്ടെത്തിയത്. ലാലാ രജ്പത് റായി ആശുപത്രിയിൽ ചികിത്സയിലാണ് ഇരുവരും. സഹയാത്രക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസെത്തിയാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.

സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 15ഓളം പ്രതികൾ അക്രമത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇവർ ഉടൻ അറസ്റ്റിലാകുമെന്നും കാൺപൂർ റെയിൽവേ പൊലീസ് ഓഫീസർ റാം മോഹൻ റായി പറഞ്ഞു. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.