കോട്ടയം: പാലായിൽ ബസിനുള്ളിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി. പാലാ ബസ് സ്റ്റാൻഡിൽ പ്രതികളെ എത്തിച്ചായിരുന്നു തെളിവെടുപ്പ്. സ്‌കൂൾ വിദ്യാർത്ഥിനിയെ ഷട്ടർ താഴ്‌ത്തിയിട്ട ബസിനുള്ളിൽ പീഡിപ്പിച്ച സംഭവത്തിൽ പ്രതികളെ പാലാ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ എത്തിച്ചാണ് തെളിവെടുത്തത്.

ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു തെളിവെടുപ്പ്. പീഡനം നടന്ന കോട്ടയം പാലാ റൂട്ടിൽ സർവീസ് നടത്തുന്ന പുല്ലത്തിൽ ബസ്, സംഭവം നടന്ന 16ന് തന്നെ പൊലീസ് സ്റ്റേഷനിലേയ്ക്ക് മാറ്റിയിരുന്നു. ഈ ബസുമായാണ് പൊലീസ് തെളിവെടുപ്പിന് എത്തിയത്.

കേസിൽ അറസ്റ്റിലായ സംക്രാന്തി തുണ്ടിപ്പറമ്പിൽ അഫ്സൽ, ഇയാളെ സഹായിച്ച കട്ടപ്പന സ്വദേശിയായ ഡ്രൈവർ എബിൻ എന്നിവരെ കൊട്ടാരമറ്റത്ത് ബസ് പാർക്ക് ചെയ്തിരുന്ന സ്ഥലത്തെത്തിച്ച് തെളിവെടുത്തു. പാലാ എസ്എച്ച്ഒ കെപി ടോംസന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. ബസിനുള്ളിൽ കയറ്റിയ പ്രതികളെ കൊണ്ട് ഇരുന്ന സ്ഥലവും നടന്ന സംഭവങ്ങളും വ്യക്തമാക്കിയാണ് തെളിവെടുത്തത്. സ്റ്റാൻഡിലുണ്ടായിരുന്ന മറ്റ് ബസ് ജീവനക്കാരും പൊതുജനങ്ങളും തെളിവെടുപ്പ് നടക്കുന്നതറിഞ്ഞു സ്ഥലത്തെത്തിയിരുന്നു.

പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളജ് ബസ്റ്റാൻഡിൽ വെച്ച് പീഡിപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പാലാ മെഡിക്കൽ കോളേജ് റൂട്ടിൽ സർവീസ് നടത്തുന്ന ബസ് മെഡിക്കൽ കോളേജ് സ്റ്റാൻഡിൽ കാത്തുകിടന്നുപ്പോഴാണ് പീഡനം നടന്ന പെൺകുട്ടി മൊഴി നൽകി. പൊലീസ് അന്വേഷണത്തിലും ഈ കാര്യം വ്യക്തമായി.

പാലാ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസിൽ വച്ചാണ് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമം നടന്നത്. ആളില്ല എന്ന് പറഞ്ഞു ട്രിപ്പ് റദ്ദാക്കിയ ശേഷമായിരുന്നു ഡ്രൈവറുടേയും കണ്ടക്ടറുടേയും ഒത്താശയോടെ പീഡനം നടന്നത്.

സംഭവത്തിൽ അഫ്‌സലിനെയും എബിന്റെയും അറസ്റ്റ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. വിവാഹിതനാണ് എന്ന കാര്യം മറച്ചുവെച്ച് പെൺകുട്ടിയോട് പ്രണയം നടിച്ചാണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത് എന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.

സംഭവ ദിവസം ഉച്ചയ്ക്ക് പെൺകുട്ടി കൊട്ടാരം മുറ്റം സ്റ്റാൻഡിലെത്തി ആളില്ലാത്ത ബസ്സിലേക്ക് കയറുന്നത് കണ്ടിരുന്നു. ഇത് കണ്ട ദൃക്‌സാക്ഷി പാലാ പൊലീസിനെ വിവരം അറിയിച്ചതോടെയാണ് പൊലീസ് എത്തി പരിശോധന നടത്തിയത്. ഇതോടെയാണ് പ്രതിയെ പൊലീസ് കയ്യോടെ പിടികൂടിയത്.

വ്യാഴാഴ്ച കസ്റ്റഡിയിൽ വാങ്ങിയശേഷം പ്രതീകമായി കോട്ടയം മെഡിക്കൽ കോളേജ് ബസ് സ്റ്റാൻഡിൽ എത്തി തെളിവെടുപ്പ് നടത്തിയിരുന്നു. മെഡിക്കൽ കോളേജിൽ എത്തി ഫോറൻസിക് വിഭാഗത്തിൽ പ്രതിയുടെ ശാസ്ത്രീയ പരിശോധനകളും പൂർത്തിയാക്കി. കഴിഞ്ഞമാസമാണ് കോട്ടയം മെഡിക്കൽ കോളേജ് ബസ് സ്റ്റാൻഡിൽ എത്തിച്ച് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത് എന്ന് പൊലീസ് പറയുന്നു.

സംഭവത്തിൽ ശാസ്ത്രീയ തെളിവുകൾ അടക്കം പരിശോധിച്ച് കേസ് അന്വേഷണവുമായി മുന്നോട്ടുപോകാനാണ് നീക്കമെന്ന് പാലാ പൊലീസ് വ്യക്തമാക്കി. ബസിലെ സ്ഥിരം യാത്രക്കാരിയായ പെൺകുട്ടിയെ പ്രണയം നടിച്ച് വശത്താക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആയതിനാൽ തന്നെ കുട്ടികളോടുള്ള അതിക്രമം നിരോധന നിയമപ്രകാരമാണ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നത്. പെൺകുട്ടിയിൽ നിന്ന് കൂടുതൽ വിശദമായ മൊഴികൾ രേഖപ്പെടുത്തിയാണ് പൊലീസ് തുടരന്വേഷണം നടത്തിയത്. പെൺകുട്ടിക്ക് കൗൺസിലിങ് അടക്കം നല്കിക്കൊണ്ടാണ് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ പൊലീസ് ശ്രമിച്ചത്.

പട്ടാപ്പകൽ നഗരമധ്യത്തിൽ നടന്ന പീഡനം നാട്ടുകാരെയും ഞെട്ടിച്ചിട്ടുണ്ട്. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാരനാണ് പൊലീസിൽ വിവരം അറിയിച്ചത്. ഇയാൾ കണ്ടിരുന്നില്ല എങ്കിൽ പീഡനവിവരം പൊലീസ് അറിയുമായിരുന്നില്ല. ഏതായാലും വളരെ വേഗം തന്നെ പ്രതിയെ പിടികൂടാൻ ആയതിന്റെ ആശ്വാസത്തിലാണ് പാലാ പൊലീസ്. പാലാ ഡിവൈഎസ്‌പിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പൊലീസ് വേഗത്തിലുള്ള അന്വേഷണത്തിലേക്ക് കടന്നത്.