കണ്ണൂർ: കൊട്ടിയൂർ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരിയായിരുന്നു ഫാ. റോബിൻ വടക്കുംചേരി.  പതിനാറുകാരിയായ പെൺകുട്ടി മൂന്നാഴ്ചമുൻപാണ് സഭയുടെ നേതൃത്വത്തിൽ കൂത്തുപറമ്പ് തൊക്കിലങ്ങാടിയിൽ പ്രവർത്തിക്കുന്ന കൃസ്തുരാജ ഹോസ്പിറ്റലിൽ പ്രസവിച്ചത്. ഈ സംഭവം പുറത്തു പോകാതിരിക്കാൻ ഫാദർ എടുത്ത മുൻകരുതലെല്ലാം പാളിയതോടെയായിരുന്നു ഇത്. ഈ കഥകേട്ട് കൊട്ടിയൂരുകാരെല്ലാം ഞെട്ടി. സ്‌കൂൾ പ്രിൻസിപ്പൾ അടക്കമുള്ളവരെ പറ്റിച്ചായിരുന്നു പീഡനവുമായി അച്ചൻ മുന്നോട്ട് പോയിരുന്നത്. ഇതോടെ അച്ചനുമായി അടുപ്പം കാട്ടുന്ന വിദ്യാർത്ഥിനികളെല്ലാം സംശയം നിഴലിലും. അതിനിടെ കരുതലോടെ പ്രശ്‌നത്തെ നേരിടാനാണ് കത്തോലിക്കാ സഭയുടെ നീക്കം. ഇതുമായി ബന്ധപ്പെട്ട അറിയാവുന്ന കാര്യമെല്ലാം സ്‌കൂൾ പ്രിൻസിപ്പൾ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്.

പ്രസവിച്ച പെൺകുട്ടിയെ അച്ചന്റെ ആളായാണ് അറിയപ്പെട്ടിരുന്നത്. ആർക്കും ഒരു സംശയവും തോന്നാത്ത രീതിയിലായിരുന്ന ഇടപെടലുകൾ. കുട്ടിയെ പഠനകാര്യത്തിലും ഇടപെടുമായിരുന്നു. സാമ്പത്തിക സഹായം ചെയ്തതും അച്ചൻ തന്നെ. പൊതുകാര്യ പ്രസക്തനെന്ന നിലയിലായിരുന്നു ഇടപെടലുകൾ നടത്തിയത്. എന്നാൽ സത്യം പുറത്തറിഞ്ഞതോടെ സ്‌കൂൾ ആകെ ഞെട്ടിത്തരിച്ചു. സാധാരണ നീണ്ട അവധികൾ എടുക്കുന്ന സ്വഭാവക്കാരിയായിരുന്നില്ല ഈ പെൺകുട്ടി. പ്രസവകാര്യം മറച്ചുവയ്ക്കുന്നതിനായി അപ്പൻഡിസൈറ്റിസിന്റെ ചികിൽസയ്‌ക്കെന്ന് പറഞ്ഞാണ് അവധിയെടുത്തത്. ആർക്കും സംശയം തോന്നിയതുമില്ല. ഇതിനിടെയിൽ സ്‌കൂളിലെ പ്രിൻസിപ്പളിനെ തേടി ദിവസങ്ങൾക്ക് മുമ്പ് ഒരു ഫോൺ കോൾ എത്തി. ഈ പെൺകുട്ടിയുടെ പ്രസവത്തെ കുറിച്ചായിരുന്നു ഇത്. ഇത് കേട്ടപാതി പ്രിൻസിപ്പൾ ആദ്യം വിളിച്ചത് പീഡകനായ ഫാ റോബിനെയായിരുന്നു.

