കുട്ടികൾക്കെതിരായ ലൈംഗികാതിക്രമത്തെ ചെറുക്കാൻ ലോകമാകെ കൈകോർത്തുനിൽക്കുമ്പോൾ, കുട്ടികളെ ബലാൽസംഗം ചെയ്യുന്നത് കുറ്റകരമല്ലെന്ന നിയമം പാസ്സാക്കിയിരിക്കുകയാണ് തുർക്കി. ബലാൽസംഗം ചെയ്യുന്ന പെൺകുട്ടികളെ വിവാഹം ചെയ്യാൻ തയ്യാറായാൽ അയാളെ കുറ്റവിമുക്തനാക്കുന്ന നിയമമാണ് തുർക്കിയിൽ പാസ്സായത്. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം ഗണ്യമായ തോതിൽ വർധിപ്പിക്കാൻ മാത്രമേ ഇതുപകരിക്കൂ എന്ന് നിരീക്ഷിക്കപ്പെടുന്നു.

യൂറോപ്യൻ യൂണിയനിൽ അംഗത്വം തേടുന്നതിനിടെയാണ് വിവാദ നിയമം തുർക്കി പാസ്സാക്കിയത്. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് അറിയാതെ അവരുമായി ലൈംഗികബന്ധതത്തിലേർപ്പെടുന്ന പുരുഷന്മാർക്ക് മാപ്പുനൽകുന്നതിനാണ് ഈ നിയമമെന്നാണ് പ്രസിഡന്റ് റീസെപ് തായിപ്പ് സർക്കാറിന്റെ വാദം. എന്നാൽ, ചെറിയ പെൺകുട്ടികളെപ്പോലും ലൈഗിംഗാതിക്രമത്തിന് ഇരയാക്കുന്നതിന് ഈ നിയമം വഴിയൊരുക്കുമെന്ന് വലിയൊരു വിഭാഗം വാദിക്കുന്നു.

കുട്ടികൾക്കെതിരായ ലൈംഗികാതിക്രമത്തെയും ബലംപ്രയോഗിച്ചുള്ള ശൈശവ വിവാഹങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന നിയമമാണിതെന്ന് വിമർശകർ പറയുന്നു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വൻതോതിൽ വർധിച്ചുവരുന്നുവെന്ന ആരോപണം തുർക്കി നേരിടുന്നതിനിടെയാണ് ഈ നിയമം പാസ്സാകുന്നത്. കഴിഞ്ഞ പത്തുവർഷത്തിനിടെ സ്ത്രീകൾക്കെതിരായ അക്രമങ്ങൾ 40 ശതമാനത്തോളമാണ് വർധിച്ചത്.

ഭരണകക്ഷിയായ ജസ്റ്റിസ് ആൻഡ് ഡവലപ്‌മെന്റ് പാർട്ടിയാണ് പാർലമെന്റിൽ വിവാദ ബിൽ അവതരിപ്പിച്ചത്. പ്രതിപക്ഷം ശക്തമായി എതിർത്തെങ്കിലും ബിൽ പാസ്സാവുകയായിരുന്നു. ആഗോള തലത്തിൽ കുട്ടികളെ സംരക്ഷിക്കാനായി നിർമ്മിച്ചിട്ടുള്ള നിയമങ്ങൾക്ക് വിരുദ്ധമാണ് ഈ നിയമമെന്ന് പ്രതിപക്ഷ എംപിയായ ഒസ്ഗുർ ഒസെൽ പറഞ്ഞു. ഇഷ്ടമുള്ള പെൺകുട്ടിയെ ബലാൽസംഗം ചെയ്തശേഷം അവളെ വിവാഹം കഴിക്കകുയാണെങ്കിൽ കുറ്റവിമുക്തനാകുമെന്ന വ്യവസ്ഥ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച ബിൽ രണ്ടാം ഘട്ട വോട്ടിനുവരും. അപ്പോഴും പാസ്സാവുകയാണെങ്കിൽ അത് നിയമമായി മാറും.