കൊച്ചി: 'നോ കമന്റ്‌സ'.... എന്നാണ് കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ട് പീഡിപ്പിക്കുന്ന ദൃശ്യം പൊലീസ് കണ്ടെടുത്തുവെന്നും ഇതുമായി ബന്ധപ്പെട്ട് സിനിമയിലെ പ്രമുഖനെ ഉടൻ ചോദ്യം ചെയ്യുമെന്നും കാണിച്ച് മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തയോട് അന്വേഷണ ഉദ്യോഗസ്ഥനായ പെരുമ്പാവൂർ സി ഐ ബിജു പൗലോസിന്റെ പ്രതികരണം.

ഇതിനിടെ നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിലെ മുഖ്യപ്രതികളായ പൾസർ സുനി, ഡ്രൈവർ കൊരട്ടി സ്വദേശി മാർട്ടിൻ, തിരുവല്ല സ്വദേശി പ്രദീപ് എന്നിവരാണു കോടതിയിൽ പുതിയ വെളിപ്പെടുത്തൽ നടത്താൻ ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. മാർട്ടിൻ, പ്രദീപ് എന്നിവരുടെ ജാമ്യാപേക്ഷ കോടതി ഇന്നലെ പരിഗണിക്കാനിരുന്നതാണ്. ഹർജിയിലെ വാദത്തിനിടയിൽ ഇവർ കേസിന്റെ ഇതുവരെ പുറത്തുവരാത്ത ഗൂഢാലോചന സംബന്ധിച്ച വിശദാംശങ്ങൾ കോടതിയിൽ വെളിപ്പെടുത്തുമെന്നായിരുന്നു പരക്കെ പ്രചരിച്ച വിവരം. എന്നാൽ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്നലെ കേസിൽ വാദം കേട്ടില്ല. ജാമ്യ ഹർജിയിലെ വാദം 17 ലേക്കു മാറ്റി.

അതിനിടെ നടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പൾസർ സുനി പ്രമുഖനടന് നൽകിയ പീഡനദൃശ്യങ്ങൾ കണ്ടെടുത്തതായി സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകളുടെ ഉത്ഭവമറിയാൻ പൊലീസിന്റെ രഹസ്യനീക്കം തുടങ്ങിയതായി സൂചനയുണ്ട്. വാർത്തകൾ പുറത്തുവന്നതിന് പിന്നിൽ ഗൂഢലക്ഷ്യത്തോടെ ആരെങ്കിലും പ്രവർത്തിച്ചുണ്ടോ എന്നതാണ് പ്രധാനമായും പൊലീസ് അന്വേഷിക്കുന്നത്. അതീവരഹസ്യമായി നടക്കുന്ന നീക്കത്തിൽ മാധ്യമ സ്ഥാപനങ്ങളിൽ വാർത്തയെത്തിയതിന്റെ ഉറവിടം കണ്ടെത്തുകയും ഇതുവഴി അന്വേഷണം മുന്നോട്ടു കൊണ്ടുപോകുന്നതിനുമാണ് പൊലീസ് ലക്ഷ്യമിടുന്നതെന്നാണ് സൂചന.

