തിരുവനന്തപുരം: റഫേൽ കരാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടുതരത്തിൽ കുറ്റക്കാരനാണെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ഒന്നാമതായി ദേശീയസുരക്ഷ അപകടത്തിലാക്കിയതിന്, രണ്ടാമതായി അഴിമതിയും ചങ്ങാത്തമുതലാളിത്തവും പ്രോത്സാഹിപ്പിച്ചതിന്. നിഷ്പക്ഷമായ അന്വേഷണം പ്രധാനമന്ത്രിയെ പ്രതിക്കൂട്ടിലാക്കുമെന്നും കാരാട്ട് ചൂണ്ടിക്കാട്ടുന്നു.

പ്രകാശ് കാരാട്ട് ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിന്റെ പുർണ്ണ രൂപം ഇങ്ങനെയാണ്:
മോദി സർക്കാരിന്റെ അഴിമതിയുടെയും ചങ്ങാത്ത മുതലാളിത്തത്തിന്റെയും മുഖംമൂടി വലിച്ചുകീറുന്നതാണ് റഫേൽ കരാർ സംബന്ധിച്ച് ഉണ്ടായിട്ടുള്ള വെളിപ്പെടുത്തലുകൾ. അതുമാത്രമല്ല, 126 യുദ്ധവിമാനം വാങ്ങാനുള്ള കരാർ റദ്ദാക്കി 36 നിർമ്മിത യുദ്ധവിമാനം ഇറക്കുമതി ചെയ്യാനുള്ള പുതിയ കരാറിൽ എത്തുന്നതിൽ പ്രധാനമന്ത്രിക്ക് നേരിട്ടുള്ള പങ്കാളിത്തവും പുറത്തായി. കഴിഞ്ഞാഴ്ച മുൻ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വ ഓളന്ദ് മാധ്യമങ്ങളോട് നടത്തിയ പ്രസ്താവനയോടെ മോദി സർക്കാർ മെനഞ്ഞെടുത്ത കള്ളക്കഥകൾ അപ്പടി പൊളിഞ്ഞു. അഴിമതി മൂടിവയ്ക്കാനുള്ള ശ്രമവും പാളി.

ഓളന്ദ് ഫ്രഞ്ച് വെബ്സൈറ്റിനോട് പറഞ്ഞത് റഫേൽ ഇടപാടിലെ ഇന്ത്യൻ പങ്കാളിയെ നിർദേശിച്ചത് ഇന്ത്യൻ സർക്കാർ തന്നെയാണെന്നാണ്. ഫ്രഞ്ച് സർക്കാരിനോ വിമാനനിർമ്മാതാവായ ദസ്സാൾട്ടിനോ ഇക്കാര്യത്തിൽ ഒരു പങ്കുമില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. 'ഈ വിഷയത്തിൽ ഞങ്ങൾക്ക് ഒരു തെരഞ്ഞെടുപ്പ് സാധ്യമായിരുന്നില്ല' എന്ന് അർഥശങ്കയ്ക്കിടയില്ലാത്തവിധം ഓളന്ദ് വ്യക്തമാക്കി.തൊട്ടടുത്ത ദിവസം സെപ്റ്റംബർ 22ന് ഫ്രഞ്ച് വാർത്താ ഏജൻസിയായ എഎഫ്‌പിയോട് സംസാരിക്കവെ ഓളന്ദ് ഇക്കാര്യങ്ങൾ ഒന്നുകൂടി വ്യക്തമാക്കി. ''മോദി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം റഫേൽ ഇടപാട് സംബന്ധിച്ച് നടന്ന ചർച്ചയിൽ ഉരുത്തുരിഞ്ഞുവന്ന 'പുതിയ ഫോർമുലയിലാണ്' റിലയൻസിന്റെ പേര് വന്നതെന്ന്'' ഓളന്ദ് പറഞ്ഞുവെന്നായിരുന്നു എഎഫ്‌പിയുടെ റിപ്പോർട്ട്.

