- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഹൃദയത്തിൽ പ്രണവ് ദർശനയോട് പറയുന്നൊരു ടെക്നിക്കുണ്ട്; ഈ ടെക്നിക്ക് കേൾക്കാത്ത ശബ്ദത്തിലൂടെ ഞാൻ മോഹൻലാലിലൂടെ പ്രയോഗിച്ചിരുന്നതാ'; പ്രണവ് പ്രണയം പറയുന്ന രംഗത്തെ കുറിച്ച് ബാലചന്ദ്ര മേനോൻ
തിരുവനന്തപുരം: പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് ഹൃദയം. തിയറ്ററുകളിൽ നിറഞ്ഞ പ്രദർശനം തുടരുന്നതിനിടെ 'ഹൃദയം' ഒടിടിയിലും റിലീസ് ചെയ്തിരുന്നു. ചിത്രത്തെ കുറിച്ചുള്ള ചർച്ചകൾ ഇപ്പോഴും തുടരുകയാണ്. പേര് പോലെ പ്രേക്ഷക ഹൃദയത്തിലേക്കാണ് സിനിമ കയറിച്ചെന്നതെന്നതാണ് പ്രേക്ഷകരുടെ വിലയിരുത്തൽ.
സിനിമയിൽ പ്രണവിന്റെ കഥാപാത്രം ദർശനയോട് പറയുന്ന 'ദർശന നീ മുടികെട്ടിവെക്കേണ്ട, മുടിയഴിച്ചിട്ടാൽ നിന്നെ കാണാൻ അടിപൊളിയാണ്,' എന്ന ഡയലോഗ് പറയാത്തവരായി ആരും തന്നെയില്ല.
ഇപ്പോഴിതാ ആ ഡയലോഗ് മോഹൻലാൽ 40 വർഷങ്ങൾക്ക് മുമ്പ് ഉപയോഗിച്ചിരുന്നതാണെന്ന് പറയുകയാണ് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത് 1982ൽ പ്രദർശനത്തിന് എത്തിയ ചിത്രമായിരുന്നു 'കേൾക്കാത്ത ശബ്ദം'. മോഹൻലാലായിരുന്നു ബാലചന്ദ്ര മേനോൻ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. സിനിമയിൽ താൻ ഉപയോഗിച്ച ഒരു ടെക്നിക് 'ഹൃദയ'ത്തിലും കാണാമെന്നാണ് ബാലചന്ദ്ര മേനോൻ പറയുന്നത്.
ഹൃദയത്തിലെ ഒരു ട്രെയിലർ താൻ കണ്ടു. അതിനകത്ത് പ്രണവും ദർശന എന്ന കുട്ടിയും കാണുന്ന രംഗമുണ്ട്. പ്രണവ് ദർശനയോട് പറയുന്ന ഒരു ടെക്നിക് ഉണ്ട്. ഇത് ഞാൻ 'കേൾക്കാത്ത ശബ്ദ'ത്തിൽ മോഹൻലാലിന്റെ കഥാപാത്രത്തിന് വേണ്ടി ഉപയോഗിച്ചിട്ടുണ്ടെന്ന് ഓർമ വന്നപ്പോൾ വലിയ ത്രില്ലായി. നാൽപത് വർഷം മുമ്പ് താൻ ഉപയോഗിച്ച ഒരു സൈക്കോളജിക്കൽ ട്രീറ്റ്മെന്റ് ഇപ്പോൾ മറ്റൊരു ചിത്രത്തിൽ കാണുകയെന്ന് പറയുമ്പോൾ അങ്ങേയറ്റം സന്തോഷമുണ്ടായി.
നമ്മുടെ ചിന്തകൾക്ക് വീണ്ടും ഒരു പ്രസക്തിയുണ്ടെന്ന് വരുമ്പോൾ നിങ്ങളുമായി പങ്കുവയ്ക്കണമെന്ന് തോന്നി. അനുനരണങ്ങൾ പോലെയാണ്. പ്രണവിനെയും വിനീത് ശ്രീനിവാസനെയും താൻ അഭിനന്ദിക്കുന്നുവെന്നും ബാലചന്ദ്ര മേനോൻ പറയുന്നു. 'ഈ പച്ചസാരി നല്ല ചേർച്ചയുണ്ട്, പൂർണിമയ്ക്ക് നിറമുള്ളതോണ്ടാ' എന്ന് മോഹൻലാൽ 'കേൾക്കാത്ത ശബ്ദ'ത്തിൽ പറയുന്ന രംഗവും ചേർത്തുള്ള വീഡിയോ ബാലചന്ദ്ര മേനോൻ പങ്കുവെച്ചിട്ടുണ്ട്.
'കേൾക്കാത്ത ശബ്ദം' എന്ന ചിത്രത്തിൽ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായിരുന്നു മോഹൻലാൽ അവതരിപ്പിച്ചത്. നെടുമുടി വേണു ആയിരുന്നു ചിത്രത്തിൽ നായക കഥാപാത്രമായി എത്തിയത്. ബാലചന്ദ്ര മേനോൻ തന്നെ ചിത്രത്തിന് തിരക്കഥ എഴുതി. ജോൺസൺ ആയിരുന്നു ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത്.
മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് 'ഹൃദയം' നിർമ്മിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസൻ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സിത്താര സുരേഷാണ്. നോബിൾ ബാബു തോമസാണ് ചിത്രത്തിന്റെ സഹ നിർമ്മാണം. അശ്വിനി കലെയാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ.
പ്രണവ് മോഹൻലാലിന് പുറമേ ദർശന, കല്യാണി പ്രിയദർശൻ, അരുൺ കുര്യൻ, പ്രശാന്ത് നായർ, ജോജോ ജോസ് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു. 'ജേക്കബിന്റെ സ്വർഗ്ഗരാജ്യ'മെന്ന ചിത്രം പുറത്തിറങ്ങി ആറ് വർഷത്തിനു ശേഷമാണ് വിനീത് ശ്രീനിവാസന്റെ 'ഹൃദയം' എത്തിയത്. 'ഹൃദയം' എന്ന ചിത്രത്തിലെ ഗാനങ്ങൾ റിലീസിന് മുന്നേ വൻ ഹിറ്റായിരുന്നു. 'ദർശന'യെന്ന ഗാനം മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഹിറ്റുകളിൽ ഒന്നായി മാറി. വളരെ കൃത്യമായിട്ടാണ് ചിത്രത്തിലെ ഓരോ ഗാനവും ഉൾപ്പെടുത്തിയിരിക്കുന്നത് എന്നുമാണ് അഭിപ്രായങ്ങൾ.
ന്യൂസ് ഡെസ്ക്