- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവനടിക്കൊപ്പം വിജയ്ബാബു ഹോട്ടലിലും ഫ്ളാറ്റിലുമെത്തി; സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ കൂടുതൽ തെളിവുകൾ ശേഖരിച്ച് പൊലീസ്; ചലച്ചിത്രപ്രവർത്തകരടക്കം 8 ഓളം പേരുടെ മൊഴിരേഖപ്പെടുത്തി; കുറച്ച് സ്ഥലങ്ങളിൽ കൂടി പരിശോധന നടത്തുമെന്നു പൊലീസ്
കൊച്ചി: പീഡന പരാതിയിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ തെളിവുകൾ ശേഖരിച്ച് പൊലീസ്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. വിജയ് ബാബു പരാതിക്കാരിയായ യുവതിക്കൊപ്പം ആഡംബര ഹോട്ടലിലും ഫ്‌ളാറ്റിലും എത്തിയതിന്റെ ദൃശ്യം പൊലീസിനു ലഭിച്ചു. കടവന്ത്രയിലെ ഹോട്ടലിലാണ് നടനും യുവ നടിയും എത്തിയത്.ഇനി കുറച്ച് സ്ഥലങ്ങളിൽ കൂടി പരിശോധന നടത്തുമെന്നു പൊലീസ് അറിയിച്ചു.
വിജയ് ബാബുവിന്റെ യാത്രാ രേഖകൾ, പാസ്‌പോർട്ട് എന്നിവയിലെ വിവരങ്ങളും പൊലീസ് ശേഖരിച്ചു..വിജയ് ബാബുവിന്റെ ഫ്‌ളാറ്റിലടക്കം നടത്തിയ പരിശോധനയിൽ പരാതിക്കാരി നൽകിയ മൊഴി സാധൂകരിക്കുന്ന തെളിവുകൾ ലഭിച്ചിട്ടുണ്ട്. വിജയ് ബാബുവിന്റെ പാസ്‌പോർട്ട് കണ്ടുകെട്ടാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകിയിരുന്നു.ചലച്ചിത്ര പ്രവർത്തകർ അടക്കം എട്ടുപേരുടെ മൊഴി എടുത്തു. കൂടുതൽ സാക്ഷികളുടെ മൊഴിയും ഇന്ന് രേഖപ്പെടുത്തി.
അതേസമയം നടിയെ ബലാത്സംഗം ചെയ്ത കേസിൽ മുൻകൂർ ജാമ്യം തേടി നിർമ്മാതാവും നടനുമായ വിജയ് ബാബു ഹൈക്കോടതിയിൽ. ഹർജി കോടതി ഇന്നു തന്നെ പരിഗണിക്കണമെന്ന് വിജയ് ബാബുവിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടേക്കും. തനിക്കെതിരായ പീഡനപരാതി കെട്ടിചമച്ചതാണെന്നും ബ്ലാക്ക് മെയിലിങ് ലക്ഷ്യമിട്ടാണ് പരാതി നൽകിയതെന്നും ഇതിനെ സാധൂകരിക്കുന്ന തെളിവുകൾ തന്റെ കൈവശമുണ്ടെന്നും ഹർജിയിൽ വിജയ് ബാബു പറയുന്നു.
ജാമ്യഹർജി പരിഗണിക്കുമ്പോൾ കേസുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ പൊലീസ് കോടതിയിൽ വെളിപ്പെടുത്താനാണ് സാധ്യത. വിജയ് ബാബുവിന് ഒരു രീതിയിലും ജാമ്യം നൽകരുതെന്നും പൊലീസ് കോടതിയിൽ ആവശ്യപ്പെടും. ഫേസ്‌ബുക്കിൽ ലൈവിൽ വന്ന് നടിയുടെ പേര് വെളിപ്പെടുത്തിയതിന് മറ്റൊരു കേസ് കൂടി ഇന്നലെ വിജയ് ബാബുവിനെതിരെ പൊലീസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതും പൊലീസ് കോടതിയുടെ ശ്രദ്ധയിൽ കൊണ്ടു വരും. ദുബായിലാണ് വിജയ് ബാബു ഉള്ളതെന്നാണ് പൊലീസ് വിലയിരുത്തൽ.