ഫാ റോബിനും കുട്ടിയും തമ്മിലെ അടുപ്പം അറിയാവുന്നതുകൊണ്ടായിരുന്നു ഇത്. കുട്ടിയുടെ പ്രസവ കാര്യം പ്രിൻസിപ്പൾ പറഞ്ഞപ്പോൾ ആദ്യം കേൾക്കുന്നതു പോലെ സ്വാഭാവികമായ പ്രതികരണം. ഇതേ കുറിച്ച അന്വേഷിക്കാമെന്നും പറഞ്ഞു. പിന്നീട് പ്രിൻസിപ്പളിനെ അച്ചൻ വിളച്ചു. കേട്ടതൊന്നും ശരിയല്ലെന്നും പാവപ്പെട്ട കുട്ടികളെ കുറിച്ച് അപഖ്യാതി പ്രചരിപ്പിക്കരുതെന്നുമായിരുന്നു നിർദ്ദേശം. വളരെ കടുത്ത സ്വരത്തിൽ തന്നെയാണ് ഈ നിർദ്ദേശം നൽകിയത്. അപ്പൻഡിസൈറ്റിസ് തന്നെയാണ് രോഗമെന്നും പറഞ്ഞു. ഇതോടെ പ്രിൻസിപ്പളും അന്വേഷണം നിർത്തി. കുട്ടിയുടെ കുടുംബവുമായി അച്ചന് അടുത്ത ബന്ധമുള്ളതുകൊണ്ട് തന്നെ റോബിന്റെ വാക്കുകളെ അവിശ്വസിക്കേണ്ട കാര്യം സ്‌കൂളിൽ ആർക്കും ഇല്ലായിരുന്നു. ഇതിനിടെയാണ് കുട്ടിയുടെ പ്രസവവും മറ്റും ചൈൽഡ് ലൈനിലൂടെ പുറത്ത് എത്തുന്നത്. സ്‌കൂൾ അധികാരികളേയും അവർ ഇക്കാര്യങ്ങൾ അറിയിച്ചു. ഇതോടെ അച്ചന്റെ നീക്കമെല്ലാം സംശയ നിഴലിലുമായി.

പീഡനത്തിന് ഇരയാകുന്ന കുട്ടി ചില ദിവസങ്ങളിൽ അവധി എടുക്കുമായിരുന്നു. ഈ അവധി സ്‌കൂളിൽ വിളിച്ചു പറഞ്ഞിരുന്നത് പോലും അച്ചനായിരുന്നു. കുട്ടിയെ പീഡിപ്പിക്കാൻ കൊണ്ടു പോകുന്ന ദിവസങ്ങളിലാകും ഇത്തരത്തിൽ അച്ചൻ അവധി പറഞ്ഞതെന്നാണ് സ്‌കൂൾ അധികാരികളുടെ ഇപ്പോഴത്തെ സംശയം. സഭാ നേതൃത്വത്തിലെ ഉന്നതരെ ഇടപെടുവിപ്പിച്ച് എല്ലാ ശരിയാക്കാമെന്ന പ്രതീക്ഷയായിരുന്നു അറസ്റ്റിലാകുന്നതിന് തൊട്ട് മുമ്പു വരെ അച്ചനുണ്ടായിരുന്നത്. കാനഡയിൽ പോയി എല്ലാ ശരിയാക്കി മടങ്ങി വരാമെന്നും കരുതി. എന്നാൽ ചൈൽഡ് ലൈൻ കേസ് ഏറ്റെടുത്തതോടെ് സഭാനേതൃത്വം പിന്നോട്ട് പോയത്. ഒരു ഘട്ടത്തിൽ കേസന്വേഷണം പൂർണ്ണമായും മരവിച്ചേക്കുമെന്ന ഘട്ടത്തിൽ ഒരു സാമൂഹ്യ പ്രവർത്തക സ്വന്തം നിലയിൽ കേസുമായി മുന്നോട്ട് പോകാൻ സന്നദ്ധയായി മുന്നോട്ട് വന്നിരുന്നു. വിവിധ കോണുകളിൽ നിന്നുയർന്ന തടസ്സങ്ങളെ മറികടന്ന് ചൈൽഡ് ലൈനും പൊലീസും ശക്തമായി മുന്നോട്ട് നീങ്ങിയതാണ് വികാരിയുടെ അറസ്റ്റ് വേഗത്തിലാക്കിയത്.