പ്രതിരോധമന്ത്രി നിർമല സീതാരാമന്റെ വാദമുഖങ്ങൾ ഇതോടെ പൊളിഞ്ഞു. ദസ്സാൾട്ട് ആരെയാണ് ഇന്ത്യൻ പങ്കാളിയായി നിശ്ചയിച്ചതെന്ന് സർക്കാരിന് അറിയില്ലെന്നും ഈ തീരുമാനത്തിൽ സർക്കാരിന് ഒരു പങ്കുമില്ലെന്നുമായിരുന്നു കുറച്ചുദിവസംമുമ്പുവരെ നിർമല സീതാരാമൻ പറഞ്ഞിരുന്നത്.അഴിമതിയുടെ പ്രധാന തെളിവ് ഇന്ത്യൻ പങ്കാളിതന്നെയാണ്. 2012ൽ റഫേൽ യുദ്ധവിമാനം നിർമ്മിക്കുന്ന കമ്പനിയായ ദസ്സാൾട്ടിനെ തെരഞ്ഞെടുത്തത് ആഗോള ടെൻഡറിലൂടെയായിരുന്നു. ഇന്ത്യൻ വ്യോമസേനയ്ക്ക് 126 യുദ്ധവിമാനം വാങ്ങുന്നതിനായിരുന്നു ഈ ടെൻഡർ. ധാരണപത്രം അനുസരിച്ച് ദസ്സാൾട്ടിന്റെ ഇന്ത്യൻ പങ്കാളി പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക് ലിമിറ്റഡ് (എച്ച്എഎൽ) ആയിരുന്നു. എച്ച്എഎല്ലുമായി ചേർന്നാണ് 108 വിമാനം നിർമ്മിക്കുക. 18 വിമാനം ദസ്സാൾട്ട് നിർമ്മിച്ച് നൽകുകയും ചെയ്യും.

എന്നാൽ, 2015 ഏപ്രിലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പാരീസിൽ പോയപ്പോൾ 126 വിമാനം വാങ്ങാനുള്ള കരാർ ഉപേക്ഷിക്കുകയും 36 നിർമ്മിത റഫേൽ യുദ്ധവിമാനം വാങ്ങാനുള്ള പുതിയ കരാറിൽ ദസ്സാൾട്ടുമായി ഒപ്പുവയ്ക്കുകയും ചെയ്തു. ഇതോടൊപ്പം മുഖ്യ പങ്കാളിയായി അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസിനെ തെരഞ്ഞെടുക്കുകയും 21,000 കോടി രൂപയുടെ കരാർ പണി ഈ കമ്പനിക്ക് നൽകുകയും ചെയ്തു.
ആദ്യത്തെ കരാർ എന്തുകൊണ്ടാണ് റദ്ദാക്കിയത് എന്നതിന് തൃപ്തികരമായ ഒരു വിശദീകരണം ഇതുവരെയും ലഭ്യമായിട്ടില്ല. ടെൻഡർ ക്ഷണിക്കൽ, അതിന്റെ വിശദമായ പരിശോധന എന്നിങ്ങനെ ദൈർഘ്യമേറിയ പ്രക്രിയയിലൂടെയാണ് ആദ്യ കരാർ വ്യോമസേന ഉറപ്പിച്ചിരുന്നത്. 126 വിമാനം വാങ്ങണമെന്നതിലും തർക്കമൊന്നുമില്ല. കുറച്ച് വിമാനംമാത്രമാണ് വ്യോമസേനയ്ക്കുള്ളത്. ആവശ്യമായ 42 സ്‌ക്വാഡ്രൺ (ഒരു സ്‌ക്വാഡ്രൺ 18 വിമാനമാണ്) വിമാനങ്ങളെങ്കിലും വ്യോമസേനയ്ക്ക് ആവശ്യമാണ്.

