കുവൈത്ത്: കഴിഞ്ഞ പതിനാല് വർഷമായി കുവൈത്തിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമായ നാഷണൽ ഫോറം (നാഫോ) കുവൈറ്റിന്റെ 15-ാം വാർഷികാഘോഷ പരിപാടികൾ 'രാരീരം' എന്ന പേരിൽ ആഘോഷിക്കുന്നു. ഈമാസം 12നു (വ്യാഴം) വൈകുന്നേരം ആറു മുതൽ മൈദാൻ ഹവല്ലി, അമേരിക്കൻ ഇന്റർനാഷണൽ സ്‌കൂളിലാണ് ആഘോഷ പരിപാടികൾ.

നാഫോ പ്രസിഡന്റ് ഒ.എൻ നന്ദകുമാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ജീവസാഗർ മുഖ്യാതിഥിയായി പങ്കെടുക്കും. ഇൻസ്ട്രുമെന്റൽ മ്യൂസിക് ബാൻഡ് എന്ന നവീന ആശയവുമായി അവതരിപ്പിക്കപ്പെട്ട ബാൻഡ് ഓർഫിയോയുടെ ലൈവ് മ്യൂസിക് ഷോ, ആഘോഷപരിപാടികളുടെ ഭാഗമായി അരങ്ങേറും.

ഓസ്‌കാർ പുരസ്‌കാര ജേതാവ് എ.ആർ. റഹ്മാന്റെ മ്യൂസിക് ഷോകളിൽ സ്ഥിരസാന്നിധ്യമായ പ്രഗത്ഭ ആർട്ടിസ്റ്റുകളുടെ കൂട്ടായ്മയാണ് ബാൻഡ് ഓർഫിയോ. റഷ്യയിലെ ക്രംലിൻ പാലസിൽ നടക്കുന്ന ബ്രിസ്‌ക് അന്തർദേശീയ മ്യൂസിക് ഷോയിൽ പങ്കെടുക്കുക വഴി ആഗോള ശ്രദ്ധ നേടിയെടുത്ത ബാൻഡിൽ അന്തർ ദേശീയ താരങ്ങളും അണി നിരക്കും.

ഒൻപതോളം വൈവിധ്യവും സങ്കീർണവുമായ സംഗീത ഉപകരണങ്ങൾ സമന്വയിപ്പിച്ചു കൊണ്ട് പോപ്പ്, ഹിന്ദി, തമിഴ്, മലയാളം സിനിമാ ഗാനങ്ങൾ ഉൾപ്പെടുത്തികൊണ്ടായിരിക്കും ഈ ലൈവ് മ്യൂസിക് പ്രോഗ്രാം. ഇന്ത്യയിലും ഇതര രാജ്യങ്ങളിലും ദേശഭാഷകൾക്കും അതീതമായി സംഗീതപ്രേമികളുടെ മനസ് കീഴടക്കിയ ഓർഫിയോ കുവൈറ്റിൽ അവതരിപ്പിക്കുന്ന ആദ്യത്തെ ഷോ ആയിരിക്കും നാഫോ രാരീരം. പ്രവേശനം ക്ഷണക്കത്തുകൾ മുഖേനയായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
99531616, 97206792, 99559416, 99691431, 97202933