കോതമംഗലം: ഒറ്റരാത്രിയിൽ മുപ്പത്തെട്ടുകാരിയായ മാതാവിനെയും ഇവരുടെ പ്രായപൂർത്തിയാകാത്ത രണ്ടു പെൺമക്കളേയും ലൈംഗികമായി ഉപയോഗിച്ച 53 കാരനായ പീഡനവീരൻ പൊലീസ് പിടിയിൽ. കോതമംഗലം ഇരുമലപ്പടി ആട്ടായം വീട്ടിൽ അലിയാരെ(53)യാണ് സംഭവവുമായി ബന്ധപ്പെട്ട് തൃശൂർ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.

പതിനാറും പന്ത്രണ്ടും വയസുള്ള പെൺമക്കളെ അനാശാസ്യത്തിനു വിട്ടുകൊടുത്ത കുറ്റത്തിന് മാതാവ് ആമിനയെയും പൊലീസ് കേസിൽ പ്രതി ചേർത്തിട്ടുണ്ട്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തൃശൂരിലെ ലോഡ്ജ് മുറിയിലാണ് പീഡനം നടന്നത്. ചൈൽഡ് ലൈൻ പ്രവർത്തകരുടെ ഇടപെടലിനെത്തുടർന്നാണ് സംഭവം സംബന്ധിച്ച് പൊലീസിനു വിവരം ലഭിച്ചത്. കുട്ടികളെ ചൈൽഡ് ലൈൻ പ്രവർത്തകർ ഏറ്റെടുത്തു.

ആമിന മക്കളെ പണത്തിനുവേണ്ടി നിരവധി പേർക്ക് കാഴ്ചവച്ചതായി പൊലീസ് ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കോതമംഗലത്തേയ്ക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കോതമംഗലം, കവളങ്ങാട്, നെല്ലിമറ്റം പ്രദേശങ്ങളിൽ സഹായികളുടെ ഇടപെടലുകൾ വഴി പെൺകുട്ടികളെ വൻതുക ഈടാക്കി പലർക്കും കാഴ്ചവച്ചതായി ആമിന പൊലീസിൽ വെളിപ്പെടുത്തിയതായും അറിയുന്നു. പല്ലാരിമംഗലം സ്വദേശിയാണെന്നും രണ്ടു ഭർത്താക്കന്മാരിലായി തനിക്കു മൂന്നു പെൺകുട്ടികളും ഒരാൺകുട്ടിയുമുണ്ടെന്നാണ് ആമീന പൊലീസിനെ ധരിപ്പിച്ചിട്ടുള്ളത്.

ഒരാഴ്ചമുൻപ് നെല്ലിമറ്റം സ്‌കൂൾ ഗ്രൗണ്ടിനു സമീപം അവശനിലയിൽ വഴിയാത്രക്കാർ കണ്ടെത്തിയത് ആമിനയുടെ മൂത്തമകളെ ആയിരുന്നെന്നാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ള വിവരങ്ങളിൽനിന്നും വ്യക്തമാവുന്നത്. സംഭവം പുറത്തുവന്നതിനെത്തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ പ്രശ്‌നത്തിൽ ഇടപെടുകയും ഇതുസംബന്ധിച്ച് വാർത്തകൾ പുറത്തുവരികയും ചെയ്തിരുന്നു. പിന്നിട് പെൺകുട്ടിയും കുടുംബവും ദുരൂഹസാഹചര്യത്തിൽ നാട്ടിൽനിന്നും അപ്രത്യക്ഷരായിരുന്നു.

വഴിയാത്രക്കാരായ ദമ്പതികൾ രാത്രി പതിനൊന്നു മണിയോടടുത്ത് അവശനിലയിൽ കണ്ടെത്തിയ പതിനാറുകാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും ബാഹ്യസമ്മർദ്ദങ്ങൾക്ക് വഴങ്ങി പൊലീസ് കേസെടുത്തില്ലെന്നുമുള്ള ആരോപണം നിലനിൽക്കെയായിരുന്നു പെൺകുട്ടിയുടെയും കുടുംബാംഗങ്ങളുടെയും തിരോധാനം.

