- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതപ്പു കച്ചവടത്തിനെത്തി ഗർഭിണിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; യുവതി നിലവിളിച്ചതോടെ ഓടി രക്ഷപെട്ടു; ആളെ തിരിച്ചറിയാതിരിക്കാൻ ബാർബർ ഷോപ്പിൽ കയറി താടി വടിച്ചു; ഉത്തർപ്രദേശ് സ്വദേശിയായ പ്രതിക്ക് 13 വർഷം കഠിനതടവും 45,000 രൂപ പിഴയും ശിക്ഷ വിധിച്ചു കോടതി
കൊല്ലം: കൊട്ടാരക്കരയിൽ ഗർഭിണിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിക്ക് 13 വർഷം കഠിനതടവും 45,000 രൂപ പിഴയും ശിക്ഷ. ഉത്തർപ്രദേശ് സ്വദേശി നൂർ മുഹമ്മദി(28)നെയാണ് കൊട്ടാരക്കര അസി. സെഷൻസ് ജഡ്ജ് വി സന്ദീപ്കൃഷ്ണ ശിക്ഷിച്ചത്. പുതപ്പു കച്ചവടത്തിനെത്തിയ പ്രതി യുവതിയെ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. 2019 ഏപ്രിൽ 13ന് രാവിലെ പത്തോടെയായിരുന്നു സംഭവം.
ഉത്തരേന്ത്യക്കാരായ രണ്ടുപേരാണ് പുതപ്പുമായെത്തിയത്. യുവതി മാത്രമാണ് ഈ സമയത്ത് വീട്ടിലുണ്ടായിരുന്നത്. ഭർത്താവിനെ ഫോണിൽ വിളിച്ചു ചോദിച്ചശേഷം ഇവർ പുതപ്പ് വേണ്ടെന്ന് കച്ചവടക്കാരോട് പറഞ്ഞു. വാതിൽ ചാരി യുവതി അകത്തേക്കു പോകുന്നതിനിടെ, വീട്ടിനുള്ളിൽ കയറിയ നൂർ മുഹമ്മദ് ഇവരുടെ വായ പൊത്തുകയും ബലാത്സംഗത്തിനു ശ്രമിക്കുകയും ചെയ്തെന്നായിരുന്നു കേസ്. കുതറി പുറത്തേക്കോടി യുവതി രക്ഷപ്പെട്ടു. ബഹളവും നിലവിളിയും കേട്ട് പരിസരവാസികൾ എത്തിയപ്പോഴേക്കും നൂർ മുഹമ്മദ് കടന്നുകളഞ്ഞു.
നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലിൽ രണ്ടുമണിക്കൂറിനുശേഷം വെട്ടിക്കവല ജങ്ഷനുസമീപമാണ് നൂർ മുഹമ്മദിനെ കണ്ടെത്തിയത്. തിരിച്ചറിയാതിരിക്കാനായി ഇയാൾ ബാർബർ ഷോപ്പിൽ കയറി താടി വടിച്ചു. പൊലീസ് സ്റ്റേഷനിൽ പ്രതിയെ തിരിച്ചറിയുന്നതിനിടെ പേടിച്ച യുവതി കുഴഞ്ഞുവീഴുകയും ചെയ്തിരുന്നു.
വീട്ടിൽ അതിക്രമിച്ചു കടന്നതിന് അഞ്ചുവർഷം കഠിനതടവും 15,000 രൂപ പിഴയും സ്ത്രീത്വത്തെ അപമാനിച്ചതിന് അഞ്ചുവർഷം കഠിനതടവും 15,000 രൂപയും ബലാത്സംഗശ്രമത്തിന് മുന്നുവർഷം കഠിനതടവും 15,000 രൂപയും എന്നിങ്ങനെയാണ് കോടതി ശിക്ഷ വിധിച്ചത്. തടവുശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതി. പ്രോസിക്യൂഷനുവേണ്ടി അഡീ. പബ്ലിക് പ്രോസിക്യൂട്ടർ ആർ സുനിൽകുമാർ കോടതിയിൽ ഹാജരായി.
മറുനാടന് മലയാളി ബ്യൂറോ