ന്യൂഡൽഹി: ഡൽഹിയിൽ കൂട്ട ബലാത്സംഗത്തിനിരയായ യുവതി പൊതുജനമധ്യത്തിൽ നേരിട്ടത് സമാനതകളില്ലാത്ത ക്രൂരത. പീഡനത്തിനിരയായ യുവതിയെ തട്ടിക്കൊണ്ടുപോയി തലമുടി മുറിച്ചു. മുഖത്തു കരി ഓയിൽ പുരട്ടി. ചെരുപ്പുമാല അണിയിച്ചു നഗര മധ്യത്തിലൂടെ പ്രദക്ഷിണം ചെയ്യിച്ചു. സംഭവത്തിൽ നാലു സ്ത്രീകളെ അറസ്റ്റ് ചെയ്തതായി വനിതാ കമ്മീഷൻ അറിയിച്ചു.

കിഴക്കൻ ഡൽഹിയിലെ ഷാഹ്ദറയിലാണ് ബലാത്സംഗത്തിനിരയായ 20 വയസ്സുകാരി സ്ത്രീകളുടെയും ആക്രമണത്തിനിരയായത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

കൂട്ടത്തോടെയെത്തിയ സ്ത്രീകൾ യുവതിയെ മർദിക്കുന്നതിന്റെയും ബഹളമുണ്ടാക്കുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മാലിവാളാണ് ട്വിറ്ററിലൂടെ ഈ ദൃശ്യങ്ങൾ പങ്കുവെച്ചത്.

അനധികൃതമായി മദ്യവിൽപ്പന നടത്തുന്നയാളുകൾ സംഘം ചേർന്ന് യുവതിയെ പീഡിപ്പിച്ചതാണ് സംഭവമെന്ന് സ്വാതി മലിവാൾ പറഞ്ഞു. ഡൽഹി പൊലീസിന് നോട്ടീസ് അയച്ചതായും യുവതിക്കും കുടുംബത്തിനും പൊലീസ് സമ്പൂർണ പരിരക്ഷ ഉറപ്പുവരുത്തണമെന്നും സ്വാതി കൂട്ടിച്ചേർത്തു.

ബലാത്സംഗത്തിനിരയായ യുവതിയെ വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയ സ്ത്രീകൾ മുടി മുറിക്കുകയും മുഖത്ത് കരിഓയിൽ ഒഴിക്കുകയും ആക്രമിക്കുകയുമായിരുന്നു. തുടർന്ന് ചെരിപ്പുമാലയിട്ട് യുവതിയെ റോഡിലൂടെ നടത്തിക്കുകയും ചെയ്തു. യുവതിയെ അപമാനിക്കുന്നത് നോക്കിനിന്ന ആൾക്കൂട്ടം ആക്രമത്തെ കൈയടിച്ചു പ്രോത്സാഹിപ്പിച്ചു. സംഭവത്തിന് പിന്നിൽ വ്യക്തിവിരോധമാണെന്ന് ഡൽഹി പൊലീസ് പറഞ്ഞു.

യുവതിയെ മർദിച്ച സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തതായും സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും ഷാഹ്ദറ ഡെപ്യൂട്ടി കമ്മീഷണർ ആർ. സത്യസുന്ദരം പറഞ്ഞു. വ്യക്തിവൈരാഗ്യമാണ് ദൗർഭാഗ്യകരമായ ലൈംഗികാതിക്രമത്തിന് കാരണമായതെന്നും യുവതിക്ക് കൗൺസിലിങ് അടക്കം എല്ലാ സഹായങ്ങളും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

സമീപകാലത്ത് ആത്മഹത്യ ചെയ്ത യുവാവിന്റെ കുടുംബമാണ് യുവതിയെ അപമാനിച്ചതിന് പിന്നിൽ എന്ന് തെളിഞ്ഞു. യുവാവിന്റെ ആത്മഹത്യയ്ക്ക് കാരണം പീഡനത്തിനിരയായ യുവതിയാണെന്ന് കുടുംബാംഗങ്ങൾ ആരോപിക്കുന്നു. യുവാവിന്റെ അമ്മാവനാണ് 20-കാരിയെ വീട്ടിൽ നിന്ന് പിടിച്ചിറക്കി സമൂഹമധ്യത്തിൽ അപമാനിക്കാൻ മുന്നിൽ നിന്നത്. യുവാവിന്റെ മരണശേഷം വാടകവീട്ടിൽ കുഞ്ഞിന്റെയൊപ്പം താമസിക്കുകയായിരുന്നു യുവതി.

യുവാവ് ജീവനൊടുക്കിയതിന് പിന്നാലെ മർദനത്തിനിരയായ യുവതി കഴിഞ്ഞ നവംബറിൽ പ്രദേശത്തുനിന്ന് താമസം മാറിയിരുന്നതായി ഇവരുടെ സഹോദരി പറഞ്ഞു. വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമായ യുവതി മറ്റൊരിടത്ത് വാടകയ്ക്ക് താമസിച്ചുവരുന്നതിനിടെയാണ് ജീവനൊടുക്കിയ കുട്ടിയുടെ ബന്ധു ഇവരെ കണ്ടെത്തിയതെന്നും സഹോദരി പ്രതികരിച്ചു.