കുവൈത്ത് സിറ്റി: സുഹൃത്തിന്റെ ചതിയിൽപ്പെട്ട് കുവൈത്തിലേക്ക് പാർസൽ വഴി മയക്കുമരുന്ന് കടത്തിയ കേസിൽ മലയാളി യുവാവിന് അഞ്ചു വർഷം തടവിനും 5,000 ദീനാർ പിഴയടക്കാനുമുള്ള ക്രിമിനൽ കോടതി വിധി അപ്പീൽ കോടതിയും ശരിവച്ചു.

സുഹൃത്തിന്റെ ചതിയിൽപ്പെട്ടാണ് മലയാളി യുവാവ് കുവൈറ്റിലേക്ക് പാർസൽ വഴി മയക്കു മരുന്ന് കടത്തിയത്. കാസർകോട് കാഞ്ഞങ്ങാട് മീനാപ്പീസിൽ ചേലക്കാടത്ത് റാഷിദിനാണ് ഈ ദുരനുഭവം ഉണ്ടായിരിക്കുന്നത്.

ഈവർഷം ഏപ്രിലിൽ ക്രിമിനൽ കോടതി വിധിച്ച ശിക്ഷയാണ് തിങ്കളാഴ്ച ചേർന്ന ജസ്റ്റിസ് വാഇൽ അതീഖിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ശരിവച്ചത്. 2014 ജൂൺ 25നാണ് അവധി കഴിഞ്ഞ് തിരിച്ചു വരുകയായിരുന്ന റാഷിദിന്റെ ലഗേജിൽനിന്ന് കുവൈത്ത് വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗം മയക്കുമരുന്ന് അടങ്ങിയ പൊതി കണ്ടെടുത്തത്. തുടർന്ന്, റാഷിദിനെ ആന്റി നാർകോട്ടിക് സെല്ലിന് കൈമാറുകയും അവർ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. താൻ നിരപരാധി യാണെന്നും സുഹൃത്ത് കുടുക്കിയതാണെന്നും റാഷിദ് പറഞ്ഞിരുന്നു.

സുഹൃത്തും കണ്ണൂർ മാട്ടൂൽ സ്വദേശിയുമായ ഫവാസ് ആണ് കുവൈത്തിലേക്ക് വരുമ്പോൾ ഒരു പാർസൽ കൊണ്ടുവരണമെന്ന് റാഷിദിനെ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടത്. കണ്ണൂർ പുതിയങ്ങാടി സ്വദേശി നസീം മുസ്തഫയാണ് പാർസൽ കോട്ടച്ചേരി റെയിൽവേ ഗേറ്റിനടുത്തുവച്ച് റാഷിദിനെ ഏൽപിച്ചത്. ഈ പാർസലാണ് റാഷിദിനെ കുടുക്കിയത്.

കുവൈത്തിലുണ്ടായിരുന്ന ഫവാസ് നാട്ടിലേക്ക് കടന്നുവെന്നാണ് കരുതുന്നതെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. റാഷിദ് നിരപരാധിയാണെന്ന് മനസ്സിലായതോടെ കുവൈത്തിലെ സുഹൃത്തുക്കളും നാട്ടുകാരും സാമൂഹിക, സാംസ്‌കാരിക പ്രവർത്തകരും ചേർന്ന് മോചനത്തിനുള്ള ശ്രമം നടത്തുന്നതിന് ജനകീയ സമിതി രൂപവത്കരിച്ചിരുന്നു. ഈ സമിതി ഏർപ്പാടാക്കിയ അഭിഭാഷകനാണ് റാഷിദിനായി കേസ് വാദിച്ചത്. അപ്പീൽ കോടതിയും വിധി ശരിവച്ചതോടെ സുപ്രീംകോടതിയിൽ അപ്പീൽ ഫയൽ ചെയ്യാനുള്ള ശ്രമത്തിലാണ് ജനകീയ സമിതി.