തൃശ്ശൂർ: പട്ടികജാതിക്കാരിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ ക്യാമറാമാനായ അഭിലാഷ് മുകുന്ദനെ കൈരളിയിൽ നിന്ന് പുറത്താക്കി. വിവാഹവാഗ്ദാനത്തിൽ നിന്ന് യുവാവ് പിന്മാറിയതോടെയാണ് യുവതി പീഡന കേസ് ഉന്നയിച്ചു കൊണ്ട് പരാതിയുമായി എത്തിയത്.

ഇത് വാർത്തയായതോടെയാണ് അഭിലാഷ് മുകുന്ദനെ പുറത്താക്കിയത്. മാതൃഭൂമിയിലെ അവതാരകനായ അമൽ വിഷ്ണുദാസ് പീഡനക്കേസിൽ പൊലീസ് പിടിയിലായിരുന്നു. ഇതേ തുടർന്ന് മാതൃഭൂമി ഇയാളെ അന്വേഷണ വിധേയനായി സസ്‌പെന്റ് ചെയ്തു. ഈ മാതൃകയാണ് കൈരളിയും പിന്തുടരുന്നത്.

നിലമ്പൂർ പൂക്കോട്ടുംപാടം സ്വദേശി അഭിലാഷ് മുകുന്ദിന് എതിരെയാണ് തൃശ്ശൂർ മതിലകം പൊലീസ് കേസെടുത്തത്. എടത്തിരുത്തി സ്വദേശിനിയുടെ പരാതിയെത്തുടർന്നാണ് നടപടി. അഭിലാഷ് ഒളിവിലാണെന്നാണ് സൂചന. അതുകൊണ്ട് തന്നെ അറസ്റ്റ് ചെയ്തിട്ടില്ല. ഈ സാഹചര്യത്തിൽ വിഷയത്തിൽ പരസ്യ പ്രതികരണത്തിന് കൈരളി മാനേജ്‌മെന്റ് തയ്യാറായിട്ടുമില്ല. ജീവനക്കാരനെ അറസ്റ്റ് ചെയ്താൽ പത്രക്കുറിപ്പിറക്കാനാണ് ചാനലിന്റെ തീരുമാനം. നാണക്കേട് ഒഴിവാക്കാനാണ് വിവാദമുണ്ടായപ്പോൾ തന്നെ അഭിലാഷിനെ കമ്പനി പുറത്താക്കിയത്.

ഇയാളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും സൂചനയുണ്ട്. സി.പി.എം ചാനലാണ് കൈരളി. അതുകൊണ്ട് തന്നെ അതിലെ ജീവനക്കാരനായ വ്യക്തിക്ക് യാതൊരു ആനുകൂല്യവും നൽകരുതെന്ന നിർദ്ദേശം പൊലീസിന് മുഖ്യമന്ത്രിയുടെ ഓഫീസ് നൽകിയിട്ടുണ്ട്. ഇതും മനസ്സിലാക്കിയാണ് കൈരളിയുടെ നടപടി. നാല് വർഷം നീണ്ടു നിന്ന ബന്ധം വിവാഹത്തിൽ കലാശിക്കാതിരുന്നതോടെയാണ് പീഡനവും പൊലീസ് കേസുമായി മാറിയത്. 2011ൽ സുഹൃത്തിന്റെ വിവാഹത്തിനായി നിലമ്പൂരിൽ എത്തിയപ്പോഴാണ് യുവതി അഭിലാഷിനെ പരിചയപ്പെട്ടത്.

തുടർന്ന് ഇവർ പ്രണയത്തിലായിരുന്നു. ഇതോടെ നിരവധി സ്ഥലങ്ങളിൽ അഭിലാഷ് യുവതിയുമായി ചുറ്റിയടിച്ചു. 2012 മുതൽ 2016 വരെ ഗുരുവായൂർ, ചോറ്റാനിക്കര, ഇരുമ്പനം എന്നിവിടങ്ങളിലായി പലതവണ പീഡിപ്പിച്ചതായാണ് പരാതി. വിവാഹവാഗ്ദാനത്തിൽ നിന്ന് യുവാവ് പിന്മാറിയതോടെയാണ് യുവതി പീഡന കേസ് ഉന്നയിച്ചു കൊണ്ട് പരാതിയുമായി എത്തിയത്. കഴിഞ്ഞ ദിവസം യുവതി ഇരിങ്ങാലക്കുട വനിതാ പൊലീസ് സെല്ലിൽ പരാതി നൽകുകയായിരുന്നു.

ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതായും പരാതിയിലുണ്ട്. ഇരിങ്ങാലക്കുട ഡിവൈ.എസ്‌പി.ക്കാണ് അന്വേഷണച്ചുമതല. ഒരാഴ്‌ച്ച മുമ്പാണ് മാതൃഭൂമി ചാനലിലെ സീനിയർ ന്യൂസ് എഡിറ്ററായിരുന്ന അമൽദാസ് പീഡന കേസിൽ അകത്തായത്. വിവാഹ വാഗ്ദാനം നൽകി തന്നെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാണിച്ച് ചാനലിലെ അസിസ്റ്റന്റ് പ്രൊഡ്യൂസർ ആയ യുവതി നൽകിയ പരാതിയിലാണ് അറസ്റ്റ്. വഞ്ചിയൂർ പൊലീസാണ് അമലിനെ അറസ്റ്റ് ചെയ്തത്.

വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി പലപ്പോഴായി അമൽ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പരാതി. ഇക്കാര്യം കാണിച്ച് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് ആണ് യുവതി പരാതി നൽകിയത്. ഈ പരാതി വഞ്ചിയൂർ പൊലീസിന് കൈമാറി. മുഖ്യമന്ത്രിയുടെ ഓഫീസ് പച്ചക്കൊടി കാട്ടിയതോടെ അമലിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കൈരളി ക്യാമറാമാനെതിരായ കേസിലും അറസ്റ്റിലേക്ക് കാര്യങ്ങൾ എത്തുമെന്നാണ് വിലയിരുത്തൽ.