കൃസ്തുരാജ ആശുപത്രിയിലെ ഒരു വനിതാ ഗൈനക്കോളജിസ്റ്റാണ് രഹസ്യമായി പ്രസവത്തിനുള്ള സംവിധാനമൊരുക്കിയതും തുടർന്ന് വയനാട് ജില്ലയിൽ സഭ നടത്തുന്ന അനാഥമന്ദിരത്തിലേക്ക് കുഞ്ഞിനെ മാറ്റിയതും. പ്രാഥമിക അന്വേഷണത്തിൽ പൊലീസിന് ഇതു സമ്പന്ധിച്ച് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. അതിനിടെ ഫാ. റോബിൻ കൂടുതൽ പെൺകുട്ടികളെ ലൈംഗികചൂഷണം നടത്തിയിരുന്നോയെന്ന് പൊലീസിന് സംശയം. ഇക്കാര്യത്തിൽ വിശദമായ ചോദ്യംചെയ്യലിനു വേണ്ടി ഫാ. റോബിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് രണ്ടു ദിവസത്തിനുള്ളിൽ കോടതിയിൽ അപേക്ഷ സമർപ്പിക്കും. കൊട്ടിയൂർ മേഖലയിൽ ദരിദ്രകുടുംബങ്ങളിൽ നിന്നുള്ള ഇരുപതോളം പെൺകുട്ടികളെ ഫാ. റോബിൻ വിദേശത്തുപോകാൻ സഹായിച്ചിരുന്നു. ഫാ.റോബിന്റെ സഹായത്താൽ വിദേശത്ത പോയവരെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ടോ എന്ന അന്വേഷണവും നടക്കും.

പെൺകുട്ടി ഗർഭിണിയായതും അമ്മയായതും മറച്ചുവയ്ക്കാൻ ഫാ. റോബിനെ സഹായിച്ചവരെപ്പറ്റിയും അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ഇപ്പോൾ അമ്മയായ പെൺകുട്ടിയെ പള്ളിയിൽവച്ചാണ് ആദ്യം പീഡിപ്പിച്ചത്. ഇക്കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തി പീഡനം ആവർത്തിച്ചു. ഗർഭം ധരിച്ചെന്നറിഞ്ഞതോടെ മാതാപിതാക്കളെ പള്ളിമേടയിൽ വിളിച്ചുവരുത്തി പ്രശ്നം ഒതുക്കിത്തീർക്കാൻ ശ്രമിച്ചു. വികാരിയെക്കൂടാതെ ഇടവകയിലെ പല പ്രമുഖരും ഈ ചർച്ചയിൽ പങ്കെടുത്തു. പെൺകുട്ടിയുടെ അച്ഛന് 10 ലക്ഷം രൂപ നൽകി മകളുടെ കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കാൻ സമ്മതിപ്പിക്കുകയായിരുന്നു. എന്നാൽ കുഞ്ഞിന്റെ പിതൃത്വം ഫാ. റോബിൻ ഏറ്റെടുക്കണമെന്ന ഉറച്ച നിലപാടിൽ നിന്ന പെൺകുട്ടി പറഞ്ഞ് വിവരമറിഞ്ഞ സഹപാഠികളാണ് ചൈൽഡ് ലൈൻ പ്രവർത്തകരെ കാര്യമറിയിച്ചതെന്നാണു സൂചന. ഫാ. റോബിൻ കൊട്ടിയൂർ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരിയായിരിക്കെയായിരുന്നു സംഭവം.

കൂത്തുപറമ്പ് തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയിലാണ് പെൺകുട്ടി കുഞ്ഞിനു ജന്മം നൽകിയത്. ആശുപത്രിയിൽ പണമടച്ചത് ഫാ. റോബിനായിരുന്നെന്ന് പൊലീസിനു വിവരം ലഭിച്ചു. പെൺകുട്ടി പ്രസവിക്കുമ്പോൾ അവിടെയുണ്ടായിരുന്ന പള്ളിജീവനക്കാരിയാണ് കുഞ്ഞിനെ വയനാട്ടിൽ കന്യാസ്ത്രീകൾ നടത്തുന്ന അനാഥാലയത്തിലേക്കു മാറ്റിയതെന്നും സൂചന ലഭിച്ചു. കേസിൽ വൈദികനെ തലശേരി സെഷൻസ് കോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. മാനഭംഗക്കുറ്റവും ബാല ലൈംഗികപീഡന നിരോധന നിയമവും (പോക്സോ) ചുമത്തിയാണു കേസ് എടുത്തത്. സംഭവത്തിൽ കുട്ടിയെ പാർപ്പിച്ച വൈത്തിരിയിലെ ഹോളി ഇൻഫന്റ് മേരീസ് കോൺവെന്റ് ശിശുഭവനെതിരെയും പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

