ഷിക്കാഗോ: വർഷത്തിലെ ഏറ്റവും തിരക്കേറിയ ദിനങ്ങളിൽ വീശിയടിച്ച ടൊർണാഡോയിൽ 43 പേരോളം കൊല്ലപ്പെട്ടതിനു പിന്നാലെ വളരെ വിരളമായി കണ്ടുവരുന്ന വിന്റർ ടൊർണാഡോ വീശുമെന്ന് മുന്നറിയിപ്പ്. മഞ്ഞുവീഴ്ചയും ആലിപ്പഴവും പരക്കെ ഗതാഗത തടസം സൃഷ്ടിച്ചിരിക്കുകയാണ് രാജ്യമെങ്ങും.

അലബാമ, മിസിസ്സിപ്പി, ഫ്‌ലോറിഡ എന്നിവിടങ്ങളിൽ വരും ദിവസങ്ങളിൽ വിന്റർ ടൊർണാഡോ വീശുമെന്നാണ് കാലാവസ്ഥാ ഉദ്യോഗസ്ഥർ പറഞ്ഞിരിക്കുന്നത്. ഇതുവരെ വീശിയതിലും ശക്തമായ ടൊർണാഡോയാണ് വരും ദിവസങ്ങളിൽ വീശുന്നതെന്നാണ് മുന്നറിയിപ്പ്. മൂവായിരത്തോളം വിമാനസർവീസുകളാണ് ഇതേത്തുടർന്ന് റദ്ദാക്കിയിരിക്കുന്നത്. നാലായിരത്തോളം സർവീസുകൾ വൈകുമെന്നും അറിയിപ്പുണ്ട്.

ഷിക്കാഗോ മേഖലയിലുള്ള എയർപോർട്ടുകളാണ് കൂടുതലായും മോശം കാലാവസ്ഥയെ തുടർന്ന് സർവീസുകൾ വൈകിപ്പിച്ചിരിക്കുന്നതും റദ്ദാക്കിയിരിക്കുന്നതും. മഞ്ഞുപാളികളും ആലിപ്പഴ വീഴ്ചയും എല്ലാ വിധ ഗതാഗത സൗകര്യത്തേയും അലങ്കോലമാക്കിയിരിക്കുകയാണ്.

തെക്ക് പടിഞ്ഞാറൻ വിൻകോൻസിൻ, തെക്ക് കിഴക്കൻ മിന്നസോട്ട എന്നിവിടങ്ങളിൽ ഒരടിയോളം കനത്തിലാണ് മഞ്ഞുവീണു കിടക്കുന്നത്. ലോവ, നെബ്രാസ്‌ക, മിസൗറി മേഖലകളിൽ മഞ്ഞുവീഴ്ച ശക്തമായിട്ടുണ്ട്. ഈസ്റ്റേൺ മിസിസിപ്പി, സതേൺ ഇല്ലിനോയ്‌സ് എന്നിവിടങ്ങളിൽ മിന്നൽപ്രളയത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ഇവിടങ്ങളിൽ കഴിഞ്ഞ ദിവസം 13 പേരാണ് മിന്നൽപ്രളയത്തെ തുടർന്ന് മരിച്ചത്.