മധുര: യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ പൊലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ. സിനിമ കണ്ട് മടങ്ങുകയായിരുന്ന യുവതിയെ പൊലീസ് കോൺസ്റ്റബിൾ ബലാത്സംഗം ചെയ്യുകയായിരുന്നു. തിലഗർ തിഡൽ (ക്രൈം) പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ മുരുകനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ വകുപ്പുതല നടപടി ആരംഭിച്ചിട്ടുണ്ട്. മുരുകനെതിരെ ഐപിസി സെക്ഷൻ 376 പ്രകാരം കേസെടുത്തതായി അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (ലോ ആൻഡ് ഓർഡർ) പി താമരൈ കണ്ണൻ അറിയിച്ചു.

ശനിയാഴ്ച രാത്രി മധുരയിലെ ഒരു തിയേറ്ററിൽ അഞ്ച് സഹപ്രവർത്തകർക്കൊപ്പം സിനിമയ്ക്ക് പോയി മടങ്ങുകയായിരുന്നുയുവതി. സിനിമ കഴിഞ്ഞ ശേഷം ഞായറാഴ്ച രാവിലെ രണ്ടു മണിയോടുകൂടി യുവതിയും സുഹൃത്തും ബൈക്കിൽ വീട്ടിലേക്ക് മടങ്ങവേ ആണ് മുരുകൻ ഉൾപ്പടെ രണ്ടു പൊലീസുകാർ ഇവരെ തടയുന്നത്. ഇരുവരെയും ചോദ്യം ചെയ്ത പൊലീസ് സുഹൃത്തിന്റെ മൊബൈൽ ഫോൺ പിടിച്ച് വെച്ചു. ഇരുവരെയുടെയും ബന്ധത്തെ വളരെ മോശമായി പൊലീസ് ചോദ്യം ചെയ്തതായാണ് റിപ്പോർട്ടുകൾ.

മൊബൈൽ ഫോൺ തിരിച്ചു നൽകാതെ സുഹൃത്തിനെ പൊലീസ് വിട്ടയക്കുകയായിരുന്നു. മുരുകനാണ് ഇരുവരെയും വളരെ മോശമായ രീതിയിൽ ചോദ്യം ചെയ്‌തെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുവതിയെ കൂടി വിടാൻ അപേക്ഷിച്ച സുഹൃത്തിനോട് യുവതിയെ സുരക്ഷിതമായി പൊലീസ് വീട്ടിലെത്തിക്കും എന്ന മറുപടിയാണ് മുരുകൻ നൽകിയത്. സുഹൃത്ത് തിരികെ വീട്ടിലേക്ക് മടങ്ങിയപ്പോൾ പൊലീസുകാർക്കൊപ്പമാണ് യുവതി ഉണ്ടായിരുന്നത്. കൂടെയുണ്ടായിരുന്ന സഹപ്രവർത്തകരോട് തിരികെ പൊയ്‌ക്കൊള്ളാനും മുരുകൻ ആവശ്യപ്പെട്ടു. യുവതിയെ താൻ സുരക്ഷിതമായി ഓട്ടോറിക്ഷയിൽ കയറ്റി വീട്ടിലേക്ക് വിടാം എന്നാണ് സഹപ്രവത്തകരോട് മുരുകൻ പറഞ്ഞത്.

ഇത് പ്രകാരം കൂടെയുണ്ടായിരുന്ന മറ്റു പൊലീസുകാർ മറ്റ് ഡ്യൂട്ടികൾക്കായി പോയി. സഹപ്രവർത്തകർ പോയ ശേഷം ഇയാൾ യുവതിയെ നിർബന്ധിതമായി ഒരു ലോഡ്ജിലേക്ക് കൊണ്ട് പോകുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. തുടർന്ന് അടുത്തുള്ള ഓട്ടോ സ്റ്റാൻഡിൽ നിന്നും യുവതിയെ ഓട്ടോ കയറ്റി വീട്ടിലേക്ക് വിടുകയും ചെയ്തു. ശേഷം മുരുകൻ തന്റെ സഹപ്രവർത്തകർക്ക് അടുത്തേക്ക് മടങ്ങി പോയി.

വീട്ടിലെത്തിയ യുവതി വീട്ടുകാരോടും തന്റെ സഹപ്രവത്തകരോടും കാര്യങ്ങൾ തുറന്നു പറഞ്ഞെങ്കിലും പൊലീസിൽ കേസ് നല്കാൻ മുതിർന്നില്ല. സുഹൃത്തുക്കളുടെ സഹായത്തോടെ തിങ്കളാഴ്ചയാണ് യുവതി പൊലീസ് കോൺസ്റ്റബിളായ മുരുകനെതിരെ പരാതി നൽകിയത്. മധുര പൊലീസ് കമ്മീഷണർ പ്രേം ആനന്ദ് സിൻഹ ആണ് യുവതിയുടെ പരാതിയിൽ കേസ് അന്വേഷിക്കുന്നത്. പ്രതിയായ മുരുകനെ ഉടൻ സസ്പെൻഡ് ചെയ്യുമെന്ന് ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി.