മുസാഫർനഗർ: ഉത്തർപ്രദേശിൽ നിന്നും വീണ്ടുമൊരു നടുക്കുന്ന വാർത്ത കൂടി പുറത്ത്. കാമുകിക്കൊപ്പം ഒളിച്ചോടിയ യുവാവിനോട് പ്രതികാരം ചെയ്യാൻ യുവാവിന്റെ അമ്മയെ കൂട്ടബലാത്സംഗം ചെയ്തു. ശാമ്ലി ജില്ലയിലെ നോജാൽ ഗ്രാമത്തിലാണ് അതിക്രൂരമായ സംഭവം അരങ്ങേറിയത്.

മുസാഫർനഗറിനു സമീപമുള്ള ഗ്രാമത്തിലെ 24കാരിയായ യുവതിയുമായുമായാണ് ഭോപ്പുര നിവാസിയായ 26കാരനായ യുവാവ് പ്രണയത്തിലായത്. ഗസ്സിയാബാദിൽ പഠിക്കുകയായിരുന്ന യുവതിയുമായി യുവാവ് കഴിഞ്ഞ നവംബറിൽ ഒളിച്ചോടി. ഇതോടെ യുവതിയുടെ വീട്ടുകാർ കോപാകുലരായെത്തി.

തുടർന്ന് യുവതിയുടെ വീട്ടുകാർ യുവാവിന്റെ മാതാപിതാക്കളെയും സഹോദരനെയും അളിയനെയും തട്ടിക്കൊണ്ടുപോവുകയും ഇവരെ ശാമ്ലി ഗ്രാമത്തിലുള്ള ഒരു വീട്ടിൽ തടവിലാക്കുകയും ചെയ്തു. ഇവിടെവെച്ച് ഇവരെ ക്രൂരമായി മർദ്ദിക്കുകയും യുവാവിന്റെ അമ്മയെ കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നെന്ന് മുസാഫർനഗർ പൊലീസ് സൂപ്രണ്ട് അജയ് പാൽ ശർമ പറഞ്ഞു.

ഡിസംബർ 25ന് പൊലീസ് നടത്തിയ പരിശോധനയെ തുടർന്നാണ് തടവിൽനിന്ന് ഇവരെ മോചിപ്പിച്ചത്. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ്, രണ്ട് സഹോദരന്മാർ, ഒരു സഹോദരപുത്രൻ എന്നിവരാണ് ഉൾപ്പെട്ടിട്ടുള്ളതെന്ന് പൊലീസ് വ്യക്തമാക്കി. തട്ടിക്കൊണ്ടുപോകൽ, തടവിൽ പാർപ്പിക്കൽ, കൂട്ടബലാത്സംഗം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

യുവതിയുടെ സഹോദരന്മാരിൽ ഒരാൾ മുൻ ഗ്രാമമുഖ്യനാണെന്നും പൊലീസ് പറഞ്ഞു. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റുള്ളവർ ഉടൻ പിടിയിലാകുമെന്നും പൊലീസ് വ്യക്തമാക്കി.