കോഴിക്കോട്: കുന്ദമംഗലത്ത് പ്രയപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച കേസിൽ പിതാവും പ്രതി. പിതാവ് ഉൾപ്പെടെ പത്തു പേർ വർഷങ്ങളായി തന്നെ പീഡിപ്പിച്ചെന്നാണ് 13-ഉം 16-ഉം വയസുള്ള പെൺകുട്ടികളുടെ മൊഴി.

സംഭവത്തിൽ പെൺകുട്ടികളുടെ പിതാവും സി.പി.എം പ്രവർത്തകനുമായ ബാലകൃഷ്ണനും ബിജെപി നേതാവ് മുരളിയും ഉൾപ്പെടെയുള്ളവർക്ക് എതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പതിനാറുകാരിയായ മൂത്ത കുട്ടിക്കു പിന്നാലെ മുരളി ഏഴാം ക്ലാസുകാരിയായ പെൺകുട്ടിയെയും പീഡനത്തിനിരയാക്കി.

മദ്യപനായ ബാലകൃഷ്ണനും നിരവധി തവണ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പെൺകുട്ടി പൊലീസിനോടു പറഞ്ഞിരിക്കുന്നത്. പ്രദേശത്തെ മുതിർന്ന ബിജെപി പ്രവർത്തകനായ മുരളിയുടെ നേതൃത്വത്തിലുള്ള പത്തോളം പേർ ചേർന്ന് പല തവണയായി പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പതിനാറുകാരി നൽകിയിരിക്കുന്ന മൊഴി. കുന്നമംഗലം പ്രദേശത്തെ മൂന്നുപേരും ബാലുശേരി വയനാട് മേഖലകളിലെ ഏഴോളം പേരുമാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.

ഇതിനിടെ മുരളിയെ കൂടാതെ ബാലകൃഷ്ണന്റെ പ്രയപൂർത്തി ആകാത്ത സഹോദര പുത്രനും തന്നെ പീഡിപ്പിച്ചെന്ന് ഏഴാം ക്ലാസുകാരി മൊഴി നൽകി. പെൺകുട്ടികളെ പീഡിപ്പിച്ചതിനു പിന്നിൽ ഇനിയും നിരവധി പേരുണ്ടെന്നാണ് സൂചന. മാതാവ് അറിഞ്ഞുകൊണ്ടാണ് പീഡനം നടന്നതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

വർഷങ്ങളായി സി.പി.എം പാരമ്പര്യമുള്ള കുടുംബത്തിലെ അംഗവും പ്രവർത്തകനുമാണ് ബാലകൃഷ്ണൻ. എന്നാൽ ഇത് മറച്ചുവച്ചുകൊണ്ട് ബിജെപി പ്രവർത്തകനായ മുരളിക്കെതിരെ മാത്രം കേസെടുക്കാൻ ശ്രമുമുണ്ടായെന്നും ആക്ഷേപമുയർന്നിട്ടുണ്ട്.