സമൂഹത്തിലെ ഉന്നതസ്ഥാനത്ത് ഇരിക്കുന്നവരെ മീടു ആരോപണങ്ങളിൽ കുടുക്കുന്നത് ഒരു ഫാഷനായി മാറിയെന്നും അത്തരമൊരു ദുരുദ്ദേശത്തോടെയാണ് ഈ പരാതിയെന്നും ഹർജിയിൽ വിജയ് ബാബു ആരോപിക്കുന്നു. താൻ ഏതെങ്കിലും തരത്തിൽ ബലാത്കാരമായി നടിയെ പീഡിപ്പിച്ചിട്ടില്ല. തന്നെ അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരാതി. സംഭവത്തിന്റെ സത്യാവസ്ഥ കോടതിയേയും അന്വേഷണസംഘത്തേയും ബോധ്യപ്പെടുത്താന് സാധിക്കുമെന്ന് വിജയ് ബാബു പറയുന്നു.
നിരപരാധിത്വം തെളിയിക്കാൻ സഹായിക്കുന്ന വാട്സാപ്പ് ചാറ്റുകൾ, മെസേജുകൾ, വീഡിയോകൾ അടക്കമുള്ള ഡിജിറ്റൽ തെളിവുകൾ തന്റെ കൈവശമുണ്ട്. ഇല്ലാത്ത തെളിവുകൾ തനിക്കെതിരെ കണ്ടെത്തി എന്ന് മാധ്യമവാർത്ത കൊടുക്കുകയാണ് അന്വേഷണസംഘവും പരാതിക്കാരിയായ നടിയും ചെയ്യുന്നതെന്നും വിജയ് ബാബു ഹർജിയിൽ പറയുന്നു. അന്വേഷണവുമായി എങ്ങനെ വേണമെങ്കിലും സഹകരിക്കാമെന്നും തന്നെ പൊലീസ് കസ്റ്റഡിയിൽ വിടേണ്ട ആവശ്യമില്ലെന്നും ഹർജിയിൽ വിജയ് ബാബു വ്യക്തമാക്കുന്നു. നേരത്തെ വിജയ് ബാബു കീഴടങ്ങും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നേരത്തെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പ്രതികരിച്ചിരുന്നു.
വിജയ് ബാബുവും പരാതിക്കാരിയായ നടിയും കൊച്ചിയിലെ ആഡംബര ഹോട്ടലിൽ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. പീഡനപരാതി ബലപ്പെടുത്തുന്ന തരത്തിൽ ചലച്ചിത്ര പ്രവർത്തകരും ഹോട്ടൽ ജീവനക്കാരും അടക്കം എട്ട് സാക്ഷികളുടെ മൊഴികളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതും ജാമ്യ ഹർജിയുടെ വാദത്തിനിടെ പൊലീസ് ഹാജരാക്കും. കൊച്ചി പനമ്പള്ളി നഗറിലെ ആഡംബര ഹോട്ടലിൽ നിന്നാണ് നിർണായകമായ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത്.
മാർച്ച് 13 മുതൽ ഏപ്രിൽ 14 വരെയുള്ള തീയതികളിൽ അഞ്ച് സ്ഥലത്ത് വച്ച് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു എന്നാണ് പരാതിക്കാരിയുടെ മൊഴിയിൽ ഉള്ളത്. മയക്കുമരുന്നും മദ്യവും നൽകി അർധബോധാവസ്ഥയിൽ വിജയ് ബാബു ബലാത്സംഗത്തിന് ഇരയാക്കി എന്നും പരാതിയിലുണ്ട്. പീഡനവിവരം പുറത്തു പറഞ്ഞാൽ കൊല്ലും എന്നതടക്കമുള്ള ഭീഷണി വിജയ് ബാബുവിൽ നിന്നും തനിക്കുണ്ടായെന്നും പറയുന്നു.
വിജയ് ബാബു എത്ര ദിവസം ഒളിവിലിരുന്നാലും അദ്ദേഹത്തിനെതിരെ കൂടുതൽ ശക്തമായ തെളിവുകൾ ശേഖരിച്ച് അറസ്റ്റിലേക്ക് നീങ്ങാനാണ് പൊലീസിന്റെ തീരുമാനം. വിജയ് ബാബുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം എന്നാണ് അന്വേഷണസംഘത്തിന്റെ നിലപാട്.
മറുനാടന് മലയാളി ബ്യൂറോ