മോദി സർക്കാർ, പ്രത്യേകിച്ച് പ്രതിരോധമന്ത്രി നിർമല സീതരാമനും ധനമന്ത്രി അരുൺ ജെയ്റ്റലിയും വിഷയം വഴിതിരിച്ചുവിടാനാണ് ശ്രമിക്കുന്നത്. വിമാനവില സംബന്ധിച്ചും എച്ച്എഎല്ലുമായി സംയുക്ത നിർമ്മാണം സംബന്ധിച്ചുമുള്ള ചർച്ച പുരോഗമിച്ചിരുന്നില്ല എന്നാണ് അവർ വാദിക്കുന്നത്. ഒരു അഭിമുഖത്തിൽ നിർമല സീതാരാമൻ പറഞ്ഞത് എച്ച്എഎല്ലിലെ പശ്ചാത്തല സൗകര്യങ്ങളുടെ കുറവാണ് അവരുമായി കരാറിലെത്താൻ ദസ്സാൾട്ട് തയ്യാറാകാതിരുന്നതെന്നാണ്.എച്ച്എഎല്ലിൽ പശ്ചാത്തല സൗകര്യമില്ലെന്ന നിർമല സീതാരാമന്റെ വദത്തെ എച്ച്എഎല്ലിന്റെ ചെയർമാൻസ്ഥാനത്തുനിന്ന് ഈ സെപ്റ്റംബർ ഒന്നിന് വിരമിച്ച ടി സുവർണ രാജു പൂർണമായും തള്ളിക്കളഞ്ഞു. ''വ്യോമസേനയുടെ പ്രധാന അവലംബമായ നാലാം തലമുറ വിമാനമായ 25 ടൺ ഭാരമുള്ള സുഖോയ് 30 വിമാനം, എച്ച്എഎല്ലിന് നിർമ്മിക്കാൻ കഴിയുമെങ്കിൽ എന്താണ് നിങ്ങളൊക്കെ പറയുന്നതിന്റെ അർഥം'' എന്ന ചോദ്യമാണ് അദ്ദേഹം ഉയർത്തിയത്. നമുക്ക് തീർച്ചയായും അതിന് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദസ്സാൾട്ടുമായി ഒരു കരാറിലുമെത്തിയിട്ടില്ലെന്ന കള്ളവും അദ്ദേഹം പൊളിച്ചുകൊടുത്തു. അദ്ദേഹം പറഞ്ഞു. ''ദസ്സാൾട്ടും എച്ച്എഎല്ലും പരസ്പര പ്രവൃത്തി കൈമാറ്റ കരാറിൽ (വർക്ക് ഷെയർ എഗ്രിമെന്റ്) ഒപ്പുവയ്ക്കുകയും അത് സർക്കാരിന് കൈമാറുകയും ചെയ്തിരുന്നു.'' എന്തുകൊണ്ടാണ് നിങ്ങൾ ആ ഫയൽ പുറത്തുവിടാൻ സർക്കാരിനോട് ആവശ്യപ്പെടാത്തത്? അതെ, ആ ഫയൽ എല്ലാം വ്യക്തമാക്കും. മുൻ എച്ച്എഎൽ ചെയർമാൻ സത്യമാണ് പറഞ്ഞത്. ദസ്സാൾട്ട് സിഇഒ എറിക് ട്രാപ്പിയർ നടത്തിയ വാർത്താ സമ്മേളനവും ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നു. പ്രധാനമന്ത്രിയുടെ പാരീസ് യാത്രയ്ക്ക് രണ്ടാഴ്ചമുമ്പ് ട്രാപ്പിയർ പറഞ്ഞത് ''ഇടപാട് 95 ശതമാനവും പൂർത്തിയായി'' എന്നും എച്ച്എഎല്ലുമായി വർക്ക് ഷെയർ എഗ്രിമെന്റ് ഒപ്പിട്ടെന്നുമാണ്.

ചങ്ങാത്തമുതലാളിത്തം വരുന്ന വഴിയിതാണ്. പ്രതിരോധ ഉപകരണനിർമ്മാണത്തിൽ ഒരു മുൻപരിചയവും അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസിനില്ല. യഥാർഥത്തിൽ അദ്ദേഹത്തിന്റെ പല കമ്പനിയും കഴുത്തോളം കടത്തിലാണ്. അത്തരമൊരു സ്വകാര്യകമ്പനിക്ക് എങ്ങനെയാണ് അത്യാധുനിക ഉപകരണങ്ങളും യുദ്ധവിമാനങ്ങളും നിർമ്മിക്കാനുള്ള കരാർ നൽകുക?

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേരിട്ടുള്ള പങ്ക് ഇവിടെയാണ് തെളിയുന്നത്. 2015 ഏപ്രിലിലാണ് മോദി ഔദ്യോഗിക സന്ദർശനത്തിനായി ഫ്രാൻസിലേക്ക് പോകുന്നത്. ഈ സന്ദർശനത്തിനുമുമ്പായി സർക്കാരിന്റെ ഒരു തലത്തിലും വ്യോമസേനയുമായിപ്പോലും ഒരു ചർച്ചയും നടന്നിരുന്നില്ല. ദസ്സാൾട്ടുമായി 126 വിമാനം വാങ്ങുന്ന കരാർ ഉപേക്ഷിച്ച് അതിലും കുറച്ച് വിമാനങ്ങൾ വാങ്ങുന്ന പുതിയ കരാറിൽ ഒപ്പിടുമെന്ന ഒരു സൂചനയും ഉണ്ടായിരുന്നില്ല. പ്രതിരോധമന്ത്രി മനോഹർ പരീക്കറെയോ സുരക്ഷ സംബന്ധിച്ച മന്ത്രിസഭാ സമിതിയെയോ ഈ വിഷയത്തെക്കുറിച്ച് ധരിപ്പിച്ചതുമില്ല.

ഏതായാലും പ്രധാനമന്ത്രി ഫ്രാൻസിലേക്ക് പറന്നു. കൂടെയുണ്ടായിരുന്നവരിൽ അനിൽ അംബാനിയും ഉണ്ടായിരുന്നു. പുതിയ കരാർ പ്രഖ്യാപനത്തിനുശേഷം അനിൽ അംബാനി ദസ്സാൾട്ട് സിഇഒയെ കണ്ടതായി റിപ്പോർട്ടുണ്ടായിരുന്നു. അതുകൊണ്ടുതന്നെ മോദിയുടെ അഭിപ്രായപ്രകാരമാണ് ഫ്രഞ്ച് കമ്പനി അനിൽ അംബാനിയുമായി കരാറിലെത്താൻ തയ്യാറായെതെന്ന് വിശ്വസിക്കാൻ ന്യായമുണ്ട്.

