കോഴിക്കോട്: മലയാളി സോഫ്റ്റ്‌വേയർ എഞ്ചിനീയർ രസീല രാജു കൊല്ലപ്പെട്ട സംഭവത്തിൽ ഇൻഫോസിസിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി പെൺകുട്ടിയുടെ കുടുബാംഗങ്ങൾ രംഗത്ത്. രസീലയുടെ കൊലപാതകത്തിൽ സെക്യൂരിറ്റി ജീവനക്കാരനെ മാത്രം പ്രതിയാക്കി കൊണ്ട് കേസ് തേയ്ച്ചു മായ്ച്ചു കളയാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് രസീലയുടെ ബന്ധുക്കൾ പറഞ്ഞു. കേസിൽ സിബിഐ അന്വേഷണം നടത്തണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.

രസീലയെ കമ്പനി മാനേജർ പീഡിപ്പിച്ചിരുന്നതായി ബന്ധുക്കൾ ആരോപിച്ചു. ട്രാൻസ്ഫർ കാര്യത്തിൽ രസീലയും മാനേജരുമായി വാക്കുതർക്കമുണ്ടായിരുന്നു. ഇതിനു പ്രത്യാഘാതമുണ്ടാകുമെന്നു രസീലയെ മാനേജർ ഭീഷണിപ്പെടുത്തിയെന്നും രസീലയുടെ സഹോദരനും അമ്മാവനും വെളിപ്പെടുത്തി.

കൊലപാതകം നടത്തിയെന്ന് പറയുന്ന സെക്യൂരിറ്റി ജീവനക്കാരൻ ബാബൻ സൈക്കിയയുമായി എന്തെങ്കിലും പ്രശ്‌നമുണ്ടെന്നു രസീല പറഞ്ഞിട്ടില്ല. ഒന്നിലധികം ആളുകൾ ചേർന്നാണ് കൊലനടത്തിയത്. ഒരാൾക്കു മാത്രമായി ഈ രീതിയിൽ കൊല ചെയ്യാനാകില്ലെന്നും ബന്ധുക്കൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

ബന്ധുവായ അഞ്ജലിയുമായാണ് രസീല ഒടുവിൽ സംസാരിച്ചത്. 'ആരോ വരുന്നുണ്ട്, ഞാൻ തിരിച്ചുവിളിക്കാം' എന്നായിരുന്നു രസീല അഞ്ജലിയോട് അവസാനമായി പറഞ്ഞത്. ഇതിനുശേഷം രസീല വിളിച്ചില്ല. ഈ സംഭാഷണത്തിന് പിന്നാലെ രസീല കൊല്ലപ്പെട്ടുവെന്നാണ് കരുതുന്നത്.

കമ്പനി മാനേജർ നിരന്തരം ഭീഷണിപെടുത്തിയിരുന്നതായി കൊല്ലപെടുന്നതിന് മൂന്ന് ദിവസം മുൻപ് രസീല പരാതിപെട്ടിരുന്നുവെന്നാണ് ബന്ധുക്കൾ വ്യക്തമാക്കുന്നത്. ടീം ലഞ്ചിന് പോകാൻ വിസമ്മതിച്ചതിനു ശേഷം മാനേജർ തനിക്ക് അധിക ജോലി ഭാരം നൽകുന്നുവെന്ന് രസീല പരാതിപെട്ടതായാണ് രസീലയുടെ അച്ചൻ രാജു പറഞ്ഞത്. പിന്നീട് ബംഗ്ളൂരിലേക്ക് ജോലിമാറ്റം ആവശ്യപെട്ട രസീലയെ മാനേജർ ഭീഷണിപെടുത്തിയെന്നും ബന്ധുക്കൾ പറഞ്ഞു.

രസീലയുടെ മരണവിവരം അറിയിച്ചത് വൈകിയാണെന്നും ബന്ധുക്കൾ ആരോപിക്കുന്നു. മരണാനന്തര ചടങ്ങുകൾക്കു ശേഷം പൂണെയിലെത്തി മാനേജർക്കെതിരെ പരാതി നൽകാനാണ് ബന്ധുക്കളുടെ തീരുമാനം.

രസീലയുടെ പോസ്റ്റ് മാർട്ടം റിപ്പോർട്ടിൽ മരണത്തിനു മുൻപ് പ്രതിയുമായി പിടിവലി ഉണ്ടായതായി പറയുന്നും. രസീലയുടെ നെഞ്ചത്തും മുഖത്തും ശക്തിയായി പ്രഹരമേറ്റിട്ടുണ്ട്. ഇടതു തോളിൽ കടിയേറ്റതിന്റെയും പാടുകളുണ്ട്. ഇത് പിടിവലി നടന്നിട്ടുണ്ടെന്നതിന് തെളിവാണെന്ന് പോസ്റ്റ് മാർട്ടം റിപ്പോർട്ടിൽ പറയുന്നു. എന്നാൽ സംഭവസ്ഥലം ഇതുവരെ ഫോറൻസിക് വിദഗ്ദരെ കൊണ്ട് പരിശോധിപ്പിക്കാത്ത പൊലീസിന്റെ നടപടി ദുരൂഹതയുണർത്തുന്നതാണ്.

ഞായറാഴ്ചയാണ് ഇൻഫോസിസിന്റെ പൂണെയിലെ ഹിഞ്ചേവാഡി ക്യാമ്പസിൽ രസീലയെ കൊല്ലപെട്ട നിലയിൽ കണ്ടെത്തിയത്. തുറിച്ചു അവധിയായിട്ടും ഒരു പ്രൊജക്ടുമായി ബന്ധപെട്ട് ഉച്ചക്ക് രണ്ടിന് ഓഫീസിലെത്തിയ രസീലയെ സെക്യൂരിറ്റി ജീവനക്കാരൻ കൊലപെടുത്തിയെന്നാണ് പൊലീസ് ഭാഷ്യം. തുറിച്ചു നോട്ടം പരാതിപെടുമെന്ന് പറഞ്ഞതിന്റെ ദേഷ്യം തീർക്കാനാണ് കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്.