മുംബൈ: വിവാഹ നിശ്ചയത്തിനു പിന്നാലെ സുഹൃത്തുക്കൾ നടത്തിയ ആഘോഷത്തിലേക്ക് ക്ഷണിച്ചുവരുത്തിയ യുവതിയെ മദ്യം നൽകി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന് പരാതി. മുംബൈയിലെ അന്തേരി-കുർല റോഡിലെ ഒരു ഹോട്ടലിൽ ഈ മാസം എട്ടിനാണ് സംഭവം നടന്നത്. സംഭവത്തിന് ഇരയായ യുവതി പരാതിയുമായി രംഗത്തെത്തി.

സുഹൃത്തുക്കളായ അവിനാശ് പങ്കെകർ (28), ശിശിർ (27), തേജസ് (25) എന്നിവർക്കെതിരെയാണ് യുവതി ഞായറാഴ്ച പരാതി നൽകിയത്. അവിനാശിന്റെ വിവാഹ നിശ്ചയ ആഘോഷത്തിലേക്ക് യുവതിയെ മറ്റ് രണ്ട് സ്ത്രീകളെയും ക്ഷണിച്ചിരുന്നു. ആഘോഷത്തിനിടെ പരാതിക്കാരിക്ക് ഈ യുവാക്കൾ മദ്യം നൽകി. ആഘോഷം കഴിഞ്ഞ് മറ്റുള്ളവർ പോയതിനു ശേഷം മൂന്നു പേരും ചേർന്ന് പീഡിപ്പിച്ചുവെന്നാണ് പരാതി.

സംഭവത്തിനു ശേഷം ആദ്യം യുവതി ഇക്കാര്യം പുറത്തുപറഞ്ഞിരുന്നില്ല. എന്നാൽ വീട്ടുകാരെ പിന്നീട് അറിയിച്ചതോടെയാണ് പരാതി നൽകാൻ ഉപദേശം ലഭിച്ചതെന്നും യുവതി പറയുന്നു. യുവതിയുടെ വൈദ്യപരിശോധന കൂപ്പർ ആശുപത്രിയിൽ നടത്തി. പ്രതികൾ മൂന്നു പേരും ഒളിവിലാണ്. ഇവർക്കെതിരെ ബലാത്സംഗം അടക്കമുള്ള കുറ്റങ്ങൾ ചുമത്തി കേസെടുത്തതായി പൊലീസ് അറിയിച്ചു.