കുട്ടികളെ ദത്തെടുക്കുന്നതിന് കേന്ദ്ര സർക്കാറിന്റെ അംഗീകാരമുള്ള സ്ഥാപനത്തിൽ ഒരാഴ്ചപോലും പ്രായമില്ലാത്ത ചോരക്കുഞ്ഞിനെ ലഭിച്ചിട്ടും പൊലീസിനെയോ ജില്ല ചൈൽഡ് വെൽഫെയർ കമ്മിറ്റിയെയോ അറിയിക്കാത്തതാണ് സംഭവത്തിന്റെ ഗൂഢാലോചനയിൽ സ്ഥാപനത്തിന്റെ പങ്കിനെക്കുറിച്ച് അന്വേഷണ വിധേയമാക്കാൻ പൊലീസ് തീരുമാനിച്ചത്. ഇതു പ്രകാരം കഴിഞ്ഞ ദിവസം പൊലീസ് സ്ഥാപനമേധാവികളിൽനിന്നും പ്രാഥമിക വിവരങ്ങൾ ശേഖരിച്ചിരുന്നു. വരും ദിവസങ്ങളിൽ കേസ് അന്വേഷിക്കുന്ന പേരാവൂർ സി.ഐ സുനിലും സംഘവും വീണ്ടും വിശദമായ തെളിവെടുപ്പ് നടത്തും. ഫെബ്രുവരി ഏഴിനാണ് കൊട്ടിയൂരുകാരിയായ പ്രായപൂർത്തിയാകാത്ത പ്‌ളസ്ടു വിദ്യാർത്ഥിനി കന്യാസ്ര്തീകൾ നടത്തുന്ന കൂത്തുപറമ്പിലെ ആശുപത്രിയിൽ പ്രസവിച്ചത്. അഞ്ചാം ദിവസം ചോരക്കുഞ്ഞിനെ പീഡനത്തിനിരയായ പെൺകുട്ടിയുടെ മാതാവും അമ്മൂമ്മയും ചേർന്ന് വൈത്തിരിയിലെ സ്ഥാപനത്തിലത്തെിച്ചതായാണ് വിവരം.

എന്നാൽ, 20ന് ആണ് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുമ്പാകെ കുട്ടിയത്തെിയ വിവരം അറിയിക്കുന്നത്. സി.ഡബ്‌ള്യു.സിയും കൂടുതൽ വിവരങ്ങൾ അന്വേഷിക്കുകയോ കണ്ണൂർ ജില്ല സി.ഡബ്‌ള്യു.സിയെ അറിയിക്കുകയോ, പൊലീസിൽ അറിയിക്കുകയോ ചെയ്യാതെ കുട്ടിയെ ഏറ്റെടുത്തത് അംഗീകരിക്കുകയായിരുന്നു. ഫെബ്രുവരി 27 ന് അർധരാത്രിയാണ് പേരാവൂരിൽ നിന്നും പൊലീസത്തെി രാത്രിയിൽ തന്നെ കുഞ്ഞിനെ ഏറ്റെടുത്ത് തുടർ പരിചരണം തളിപ്പറമ്പിലെ കേന്ദ്രത്തിലേൽപിച്ചത്. കണ്ണൂർ ജില്ലയിൽത്തന്നെ ദത്തെടുക്കുന്നതിന് അംഗീകാരമുള്ള രണ്ടു കേന്ദ്രങ്ങളുണ്ടെന്നിരിക്കെ വയനാട്ടിലത്തെിക്കാനുള്ള കാരണവും വൈത്തിരിയിലെ സ്ഥാപനം സംഭവം പൊലീൽനിന്നും സി.ഡബ്‌ള്യു.സിയിൽ നിന്നും മറച്ചുവച്ചതിലും ദുരൂഹതയേറെയാണ്.