സി ഐ വെളിപ്പെടുത്തിയ വിവരങ്ങൾ എന്ന രീതിയിലാണ് ഒരു ഓൺലൈൻ മാധ്യമത്തിൽ വാർത്ത ആദ്യം പ്രത്യക്ഷപ്പെട്ടത്. മഞ്ജുവാര്യർ അടക്കമുള്ള സിനിമയിലെ സ്ത്രീകൂട്ടായ്മ പ്രവർത്തകർ മുഖ്യമന്ത്രിയെക്കണ്ട് നൽകിയ നിവേദനത്തിന്റെ ഫലമായി ഡി ജി പി സെൻകുമാറിന്റെ ശക്തമായ ഇടപെടലിനെത്തുടർന്നാണ് പൊലീസ് നടപടിയെന്ന് പരക്കെ പ്രചാരണമുണ്ടായി. ഇക്കാര്യം സ്ഥിരീകരിച്ച് മറുനാടൻ വാർത്ത പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് വാർത്ത വൈറലായത്. ഫെബ്രുവരി 17 ന് രാത്രിയാണു നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. ഏപ്രിൽ 18ന് ഇവരടക്കം ഏഴു പ്രതികൾക്കെതിരെ കുറ്റപത്രവും സമർപ്പിച്ചതോടെ പ്രതികൾക്കു ജാമ്യം ലഭിക്കാത്ത സാഹചര്യമുണ്ടായി. എന്നാൽ കേസിൽ ഗൂഢാലോചന നടത്തിയവർ പ്രതിസ്ഥാനത്തു വരാതെ ഇപ്പോഴും നിയമത്തിനു പുറത്തു നിൽക്കുന്നുവെന്ന നിലപാടാണ് പ്രതികൾക്കുള്ളതെന്നും ഇവർ ഇക്കാര്യം കോടതി മുൻപാകെ ഉന്നയിക്കുമെന്നുമായിരുന്നു ഇവരുമായി അടുപ്പമുണ്ടായിരുന്നവരിൽ ചിലരിൽ നിന്നും ലഭിച്ച വിവരമെന്ന രീതിയിൽ വാർത്ത പുറത്തുവന്നത്.

കേസിലെ ക്വട്ടേഷൻ സാധ്യത സംബന്ധിച്ച് അതിക്രമത്തിന് ഇരയായ നടിയും അവരുടെ അടുത്ത സുഹൃത്തുക്കളും ആദ്യം മുതൽ സ്വീകരിച്ച നിലപാടു ശരിവയ്ക്കുന്ന നീക്കമാണ് പ്രതികളുടെ ഭാഗത്തു നിന്ന് ഇപ്പോഴുണ്ടാകുന്നതെന്നാണ് ഇത് സംബന്ധിച്ച് പരക്കെയുള്ള വിലയിരുത്തൽ. എന്നാൽ ഇക്കാര്യത്തിലും തങ്ങൾക്ക് മനസറിവില്ലന്നാണ് പൊലീസിന്റെ നിലപാട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി 17-ന് പ്രതികളുടെ ജാമ്യപേക്ഷയിൽ നടക്കുന്ന വാദം നടക്കുമ്പോൾ നിർണ്ണായക വെളിപ്പെടുത്തൽ ഉണ്ടാവുമെന്നള്ള പ്രചാരണവും ശക്തി പ്രാപിച്ചിട്ടുണ്ട്. പ്രതികളുടെ വിലപേശൽ തന്ത്രമായും ഇപ്പോഴത്തെ നീക്കത്തെ വിലയിരുത്തുന്നവരും കുറവല്ല.

നടിയെ ആക്രമിച്ചത് ക്വട്ടേഷനാണെന്ന സംശയം ബലപ്പെടുത്തുന്ന തെളിവുകൾ കിട്ടിക്കഴിഞ്ഞു. ആലുവയിലേയും കാക്കനാട്ടേയും സബ് ജയിലിലുകളിൽ വെച്ചു പൾസർ സുനി ജയിൽ വെൽഫെയർ ഓഫീസർമാരോടും ജയിൽ അധികാരികളോടും പറഞ്ഞ മൊഴികളാണ് നിർണ്ണായകമായത്. നേരത്തെ അന്വേഷണവുമായി പൾസർ സുനി സഹകരിച്ചിരുന്നില്ല. എന്നാൽ ജയിലിലെത്തിയപ്പോൾ ഇത് മാറുകയായിരുന്നു. സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന് നടി ആവർത്തിച്ചിരുന്നു. സിനിമയിലെ വനിതകൾ സംഘടനയുണ്ടാക്കി മുഖ്യമന്ത്രിയെ കണ്ടപ്പോഴും നടിക്ക് നീതി കിട്ടാത്തത് ചർച്ചയായിരുന്നു. ഗൂഢാലോചനക്കാരെ പിടിച്ചേ മതിയാകൂവെന്ന് മഞ്ജു വാര്യരുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു. ഇതോടെ മുഖ്യമന്ത്രി കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ തിരക്കി. അതിവേഗം നിഷ്പക്ഷമായി മുന്നോട്ട് പോകാനായിരുന്നു മുഖ്യമന്ത്രിയുടെ നിർദ്ദേശം. പൊലീസ് മേധാവിയായി ചുമതലയിലുള്ള ടിപി സെൻകുമാറും കാര്യങ്ങൾ വിലയിരുത്തി.

