- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പീഡനം എതിർത്ത വിധവയെ കുത്തിക്കൊലപ്പെടുത്തിയ കടക്കാവൂർ ശാരദാ കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തം കഠിന തടവും 5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചുകോടതി
തിരുവനന്തപുരം: ബലാൽസംഗത്തെ എതിർത്ത വിധവയെ കുത്തിക്കൊലപ്പെടുത്തിയ കടക്കാവൂർ ശാരദാ കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിന തടവും 5 ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. തിരുവനന്തപുരം ആറാം അഡീ. ജില്ലാ സെഷൻസ് കോടതിയാണ് പ്രതിയെ വിചാരണ ചെയ്ത് ശിക്ഷ വിധിച്ചത്. പ്രതിയായ കടക്കാവൂർ കീഴാറ്റിങ്ങൽ പനയിൽക്കോണം സ്വദേശി മണികണ്ഠനെ (35) യാണ് ജഡ്ജി കെ.എൻ. അജിത് കുമാർ ശിക്ഷിച്ചത്. പ്രതികരിക്കാനോ സ്വയരക്ഷക്കോ കെൽപില്ലാത്ത നിസഹായയായ യുവതിയെ ഹീനമായി കൊലപ്പെടുത്തിയ പ്രതി യാതൊരു ദയയും അർഹിക്കുന്നില്ല.
ഇത്തരം കൃത്യം ചെയ്ത പ്രതിക്ക് നല്ല നടപ്പു നിയമത്തിലെ ഔദാര്യത്തിനർഹതയില്ലെന്നും വിധിന്യായത്തിൽ കോടതി ചൂണ്ടിക്കാട്ടി. പിഴത്തുക ഈടാക്കുന്ന പക്ഷം കൊല്ലപ്പെട്ട ശാരദയുടെ അവകാശികൾക്ക് നൽകണം. പിഴയൊടുക്കാത്ത പക്ഷം 3 മാസം അധിക തടവനുഭവിക്കണം. കൂടാതെ ഇരകൾക്കുള്ള നഷ്ടപരിഹാര ഫണ്ടിൽ നിന്ന് അവകാശികളുടെ ഭാവി നന്മക്കായി മതിയായ തുക നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു.
2008 ഡിസംബർ 9 ന് രാത്രി 9 നാണ് നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത്. ഭർത്താവിന്റെ മരണത്തെ തുടർന്ന് ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു കൊല്ലപ്പെട്ട ശാരദ. പ്രതി ശാരദയുടെ അയൽക്കാരനാണ്. സംഭവ ദിവസം രാത്രി 9 ന് പ്രതി കുടിക്കാൻ വെള്ളം ചോദിച്ച് ശാരദയുടെ വീട്ടിൽ കയറി. ലൈംഗിക വേഴ്ചക്കായി കടന്നുപിടിച്ച സമയം ശാരദ വഴങ്ങാതെ ഒച്ച വച്ചു. തൽസമയം പ്രതി കൈവശമുണ്ടായിരുന്ന കത്തി കൊണ്ട് ശാരദയുടെ നെഞ്ചിലും വയറിലും കുത്തി പരിക്കേൽപ്പിച്ചു. നിലവിളി കേട്ട് പരിസരവാസികൾ ഓടിക്കൂടിയപ്പോഴേക്കും പ്രതി ഓടിപ്പോയി.
മൂന്നാം നാളാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവത്തിന് 3 ദിവസം മുമ്പ് പ്രതി മനു എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്. ഹൈക്കോടതി ജാമ്യം നിരസിച്ച് കൽ തുറുങ്കിൽ കഴിഞ്ഞാണ് പ്രതി വിചാരണ നേരിട്ടത്.