- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബസ് ശരിക്ക് ഓടിക്കാൻ അറിയില്ലെ; കെ എസ് ആർ ടി സി ഡ്രൈവർമാർക്കും ഇനി ഇളവില്ല; നടപടികൾ ആവിഷ്കരിച്ച് മോട്ടോർ വാഹന വകുപ്പ്; പുതിയ നീക്കം കെ.എസ്.ആർ.ടി.സി. ഡ്രൈവർമാർക്കെതിരെ പരാതി വ്യാപകമാകുന്ന സാഹചര്യത്തിൽ
തിരുവനന്തപുരം: കെ എസ് ആർ ടി സി ഡ്രൈവർമാരുടെ പിഴവ്മൂലം ഉണ്ടാകുന്ന അപകടമരണങ്ങൾ വ്യാപകമാകുമ്പോഴും അത്തരക്കാർക്കെതിരെ നടപടിയില്ലെന്ന ആക്ഷേപം ശക്തമായിരുന്നു.ഈ സാഹചര്യത്തിൽ വീഴ്ച്ചവരുത്തുന്ന കെഎസ്ആർടി സി ഡ്രൈവർമാർക്കെതിരെകൂടി നടപടിയെടുക്കാൻ മോട്ടോർവാഹന വകുപ്പിന്റെ രംഗത്തെത്തുന്നു.സംസ്ഥാനത്തെ എല്ലാ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ. മാർക്കാണ് നടപടിക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.
സ്വകാര്യ ബസുകളെ അപേക്ഷിച്ച് കെ.എസ്.ആർ.ടി.സി. ബസ് മൂലം ഉണ്ടാകുന്ന അപകടങ്ങൾ കുറവാണ്. എന്നാൽ കെ.എസ്.ആർ.ടി.സി.യുടെയും സ്വകാര്യ ബസുകളുടെയും ആകെ എണ്ണം വെച്ച് കണക്കാക്കുമ്പോൾ അപകട മരണ നിരക്ക് കെ.എസ്.ആർ.ടി.സി.ക്ക് കൂടുതലാണ് എന്നാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. സർക്കാർ വാഹനം എന്ന നിലയിൽ ചില ഡ്രൈവർമാർ ധാർഷ്ട്യം കാണിച്ച് വാഹനം ഓടിക്കാറുണ്ടെന്നും അവർ പറയുന്നു. ഇതിനെതിരെ ജനങ്ങളിൽ നിന്ന് വ്യാപക പരാതിയും ഉയർന്നിരുന്നു. ഇത്തരം ഡ്രൈവർമാർക്ക് ചെറിയ ചില ശിക്ഷകൾ നൽകാറുണ്ടെങ്കിലും അവയൊന്നും തന്നെ കാര്യക്ഷമമാകാറില്ലെന്നും ജനങ്ങൾ ആരോപിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് മോട്ടോർ വാഹനവകുപ്പിന്റെ നടപടി.കോവിഡ് പ്രതിസന്ധിയും ലോക്ഡൗണും നിലനിന്നിരുന്ന കഴിഞ്ഞ വർഷം 296 അപകടങ്ങളാണ് കെ.എസ്.ആർ.ടി.സി. ബസുകൾ മൂലം ഉണ്ടായത്. ഇതിലായി ആകെ 52 പേർ മരണപ്പെടുകയും 303 പേർക്ക് പരിക്കുപറ്റുകയും ചെയ്തു. സ്വകാര്യ ബസുകൾ മൂലം 713 അപകടങ്ങളാണ് ഉണ്ടായത്. അപകടങ്ങളിലായി 105 പേർ മരണപ്പെടുകയും 903 പേർക്ക് പരിക്കുപറ്റുകയും ചെയ്തു.
പുതിയ നീക്കം പ്രഖ്യാപിച്ചപ്പോൾ തന്നെ അമർഷവുമായി കെ.എസ്.ആർ.ടി.സി. ജീവനക്കാർ രംഗത്തെത്തിക്കഴിഞ്ഞു.കോർപ്പറേഷൻ തന്നെ അപകടങ്ങൾ കുറയ്ക്കാനുള്ള നടപടികൾ എടുത്തുവരുന്നുണ്ട്. ഡ്രൈവർമാരുടെ ജോലിഭാരം കുറയ്ക്കാൻ ഡ്യൂട്ടി സമ്പ്രദായങ്ങളിൽ അടക്കം ക്രമീകരണമുണ്ട്. ഇതോടൊപ്പം ബ്രത്ത് അനലൈസർ വെച്ച് പരിശോധന നടത്തി ഡ്രൈവറും കണ്ടക്ടറും മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പു വരുത്തുന്ന സംവിധാനവും. ഇപ്പോഴത്തെ സാഹചര്യത്തിൽ എന്തിനാണ് ഇത്തരം ഒരു നടപടിയെന്നാണ് കെ.എസ്.ആർ.ടി.സി. ജീവനക്കാർ ചോദിക്കുന്നത്.
മാത്രമല്ല കെ.എസ്.ആർ.ടി.സി.ക്കെതിരേ നടപടിയെടുക്കാൻ അറിയിച്ചുകൊണ്ട് മാർച്ച് 25-ന് പുറത്തിറങ്ങിയ ഉത്തരവിൽ പറയുന്നത് ഒരു വ്യക്തിയുടെ ഇ-മെയിൽ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ്. ഒരു ഇ-മെയിൽ പരാതി മാത്രം പരിഗണിച്ച് കെ.എസ്.ആർ.ടി.സി. പോലുള്ളൊരു സ്ഥാപനത്തിനെതിരേ നടപടിക്കൊരുങ്ങുന്നത് ശരിയല്ലെന്നാണ് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നത്
മറുനാടന് മലയാളി ബ്യൂറോ