- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൈലറ്റിന്റെ മൊബൈൽ ഫോൺ തുണയായി; വിമാനം തകർന്നുവീണ സ്ഥലം കണ്ടെത്തി നേപ്പാൾ സൈന്യം; വിമാനത്തിലുണ്ടായിരുന്നത് മൂംബൈയിലെ ഒരു കുടുംബത്തിലെ നാലുപേർ; തിരച്ചിലിന് വിഘാതമായി പ്രദേശത്തെ കനത്ത മഞ്ഞുവീഴ്ച്ചയും
കാഠ്മണ്ഡു: നേപ്പാളിലുണ്ടായ വിമാനാപകടത്തിലെ മൃതദേഹങ്ങൾക്കായുള്ള തിരച്ചിൽ തുടരുന്നു. ഇന്നു പുലർച്ചയോടെയാണ് വിമാനാവശിഷ്ടങ്ങൾ കരസേന കണ്ടെത്തിയത്. തിരച്ചിൽ സംഘം വിമാനം തകർന്നുവീണിടത്ത് എത്തിപ്പെട്ടെന്നാണ് വിവരം. 22 പേരുണ്ടായിരുന്ന വിമാനത്തിൽ രണ്ടു ജർമ്മൻ സ്വദേശികളും മുംബൈയിലെ നാലു പേരടങ്ങുന്ന കുടുംബവും ഉണ്ടായിരുന്നു. എല്ലാവരും കൊല്ലപ്പെട്ടെന്ന നിഗമനത്തിലാണ് നേപ്പാൾ വ്യോമയാന വകുപ്പ്. 19 യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് വിമാനത്തിലു ണ്ടായിരുന്നത്. മുസ്താംഗ് ജില്ലയിലെ സാനോസ്വാരേ മലനിരകളിലാണ് വിമാനം തകർത്തുവീണത്.
വിമാനം തകർന്നുവീണ പ്രദേശം ഞായറാഴ്ച തിരിച്ചറിഞ്ഞിരുന്നുവെങ്കിലും ശക്തമായ മഞ്ഞുവീഴ്ചയുടെ പശ്ചാത്തലത്തിൽ രാത്രിയോടെ തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ തിരച്ചിൽ പുനരാരംഭിച്ചപ്പോഴാണ് വിമാനാവശിഷ്ടങ്ങൾ കണ്ടെത്തിയത്. വിമാനാവശിഷ്ടങ്ങളുടെ ചിത്രം നേപ്പാൾ സൈന്യം പുറത്തുവിട്ടു. എന്നാൽ യാത്രക്കാരെ കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമല്ല. തിരച്ചിൽ തുടരുകയാണെന്നും കൂടുതൽ വിവരങ്ങൾ വൈകാതെ വ്യക്തമാക്കുമെന്നും നേപ്പാൾ സൈനിക വക്താവ് ട്വീറ്റ് ചെയ്തു.
കാഠ്മണ്ഡു ആസ്ഥാനമായ താരാ എയറിന്റെ ചെറുവിമാനമാണ് അപകടത്തിൽപ്പെട്ടത്. 43 വർഷം പഴക്കമുള്ള 9 എൻ-എഇടി ഇരട്ട എൻജിൻ വിമാനമാണിത്. നേപ്പാളിലെ പൊഖാറയിൽനിന്നും ജോംസമിലേക്ക് രാവിലെ 9.55ഓടെയാണ് വിമാനം യാത്ര പുറപ്പെട്ടത്. 15 മിനിറ്റുകൾക്കകം എയർ ട്രാഫിക് കൺട്രോളുമായുള്ള വിമാനത്തിന്റെ ബന്ധം നഷ്ടമാവുകയായിരുന്നു. നാല് ഇന്ത്യക്കാരെക്കൂടാതെ രണ്ട് ജർമൻ പൗരന്മാരും 13 നേപ്പാളി യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരായ നാല് ഇന്ത്യക്കാരും മുംബൈ സ്വദേശികളാണെന്ന് വിവരം.
തകർന്ന് വീണ വിമാനാവശിഷ്ടങ്ങൾ കണ്ടെത്താൻ സഹായിച്ചത് പൈലറ്റായിരുന്ന ക്യാപ്റ്റൻ പ്രഭാകർ ഗിമിറിന്റെ മൊബൈൽ ഫോൺ ആണെന്ന് പ്രാദേശിക മാധ്യമങ്ങളേയും ഉദ്യോഗസ്ഥരേയും ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. പ്രഭാകർ ഗിമിറിന്റെ സെൽഫോൺ ബെല്ലടിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ് നേപ്പാൾ സൈന്യം ടെലികോം വകുപ്പിന്റെ സഹായം തേടുകയായിരുന്നു. തുടർന്ന് ജിപിഎസ് ഉപയോഗിച്ച് വിമാനം തകർന്നുവീണ പ്രദേശം കണ്ടെത്തുകയായിരുന്നു എന്ന് കാഠ്മണ്ഡു ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജനറൽ മാനേജറായ പ്രേം നാഥ് താകൂർ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ലോകപ്രസിദ്ധമായ മലകയറ്റ മേഖലയായ ജോംസോമിലേക്ക് ഇന്നലെ രാവിലെ 9.55നാണ് പൊഖ്രയിൽ നിന്നും പുറപ്പെട്ടത്. പറന്നുപൊങ്ങി 15 മിനിറ്റിനകം വിമാനത്താവളവുമായുള്ള ബന്ധം വിഛേദിക്കപ്പെടുകയായിരുന്നു. 2016ൽ ഇതേ മേഖലയിൽ 23 പേർ കൊല്ലപ്പെട്ടതിന് ശേഷം നടക്കുന്ന രണ്ടാമത്തെ അപകടമാണിത്. നേപ്പാളിലെ അപകടത്തെ തുടർന്ന് യൂറോപ്യൻ രാജ്യങ്ങൾ അവരുടെ വിമാനങ്ങളുടെ നേപ്പാൾ യാത്ര താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
മറുനാടന് മലയാളി ബ്യൂറോ