ചണ്ഡീഗഡ്: പത്തു വയസ്സുകാരിയായ പെൺകുട്ടി അമ്മാവനിൽ നിന്നും ഗർഭം ധരിച്ചതും ഗർഭഛിദ്രത്തിന് വേണ്ടി കുട്ടിയുടെ മാതാപിതാക്കൾ സുപ്രീം കോടതി വരെ കയറി ഇറങ്ങിയതും വലിയ വാർത്തയായിരുന്നു. എന്നാൽ ആ പെൺകുട്ടി ജന്മം നൽകിയ കുഞ്ഞ് പ്രതിയായ അമ്മാവന്റേതല്ലെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം.

പ്രതിയുടെ അഭിഭാഷകനാണു പെൺകുട്ടി ജന്മം നൽകിയ കുഞ്ഞിന്റെ ഡി എൻ എ പ്രതിയുടേതുമായി ഒത്തുപോകുന്നില്ല എന്ന റിപ്പോർട്ട് പുറത്തുവിട്ടത്. 10 വയസുകാരിയായ പെൺകുട്ടിയുടെ ബന്ധുവാണു കേസിലെ പ്രതി. ബന്ധു തുടർച്ചയായി പീഡനത്തിനിരയാക്കിയിരുന്നു എന്നാണു പെൺകുട്ടിയുടെ മൊഴി. ഭ്രൂണം 30 ആഴ്ച വളർച്ച എത്തിയപ്പോഴാണു പെൺകുട്ടി ഗർഭിണിയാണ് എന്ന വിവരം തിരിച്ചറിഞ്ഞത്.

തുടർന്ന് അമ്മയുടെ പരാതിയിലാണു പൊലീസ് കേസ് എടുത്തത്. ഗർഭചിദ്രത്തിനു ഹർജി നൽകിരുന്നെങ്കിലും കോടതി ഇതു നിഷേധിക്കുകയായിരുന്നു. സുപ്രീം കോടതി വരെ ഹർജി എത്തിരുന്നു. തുടർന്നു കഴിഞ്ഞ ഓഗസ്റ്റ് 17 ആണ് പെൺകുട്ടി കുഞ്ഞിന് ജന്മം നൽകിയത്. പെൺകുട്ടിയെ ബലാത്സംഗം ചെയ്തതിനു ബന്ധുവിനെ കഴിഞ്ഞ ജൂലൈയിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ കേസിന്റെ പുതിയ വഴിത്തിരിവിനോടു പ്രതികരിക്കാൻ പൊലീസ് തയാറായില്ല.