പൾസർ സുനിയുടെ മൊഴിയും മറ്റും പരിശോധിച്ചതിൽ ഗൂഢാലോചനയിൽ വ്യക്തമായ തെളിവുണ്ടെന്ന് തന്നെയാണ് പൊലീസിന്റെ നിഗമനം. എന്നാൽ വിവാദങ്ങളിൽ പെടാൻ താൽപ്പര്യമില്ലാത്തതിനാൽ കരുതലോടെയാണ് നീക്കം. പൾസർ സുനിയെ ആവേശത്തിലാക്കി നടിയെ തട്ടിക്കൊണ്ടു വന്നതിന് പിന്നിലെ സിനിമയിലെ അണിയറക്കാർ തന്നെയെന്നത് പൊലീസിനും വ്യക്തമായി കഴിഞ്ഞു. ഇവർ വിഡിയോ അനായാസമായി ലഭിക്കുമെന്നും നടിയെ വേഗത്തിൽ ഭയപ്പെടുത്താൻ സാധിക്കുമെന്നും വഴങ്ങുമെന്നുമുള്ള ധൈര്യം സുനിക്ക് കൊടുത്തിരുന്നു. നടി ഇതൊരിക്കലും പുറത്തു പറയില്ലെന്നായിരുന്നു എല്ലാവരും കരുതിയത്. ഇതാണ് പൊളിഞ്ഞത്. തൃക്കാക്കര എംഎൽഎ പിടി തോമസ് സ്ഥലത്ത് എത്തിയതാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തൽ. ഒത്തുതീർപ്പ് ശ്രമമെല്ലാം ഇതോടെ പൊളിഞ്ഞു.

സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ചു. പൾസർ സുനിയാണ് ഒന്നാം പ്രതി. കേസിലാകെ ഏഴു പ്രതികളാണുള്ളത്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. 375 പേജുള്ള കുറ്റപത്രത്തിൽ 165 സാക്ഷികളെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി 17നാണ് തെന്നിന്ത്യയിലെ പ്രമുഖ നടിയെ ഓടുന്ന കാറിൽ പൾസർ സുനിയും സംഘവും ആക്രമിച്ചത്. നടി സഞ്ചരിച്ചിരുന്ന വാഹനത്തിനു പിന്നിൽ കാറ്ററിങ് വാൻ കൊണ്ടിടിപ്പിച്ച ശേഷമായിരുന്നു ആക്രമണം. കേസിലെ മുഖ്യപ്രതിയായ പൾസർ സുനിയെ ആലുവ ജുഡീഷ്യൽ കോടതിയിൽ കീഴടങ്ങാനെത്തിയപ്പോഴാണ് പൊലീസ് പിടികൂടിയത്. സുനി കുറ്റം സമ്മതിച്ചിരുന്നു.

കുറ്റപത്രം സമർപ്പിച്ച കേസായതിനാൽ തുടരന്വേഷണത്തിലെ മറ്റ് സാങ്കേതിക പ്രശ്നങ്ങളും പൊലീസിന് മുമ്പിലുണ്ട്. ഗൂഢാലോചനയിൽ പ്രത്യേക കുറ്റപത്രം നൽകുന്നതും പരിഗണിക്കും. ഈ പ്രശ്നങ്ങളിലെല്ലാം വ്യക്തത വരുത്തിയ ശേഷം മാത്രമേ ഇനി ആരെയെങ്കിലും ചോദ്യം ചെയ്യാൻ പൊലീസ് തയ്യാറാകൂവെന്നാണ് സൂചന.