അർദ്ധനഗ്നയായും നേരെ നിൽക്കാൻ പോലും ശേഷി നഷ്ടപ്പെട്ട നിലയിലുമായിരുന്ന പെൺകുട്ടിയെ കണ്ടെത്തിയ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഊന്നുകൽ പൊലീസ് സംഭവം നിസാരവൽക്കരിക്കുകയും മേൽനടപടികൾ സ്വീകരിക്കാതെ സ്ഥലം വിടുകയുമായിരുന്നു. പീഡനത്തിനിരയായ പ്രായപൂർത്തിയാവാത്ത പെൺകൂട്ടിയെ മാനസികരോഗിയായി ചിത്രീകരിച്ച് കേസൊതുക്കുന്നതിനായിരുന്നു പിന്നീടുള്ള പൊലീസ് നീക്കം.

അടുത്തിടെയാണ് പെൺകുട്ടിയുടെ കുടുംബം കവളങ്ങാട് താമസമാക്കിയത്. കുടുംബത്തിന്റെ സാമ്പത്തിക പരാധീനത മുതലെടുത്ത് പെൺവാണിഭസംഘം മാതാവിനെയും പെൺമക്കളെയും ദുർനടപടികൾക്ക് വിനിയോഗിക്കുന്നുണ്ടെന്നുള്ള സംശയം പ്രദേശത്തെ ചൈൽഡ് ലൈൻ പ്രവർത്തകർ പങ്കുവച്ചിരുന്നു. രാവിലെ ഒരാൾ ഓട്ടോറിക്ഷയുമായെത്തി മാതാവിനെയും പെൺകുട്ടികളെയും കയറ്റിക്കൊണ്ടുപോകാറുണ്ടെന്നും രാത്രി വൈകിയാണ് ഇവർ മടങ്ങിയെത്താറുള്ളതെന്നുമാണ് നാട്ടിൽ നിന്നും ലഭ്യമായ വിവരം. ഇപ്പോഴും കേസ് നടപടികൾ സംബന്ധിച്ച് വിവരങ്ങളൊന്നും തങ്ങൾക്കറിയില്ലെന്നാണ് ലോക്കൽ പൊലീസ് പറയുന്നത്.

പെൺകുട്ടിക്ക് മാനസികരോഗമുണ്ടെന്നുള്ള മാതാവിന്റെ വെളിപ്പെടുത്തലിനെ തുടർന്നാണ് തങ്ങൾ മേൽനടപടികളൊഴിവാക്കിയതെന്നാണ് പൊലീസ് ഭാഷ്യം. തന്നെ രണ്ടുപേർ ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപൊയെന്നും യാത്രയ്ക്കിടെ ഇവർ വസ്ത്രങ്ങൾ വലിച്ചഴിച്ചെന്നും ബലമായി ചുംബിച്ചെന്നും മറ്റെന്തൊക്കെയോ ചെയ്്‌തെന്നും പെൺകുട്ടി തങ്ങളോടു പറഞ്ഞതായി അദ്ധ്യാപികയും പ്രദേശവാസിയായ വീട്ടമ്മയും പൊലീസിനെ അറിയിച്ചിരിന്നു. സംസാരിക്കാൻ പോലും കഴിയാത്ത നിലയിൽ അവശയും അർദ്ധനഗ്നയുമായിരുന്ന പെൺകുട്ടിക്ക് ആഹാരവും കുടിക്കാൻ വെള്ളവും നൽകിയത് ഈ വീട്ടമ്മയായിരുന്നു. തുടർന്ന് അനുനയത്തിൽ വിവരങ്ങളാരാഞ്ഞപ്പോഴാണ് പെൺകുട്ടി വീട്ടമ്മയോടും അദ്ധ്യാപികയോടും താൻ നേരിട്ട കൊടിയ പീഡനങ്ങളേക്കുറിച്ച് വെളിപ്പെടുത്തിയത്.