ജമ്മു: അതിർത്തി ഗ്രാമങ്ങളും സൈനിക പോസ്റ്റുകളും ലക്ഷ്യമാക്കി പാക്ക് സേന നടത്തിയ ആക്രമണത്തിൽ പത്ത് വയസ്സുകാരനും പെൺകുട്ടിയും കൊല്ലപ്പെട്ടു. അഞ്ചു പ്രദേശവാസികൾക്കു പരുക്കേറ്റു. നിയന്ത്രണരേഖയോടു ചേർന്നു പൂഞ്ച് ജില്ലയിലായിരുന്നു ആക്രമണം.

ഇന്ത്യൻ സേനയും ശക്തമായി തിരിച്ചടിച്ചു. വെടിവയ്പ് ഇപ്പോഴും തുടരുകയാണ്. ആക്രമണം ഇന്ത്യയിലേക്ക് ഭീകരർക്ക് നുഴഞ്ഞുകയറാൻ സഹായിക്കുന്നതിന് വേണ്ടിയാണെന്ന സംശയം ശക്തമായതോടെ സൈന്യം ശക്തമായ നിരീക്ഷണം നടത്തുന്നുണ്ട്. അടുത്തകാലങ്ങളിൽ ഉണ്ടാകാത്ത വിധം ശക്തമായാണ് പാക് പ്രകോപനം സൃഷ്ടിക്കുന്നത്.

ഒട്ടേറെ അതിർത്തി ഗ്രാമങ്ങളിലും ഷാഹ്പുർ, കിർനി, ക്വാസ്ബ സെക്ടറുകളിലെ സൈനിക പോസ്റ്റുകളും ലക്ഷ്യമാക്കിയായിരുന്നു ആക്രമണമെന്ന് സൈനികോദ്യോഗസ്ഥൻ പറഞ്ഞു. പുലർച്ചെയായിരുന്നു ആക്രമണം.

കർണി സെക്ടറിൽ താമസിക്കുന്ന ഇസ്‌റാർ അഹമ്മദാണ് മരിച്ച ആൺകുട്ടി. രാവിലെ 6.50നാണ് വെടിവയ്പും ഷെല്ലിങ്ങുമുണ്ടായത്. പൊടുന്നനെ ആക്രമണം ഉണ്ടായതോടെ ഗ്രാമവാസികൾ പരിഭ്രാന്തരായി വീടുകൾ ഒഴിഞ്ഞ് ഓടി രക്ഷപ്പെടുകയായിരുന്നു.

കഴിഞ്ഞദിവസം അതിർത്തിയിൽ പാക് തുരങ്കങ്ങൾ നിർമ്മിച്ചതായി കണ്ടെത്തിയിരുന്നു. വൻ തുരങ്കങ്ങൾ ഭീകരർക്ക് ഇന്ത്യയിലെത്താൻ വേണ്ടി ഒരുക്കിയതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യൻ സൈനിക ക്യാമ്പുകൾ ആക്രമിച്ച വേളകളിലും മറ്റും ഇത്തരത്തിൽ നുഴഞ്ഞുകയറി എത്തുന്ന ചാവേറുകളാണ് ആക്രമണം നടത്താറ്. അതിനാൽ തന്നെ ഇവരുടെ നുഴഞ്ഞുകയറ്റത്തിന് മറപിടിക്കാനാണ് ഇപ്പോൾ പാക് സൈന്യം വെടിവയ്‌പ്പ് നടത്തുന്നതെന്ന സംശയമാണ് ബലപ്പെടുന്നത്.

പാക്കിസ്ഥാനിൽനിന്ന് ഇന്ത്യയിലേക്കു നുഴഞ്ഞു കയറുന്നതിനായി ഭീകരർ നിർമ്മിച്ച തുരങ്കം ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്എഫ്) ആണ് കണ്ടെത്തിയത്. അർണിയ സെക്ടറിൽ ദമനയക്കടുത്തുള്ള വിക്രം -പട്ടേൽ പോസ്റ്റുകൾക്കിടയിലായാണ് 14 അടി ആഴമുള്ള തുരങ്കം കണ്ടെത്തിയത്. സംഭവത്തേത്തുടർന്ന് പ്രദേശത്ത് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. ബിഎസ്എഫും പാക്കിസ്ഥാനി റേഞ്ചേഴ്‌സും കൂടിക്കാഴ്ച നടത്തുകയും സംഘർഷാവസ്ഥ കുറയ്ക്കാൻ ധാരണ ഉണ്ടാക്കുകയും ചെയ്തതിന്റെ പിറ്റേദിവസമാണു തുരങ്കം കണ്ടെത്തിയതെന്നതും ശ്രദ്ധേയമാണ്.

ഏഴു മാസത്തിനുള്ളിൽ കണ്ടെത്തിയ രണ്ടാമത്തെ തുരങ്കമാണിത്. സാംബയിലെ രാംഗഡ് സെക്ടറിലാണ് ആദ്യത്തേതു കണ്ടത്. നുഴഞ്ഞു കയറ്റം തടയാൻ ബിഎസ്എഫ് നിർമ്മിച്ച മുള്ളുവേലിക്കടിയിലായിരുന്നു പുതിയ തുരങ്കം.

ജമ്മുവിൽ ഈ ഉത്സവകാലത്തു കുഴപ്പമുണ്ടാക്കാനായി ധാരാളം ഭീകരരെ ഇങ്ങോട്ടു കടത്തിവിടാനാണു തുരങ്കം നിർമ്മിച്ചതെന്നു ബിഎസ്എഫ് വക്താക്കൾ സംശയം പ്രകടിപ്പിച്ചിരുന്നു. പാക്കിസ്ഥാൻ ഭാഗത്തുള്ള ധംല നുള്ള എന്ന ചെറുനദിയുടെ കരയിൽ പത്തിലേറെ സായുധ പാക്കിസ്ഥാൻകാരെ ബിഎസ്എഫ് പട്രോൾ സംഘം രാവിലെ കണ്ടിരുന്നു.

പട്രോൾ സംഘം തുരങ്കമുള്ള ഭാഗത്തേക്കു നീങ്ങിയപ്പോൾ പാക്കിസ്ഥാനികൾ വെടിവച്ചു. പക്ഷേ ബിഎസ്എഫ് ജവാന്മാർ മുന്നോട്ടു നീങ്ങി. തുടർന്നാണ് തുരങ്കം കണ്ടത്. മൂന്നടി ഉയരവും രണ്ടര അടി വീതിയും 14 അടി ആഴവും ഉണ്ടായിരുന്നു തുരങ്കത്തിന്. ഇതിൽ ഭീകരർ ഗ്രനേഡുകൾ, എകെ-47 തോക്ക്, സ്ലീപ്പിങ് ബാഗ്, കുഴിക്കാനുള്ള ഉപകരണങ്ങൾ, ഭക്ഷണം എന്നിവ കണ്ടെത്തിയിരുന്നു.

രണ്ടാഴ്ചയ്ക്കുള്ളിൽ ഒരു ബിഎസ്എഫ് ജവാനും ഒരു നാട്ടുകാരനും പാക് ഷെല്ലിംഗിൽ ഈ മേഖലയിൽ കൊല്ലപ്പെട്ടിരുന്നു. മറ്റു പലയിടത്തും അതിർത്തിയിൽ ഇപ്പോൾ പാക് സൈന്യം ഷെല്ലാക്രമണവും വെടിവയ്പും നടത്തുന്നതിനാൽതന്നെ കൂടുതൽ നുഴഞ്ഞുകയറ്റ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് ഇന്ത്യൻ അധികൃതർ.