പൊതുമേഖലാ കമ്പനിയായ എച്ച്എഎല്ലിനെ തഴഞ്ഞ് സ്വകാര്യകമ്പനിയെ പങ്കാളിയായി തെരഞ്ഞെടുത്തത് പ്രതിരോധനിർമ്മാണം സ്വകാര്യവൽക്കരിക്കുക എന്ന മോദി സർക്കാരിന്റെ നയത്തിന്റെ ഭാഗമാണ്. എന്നാൽ, തെരഞ്ഞെടുക്കപ്പെടാൻ അർഹതയില്ലാത്ത കമ്പനിയെ തെരഞ്ഞെടുത്തതിൽനിന്ന് കൊടുക്കൽ വാങ്ങലുകൾ നടന്നുവെന്ന് തീർച്ചയായും അനുമാനിക്കാം. മോദിയുടെ ഇന്ത്യയിൽ അഴിമതിക്കും നിയമസാധുത ലഭിച്ചിരിക്കുകയാണ്. നിലവിൽ കൈക്കൂലി നിയമപരമായിത്തന്നെ ഇലക്ടറൽ ബോണ്ടുകൾവഴി നൽകാം. ഒരു ചോദ്യവും ഇക്കാര്യത്തിൽ ഉയരുകയുമില്ല.

പ്രധാനമന്ത്രിയുടെ ഈ സ്വേഛാപരമായ നടപടി ദേശീയസുരക്ഷയ്ക്കാണ് ക്ഷതമേൽപ്പിക്കപ്പെടുന്നത്. പ്രധാന വിഷയവും ഇതുതന്നെയാണ്. വ്യോമസേനയ്ക്ക് ആറ് സ്‌ക്വാഡ്രൺ യുദ്ധവിമാനമെങ്കിലും അടിയന്തരമായി ആവശ്യമുണ്ട്. യുപിഎ സർക്കാരിന്റെ കാലത്ത് 2007ലാണ് ഈ ആവശ്യം ആദ്യം ഉയർന്നത്. വിശദമായ പ്രക്രിയ പൂർത്തിയാക്കിയാണ് നല്ല യുദ്ധവിമാനം കണ്ടെത്തിയതും 126 വിമാനം വാങ്ങുന്നതിന് 2012ൽ കരാറിൽ എത്തിയതും. ഈ കരാർ വേഗം നടപ്പാക്കുന്നതിനു പകരം മോദി ആ കരാർ തകർക്കുകയും പകരം രണ്ട് സ്‌ക്വാഡ്രൺ അതായത് 36 റഫേൽ യുദ്ധവിമാനം വാങ്ങാനുള്ള കരാറിലെത്തുകയുമായിരുന്നു. വ്യോമസേനയുടെ ആവശ്യങ്ങൾ ഒരു തരത്തിലും തൃപ്തിപ്പെടുത്തുന്നതല്ല ഈ യുദ്ധവിമാനങ്ങൾ. വിമാനത്തിന്റെ വിലയെത്രയാണെന്ന ചോദ്യത്തിന് ഉത്തരം നൽകാൻ സർക്കാർ വിസമ്മതിക്കുകയാണ്. ഇതിനെല്ലാം പുറമെ വ്യോമസേന 100 യുദ്ധവിമാനംകൂടി വാങ്ങാനുള്ള ആവശ്യം സർക്കാരിനു മുന്നിൽ വച്ചിരിക്കുന്നു. വിമാനങ്ങൾ വാങ്ങാനുള്ള പ്രക്രിയകൾ ഒരു ദശാബ്ദത്തോളം വൈകിപ്പിച്ചിരിക്കുകയാണ്. നിർമ്മിതവിമാനങ്ങളാണ് വാങ്ങുന്നത് എന്നതിനാൽ സാങ്കേതികവിദ്യ ഇന്ത്യക്ക് കൈമാറ്റം ചെയ്യപ്പെടുന്നുമില്ല. അതിനാൽ, ഈ ഇടപാടിൽ മോദി രണ്ടുതരത്തിൽ കുറ്റക്കാരനാണ്. ഒന്നാമതായി ദേശീയസുരക്ഷ അപകടത്തിലാക്കിയതിന്. രണ്ടാമതായി അഴിമതിയും ചങ്ങാത്തമുതലാളിത്തവും പ്രോത്സാഹിപ്പിച്ചതിന്. നിഷ്പക്ഷമായ അന്വേഷണം പ്രധാനമന്ത്രിയെ പ്രതിക്കൂട്ടിലാക്കും.